സ്ത്രീ യാത്രക്കാർക്കായി കെഎസ്ആർടിസിയുടെ പിങ്ക് ബസ് വരുന്നു
ചാത്തന്നൂർ: വനിതാ യാത്രക്കാർക്കായി കെഎസ്ആർടിസിയുടെ പിങ്ക് ബസുകൾ ഉടൻ നിരത്തിലിറങ്ങും. പിങ്ക് ബസുകളിലെ ജീവനക്കാരും സ്ത്രീകളായിരിക്കും. ഫാസ്റ്റ് പാസഞ്ചറിന്റെ കളർ ഡിസൈനായിരിക്കും. പക്ഷേ ചുവപ്പിന് പകരം പിങ്ക് കളറായിരിക്കും. ഫാസ്റ്റ് പാസഞ്ചർ ബസിന്റെ കനത്ത മഞ്ഞ ഡിസൈനും മധ്യഭാഗത്തുണ്ടായിരിക്കും.
ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം സിറ്റിയിലും പരിസര പ്രദേശങ്ങളിലുമായിരിക്കും പിങ്ക് ബസ് സർവീസ് . ക്രമേണ മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി. കെ എസ് ആർടിസിയിൽ വനിതാ ഡ്രൈവർമാർ വിരലിലെണ്ണാവുന്നവരേ ഉള്ളൂ. വനിതാ കണ്ടക്ടർമാർ ധാരാളമുണ്ട്. പിങ്ക് ബസ് സർവീസുകൾ നടത്തുന്നതിന് കൂടുതൽ വനിതാ ഡ്രൈവർമാരെ ആവശ്യമുണ്ട്.
കൂടുതൽ വനിതാ ഡ്രൈവർ കം കണ്ടക്ടർമാരെ നിയമിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസുള്ള വനിതകൾക്ക് പ്രായ പരിധിയിൽ ഇളവ് നല്കിയും ലൈറ്റ് വെഹിക്കിൾ ലൈസൻസ് ഉള്ള വനിതകൾക്ക് പ്രത്യേകം പരിശീലനം നല്കിയും നിയമിക്കാനാണ് കെഎസ്ആർടിസിയുടെ ശ്രമം. ഇതിനുളള അപേക്ഷകൾ കഴിഞ്ഞ മാസം ക്ഷണിച്ചിരുന്നു.
നിയമനത്തിനും പരിശീലനം നല്കുന്നതിനുമുള്ള നീക്കം സജീവമാണ്. പിങ്ക് ബസിൽ നിയോഗിക്കാനാണെന്ന് വ്യക്തമാക്കാതെയായിരുന്നു അപേക്ഷകൾ ക്ഷണിച്ചത്.പിങ്ക് ബസിലെ യാത്രക്കാരും ജീവനക്കാരും സ്ത്രീകളായതിനാൽ കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കാനാവും എന്നാണ് കെഎസ്ആർടിസിയുടെ നിഗമനം.
വർഷങ്ങൾക്ക് മുമ്പ് കോളേജ് – ഓഫിസ് സമയങ്ങളിൽ കെഎസ്ആർടിസി ലേഡീസ് ഒൺലി സർവീസ് നടത്തിയിരുന്നു. നല്ല തിരക്കായിരുന്നു ഈ ബസുകളിൽ . എന്നാൽ പിന്നീട് ലേഡീസ് ഒൺലി സർവീസുകൾ കെ എസ്ആർടിസി നിർത്തുകയായിരുന്നു. അതിന്റെ പരിഷ്കരിച്ച പതിപ്പാണ് പിങ്ക് സർവീസുകളായി നിരത്തുകളിലെത്തുന്നത്.
Post a Comment