കൈക്കുഞ്ഞും അമ്മയും നോക്കിനിൽക്കെ പൊലീസ് ബലംപ്രയോഗിച്ച് യുവാവിനെ കാറിൽ നിന്ന് വലിച്ചിറക്കി കസ്റ്റഡിയിലെടുത്തു; പിന്നീട് വിട്ടയച്ചു
കാസർകോട് :കുമ്പള ടോൾ പ്ലാസയിൽ യുവാവിനെതിരെ പൊലീസ് അതിക്രമമെന്ന് പരാതി. ആറ് മാസമുള്ള കുഞ്ഞും സ്ത്രീകളുമുള്ളപ്പോൾ കാറിൽ നിന്ന് പൊലീസ് വലിച്ചിറക്കി കസ്റ്റഡിയിലെടുത്തെന്ന് ബോവിക്കാനം സ്വദേശി റിയാസ് ആരോപിച്ചു. കുമ്പള പൊലീസിനെതിരെയാണ് റിയാസിന്റെ പരാതി. ടോൾ ജീവനക്കാരുമായി യുവാവ് തർക്കത്തിൽ ഏർപ്പെട്ടതാണ് പൊലീസിനെ പ്രകോപിപ്പിച്ചതെന്ന് നാട്ടുകാർ പറയുന്നു. ടോൾ നൽകിയിട്ടും വാഹനത്തിൽ ടോൾ ബാർ വീണതാണ് തർക്കത്തിന് കാരണം.
കാറിൽ നിന്ന് യുവാവിനെ പൊലീസ് വലിച്ചിറക്കുന്നതും നാല് പൊലീസുകാർ ചേർന്ന് റിയാസിനെ എടുത്തുകൊണ്ടുപോയി പൊലീസ് വാഹനത്തിൽ കയറ്റുന്നതിൻ്റെയും ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. എന്നാൽ കുമ്പള ടോൾ പ്ലാസയിൽ തർക്കമുണ്ടായപ്പോൾ, വാഹനം വശത്തേക്ക് മാറ്റി സംസാരിക്കാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും റിയാസ് തയ്യാറായില്ലെന്നാണ് മറുവാദം. ടോൾ അധികൃതരുമായുള്ള തർക്കത്തെ തുടർന്ന് യുവാവ് വാഹനം മാറ്റുകയോ വാഹനത്തിന്റെ താക്കോൽ നീക്കുകയോ ചെയ്തില്ല. ഗതാഗതക്കുരുക്കും മറ്റ് യാത്രക്കാർക്ക് അസൗകര്യവും ഉണ്ടായപ്പോഴാണ് ബലം പ്രയോഗിച്ച് റിയാസിനെ മാറ്റേണ്ടി വന്നതെന്ന് പൊലീസ് പറയുന്നു. പിന്നീട് റിയാസിനെയും വാഹനവും വിട്ടയച്ചുവെന്നും പോലീസ് അറിയിച്ചു.
Post a Comment