ഹിജാബ്, നിഖാബ്, ബുര്‍ഖ, മാസ്ക്; ധരിച്ചാല്‍ കടയിലേക്ക് പ്രവേശനമില്ല, സ്വര്‍ണ്ണക്കടകളില്‍ പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തി ബിഹാര്‍
പാറ്റ്ന: ബിഹാറിലെ സ്വർണ്ണക്കടകളില്‍ ഉപഭോക്താക്കള്‍ക്ക് പുതിയ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി. മോഷണങ്ങളും കവർച്ചകളും വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഓള്‍ ഇന്ത്യ ജ്വല്ലേഴ്സ് ആൻഡ് ഗോള്‍ഡ് ഫെഡറേഷൻ നല്‍കിയ നിർദ്ദേശപ്രകാരമാണ് ഈ തീരുമാനം.
ജനുവരി എട്ട് മുതല്‍ സംസ്ഥാനവ്യാപകമായി ഈ നിയമം പ്രാബല്യത്തില്‍ വരും. ഹിജാബ്, നിഖാബ്, ബുർഖ എന്നിവ ധരിച്ചവർക്കും മാസ്ക്, ഹെല്‍മറ്റ് എന്നിവ ഉപയോഗിച്ച് മുഖം പൂർണ്ണമായോ ഭാഗികമായോ മറച്ചിട്ടുള്ളവർക്കും ജ്വല്ലറികളില്‍ പ്രവേശനം അനുവദിക്കില്ല. മുഖം വ്യക്തമാക്കിയാല്‍ മാത്രമേ കടയ്ക്കുള്ളിലേക്ക് പ്രവേശനം നല്‍കൂ.
സ്വർണത്തിന്‍റെയും വെള്ളിയുടെയും വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ജ്വല്ലറികള്‍ ലക്ഷ്യമിട്ടുള്ള മോഷണങ്ങള്‍ വർദ്ധിച്ചിട്ടുണ്ട്. കടകളുടെയും ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ മുൻനിർത്തിയാണ് ഈ നടപടിയെന്ന് വ്യാപാരികള്‍ അറിയിച്ചു. പുതിയ നിയമം സ്ത്രീപുരുഷ ഭേദമന്യേ എല്ലാവർക്കും ബാധകമാണ്. മുഖം മറച്ചു വരുന്നവരുമായി യാതൊരുവിധത്തിലുള്ള ക്രയവിക്രയങ്ങളും നടത്തരുതെന്ന് കടയുടമകള്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.
'നോ എൻട്രി' പോസ്റ്ററുകള്‍
ഈ നടപടിയെ മതാടിസ്ഥാനത്തിലോ ജാതിയടിസ്ഥാനത്തിലോ കാണരുതെന്ന് സമസ്തിപൂർ എംപി ശാംഭവി ചൗധരി പറഞ്ഞു. ഇത് കേവലം സുരക്ഷാ മുൻകരുതല്‍ മാത്രമാണെന്നും അവർ വ്യക്തമാക്കി. പാറ്റ്ന, മുസാഫർപൂർ, ദർഭംഗ തുടങ്ങിയ നഗരങ്ങളിലെ കടകള്‍ക്ക് മുന്നില്‍ ഇതിനകം തന്നെ 'നോ എൻട്രി' പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഉത്തർപ്രദേശിലെ ഝാൻസി, മഥുര, അമേഠി തുടങ്ങിയ സ്ഥലങ്ങളിലും സമാനമായ നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. ഈ പുതിയ സുരക്ഷാ നയം കൃത്യമായ ഇടവേളകളില്‍ പുനഃപരിശോധിക്കുമെന്നും എന്നാല്‍ തല്‍ക്കാലം ഇത് കർശനമായി തുടരുമെന്നും ജ്വല്ലറി അസോസിയേഷനുകള്‍ അറിയിച്ചു.
إرسال تعليق