മുഖ്യമന്ത്രി സ്ഥാനത്തിൽ മറുപടിയുമായി വിഡി സതീശൻ; 'രാഷ്ട്രീയത്തിൽ ത്യാഗികള്‍ ഇല്ല, തനിക്ക് ത്യാഗിയാകാനും പറ്റും, പെരുന്തച്ചൻ കോംപ്ലക്സ് പാടില്ല'
തിരുവനന്തപുരം: കോൺഗ്രസിൽ പെരുന്തച്ചൻ കോംപ്ലക്സ് ആർക്കും പാടില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിക്കാൻ പറ്റുന്ന യുവാക്കൾക്കും സ്ത്രീകൾക്കും പരമാവധി സീറ്റ് നൽകുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് രാഷ്ട്രീയത്തിൽ ത്യാഗികൾ ഇല്ലെന്നും എന്നാൽ തനിക്ക് ത്യാഗിയാകാനും പറ്റുമെന്നും വിഡി സതീശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തെരഞ്ഞെടുപ്പിൽ നിന്ന് ഒരു വിഭാഗം മുതിർന്ന നേതാക്കൾ റിട്ടയർ ചെയ്യേണ്ടി വരും. 10 വർഷം കഴിയുമ്പോള്‍ താനും റിട്ടയർമെന്‍റിനെക്കുറിച്ച് ആലോചിക്കും. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻനിർത്തിയല്ല യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും വിഡി സതീശൻ പറഞ്ഞു. യുവാക്കള്‍ക്ക് പ്രധാന്യം നൽകികൊണ്ടായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുക. തെരഞ്ഞെടുപ്പിലൊരു യുവത്വവും തിളക്കവും ഉണ്ടാകും. എന്നാൽ, മുതിര്‍ന്ന നേതാക്കളെ പാടെ മാറ്റണമെന്നല്ല പറയുന്നതെന്നും അവര്‍ക്കും അര്‍ഹമായ പരിഗണന നൽകുമെന്നും ജയിക്കാൻ പറ്റുന്ന യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പരമാവധി സീറ്റ് നൽകുകയെന്നതാണ് തീരുമാനമെന്നും വിഡി സതശൻ പറഞ്ഞു. അങ്ങനെ വരുമ്പോള്‍ ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ റിട്ടയര്‍ ചെയ്യേണ്ടിവരും.
കോണ്‍ഗ്രസിൽ പെരുന്തച്ചൻ കോംപ്ലക്സ് ആര്‍ക്കും ഉണ്ടാകരുതെന്നും വിജയം ഒരാളുടേതല്ലെന്നും തോറ്റാൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാണെന്നും വിഡി സതീശൻ പറഞ്ഞു. യുഡിഎഫ് ചെയർമാൻ, പ്രതിപക്ഷ നേതാവ് എന്നീ നിലകളി ഉത്തരാവാദിത്തം തനിക്ക് കൂടുതലാണ്. മൂന്നാഴ്ചയ്ക്കുള്ളിൽ മുന്നണിക്കുള്ളിൽ സീറ്റ് വിഭജനം പൂർത്തിയാക്കും. നിലവിൽ 80 മുതൽ 85 സീറ്റിൽ യുഡിഎഫിനാണ് മേൽക്കൈയുള്ളത്. നിയമസഭയിൽ 100ലധികം സീറ്റ് നേടി അധികാരത്തിലെത്തും. ഫ്രീബീസ് അല്ല യുഡിഎഫിന്‍റെ ഫോക്കസ് എന്നും എൽഡിഎഫ് തകർത്ത കേരളത്തെ കരകയറ്റാൽ ബദൽ അവതരിപ്പിക്കുമെന്നും ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ പറഞ്ഞ് വോട്ട് ചോദിക്കുമെന്നും വിഡി സതീശൻ പറഞ്ഞു
Post a Comment