ലഹരിയില്‍ ഉലയുന്ന കണ്ണൂര്‍! യുവാക്കളും സ്ത്രീകളും ഉള്‍പ്പെടെ 765 പ്രതികള്‍ പിടിയില്‍
കണ്ണൂർ: മയക്കുമരുന്ന് വില്‍പനയ്ക്കെതിരെ പോലീസും എക്സൈസും റെയ്ഡ് ശക്തമാക്കുമ്ബോഴും കണ്ണൂരില്‍ ലഹരി വില്‍പനയ്ക്കിടെ പിടിയിലാകുന്നവരുടെ എണ്ണം കുത്തനെ കൂടുന്നതായി റിപ്പോർട്ട്.
2025-ല്‍ ലഹരി വില്‍പനയ്ക്കിടെ പിടിയിലായവരുടെ എണ്ണത്തില്‍ വലിയ വർധനവാണുണ്ടായത്. 2025 ജനുവരി ഒന്നു മുതല്‍ ഡിസംബർ 31 വരെയുള്ള കാലയളവില്‍ ജില്ലയില്‍ 758 മയക്കുമരുന്ന് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 765 പ്രതികള്‍ പിടിയിലായിട്ടുണ്ട്.
ലഹരിക്കേസുകളില്‍ പിടിയിലാകുന്നവരില്‍ ഭൂരിഭാഗവും 20-നും 35-നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ്. ഇവർക്കൊപ്പം വനിതകള്‍ പ്രതികളായ കേസുകളിലും വർധനവുണ്ട്. പ്രധാനമായും ബംഗളൂരു, മൈസൂരു, ഗോവ, മംഗളൂരു, ഒഡീഷ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നാണ് കണ്ണൂരിലേക്ക് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിസാധനങ്ങളെത്തുന്നത്. ഗോവയില്‍ നിന്ന് ട്രെയിൻ മാർഗവും ബംഗളൂരുവില്‍ നിന്ന് ബസ് മാർഗവുമാണ് ലഹരിയെത്തുന്നതെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ സതീഷ് കുമാർ പറഞ്ഞു.
കണ്ണൂരിലെ തളിപ്പറമ്ബ്, തലശേരി, പഴയങ്ങാടി, കണ്ണൂർ ടൗണ്‍ എന്നിവിടങ്ങളിലാണ് ലഹരി വില്‍പന കൂടുതലായി നടക്കുന്നത്. രഹസ്യവിവരം ലഭിക്കുന്നതനുസരിച്ച് രാത്രികാല പട്രോളിംഗിലൂടെയും ലോഡ്ജുകള്‍, ബസ് സ്റ്റാൻഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ആളൊഴിഞ്ഞ കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തുന്ന പരിശോധനയിലുമാണ് രാസലഹരി കൂടുതലായി പിടികൂടുന്നത്.
കഴിഞ്ഞ വർഷം 547.006 ഗ്രാം മെത്താഫിറ്റമിനും 121.610 ഗ്രാം എംഡിഎംഎയും പിടികൂടിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിനുപുറമെ കഞ്ചാവ്, പുകയില ഉല്‍പ്പന്നങ്ങള്‍, ഹാഷിഷ് ഓയില്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
ജില്ലയില്‍ ലഹരിക്കേസുകള്‍ കൂടുതല്‍ റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങളെ ഹോട്ട് സ്പോട്ടുകളായി അടയാളപ്പെടുത്തി പരിശോധന ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ലഹരിക്കേസുകളില്‍ അറസ്റ്റിലാകുന്നവർ ജാമ്യത്തിലിറങ്ങിയോ ശിക്ഷാ കാലാവധി കഴിഞ്ഞോ വീണ്ടും ഇതേ തൊഴിലില്‍ ഏർപ്പെടുന്നത് എക്സൈസിന് വലിയ തലവേദനയാണ്.
രണ്ട് ഗ്രാമില്‍ കുറഞ്ഞ ലഹരിമരുന്നുമായി പിടിയിലായി സ്റ്റേഷൻ ജാമ്യത്തിലിറങ്ങുന്നവർ വീണ്ടും വലിയ വില്‍പന ശൃംഖലയുടെ ഭാഗമാകുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മയക്കുമരുന്നിന് അടിമയായവരാണ് വീണ്ടും ലഹരി വില്‍പനയിലേക്ക് തിരിയുന്നത്. ഇവർക്കായി റീ അഡിക്ഷൻ സെന്ററുകള്‍ വിമുക്തി പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എക്സൈസ് കമ്മീഷണർ അറിയിച്ചു.
Post a Comment