കോഴിയിറച്ചിയുടെ വില കുതിച്ചുകയറുന്നു; വ്യാപാരികൾ പ്രതിസന്ധിയിൽ;200 കടന്നേക്കുമെന്ന് സൂചന
കായംകുളം : ക്രിസ്മസും പുതുവർഷ ആഘോഷങ്ങളും കഴിഞ്ഞിട്ടും കോഴിയിറച്ചിയുടെ വില കുറയാത്തത് ഇറച്ചിക്കോഴി വ്യാപാരികളെ പ്രതിസന്ധിയിലാക്കി. ഇന്നത്തെ വില കിലോയ്ക്ക് 178 ആണ് ചില ഇടങ്ങളിൽ വില 180 ന് മുകളിലാണ്.വില കുതിച്ചുകയറിയതുമൂലം പല ചില്ലറ വിൽപ്പന കേന്ദ്രങ്ങളും ഇപ്പോൾ വിൽപന നിർത്തി അടച്ചിടുന്ന അവസ്ഥവരെ എത്തിയിരിക്കുകയാണ്.
കോഴിയിറച്ചി വിലകൂടിയത് മൂലം ഹോട്ടൽ വ്യാപാര മേഖലയും പ്രതിസന്ധിയിലായി.ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി ആശങ്ക സൃഷ്ടിച്ചെങ്കിലും കോഴി വില ഉയർന്നുതന്നെ നിൽക്കുകയാണ്. ജില്ലയിൽ പക്ഷിപ്പനി സമയങ്ങളിൽ കോഴി വില സാധാരണ ഇടിയുകയാണ് പതിവ്.
എന്നാൽ കോഴി വില വർധിക്കുകയാണ് ഉണ്ടായത്. വരും ദിവസങ്ങളിൽ വിലകൂടി ഇരുനൂറിന് മുകളിൽ എത്താനാണ് സാധ്യതയെന്ന് വ്യാപാരികൾ പറയുന്നു. തമിഴ്നാട് ലോബിയുടെ നിയന്ത്രണത്തിലുള്ള വൻ കിട കോഴി ഫാമുകൾ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കോഴി വില അന്യായമായി വർധിപ്പിക്കുകയാണെന്ന് ചെറുകിട വ്യാപാരികൾ പറയുന്നു.
വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു. വില നിയന്ത്രിച്ചില്ലെങ്കിൽ ചെറുകിട വ്യാപാരികൾ കടകൾ പൂർണമായി അടച്ചിടുമെന്ന് മുന്നറിയിപ്പും നൽകി കഴിഞ്ഞു. എന്നാൽ ഉൽപ്പാദനം കുറഞ്ഞതും ആവശ്യക്കാർ ഏറിയതുമാണ് വില വർധനവിന് കാരണമെന്ന് ആൾ കേരള പൗൾട്രി ഫെഡറേഷൻ ജനറൽ സെക്രട്ടറി എസ് കെ നസീർ പറഞ്ഞു.
Post a Comment