മകരവിളക്ക് 14ന്; തിരക്ക് നിയന്ത്രണത്തിനു പോലീസിനു മാസ്റ്റര്‍ പ്ലാന്‍; വ്യൂ പോയിന്റുകളിലും സുരക്ഷാ സംവിധാനം
ശബരിമല: ശബരിമലയില്‍ മകരവിളക്ക് 14ന്. മകരസംക്രമപൂജ അന്ന് ഉച്ചകഴിഞ്ഞാണ്. പന്തളത്തു നിന്നെത്തിക്കുന്ന തിരുവാഭരണങ്ങള്‍ ചാര്‍ത്തി വൈകുന്നേരം ദീപാരാധന നടക്കുമ്പോഴാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്നത്. മകരജ്യോതിയും സംക്രമ നക്ഷത്രവും കണ്ടു തൊഴാനായി ഭക്തലക്ഷങ്ങളാണ് ശബരിമലയിലെത്തുന്നത്.
മകരവിളക്ക് ക്രമീകരണങ്ങള്‍ എഡിഎം അരുണ്‍ എസ്. നായരുടെ അധ്യക്ഷതയില്‍ സന്നിധാനത്തു ചേര്‍ന്ന യോഗം വിലയിരുത്തി. മകരവിളക്ക് ദര്‍ശനത്തിന് എത്തിച്ചേരുന്ന ഭക്തരുടെ സുരക്ഷയ്ക്കുള്ള ബാരിക്കേഡുകള്‍ ഉള്‍പ്പടെയുള്ള ക്രമീകരണങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം മകരവിളക്ക് ഉത്സവത്തിന് എത്തുന്ന ഭക്തര്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാളെ 35,000 പേരെ വെര്‍ച്വല്‍ ക്യൂ വഴിയും 5,000 പേരെ സ്പോട്ട് ബുക്കിംഗ് വഴിയും സന്നിധാനത്തേക്ക് കടത്തി വിടാനാണ് കോടതി ഉത്തരവ്.
മകരവിളക്ക് ദിവസം 30,000 പേരെ വെര്‍ച്വല്‍ ക്യൂ വഴിയും 5,000 പേരെ സ്പോട്ട് ബുക്കിംഗ് വഴിയും കടത്തി വിടും. 15 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂ വഴി 50,000 പേരെയും 5,000 പേരെ സ്പോട്ട് ബുക്കിംഗ് ആയും നിജപ്പെടുത്തിയിട്ടുണ്ട്. 19ന് വെര്‍ച്വല്‍ ക്യൂ വഴി 30,000 പേരെയും സ്പോട്ട് ബുക്കിംഗ് വഴി 5,000 പേരെയുമാണ് ദര്‍ശനത്തിനായി അയയ്ക്കുന്നത്.
സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായും കോടതിവിധിയുടെ പശ്ചാത്തലത്തിലും നിയന്ത്രണങ്ങള്‍ ഭക്തര്‍ കൃത്യമായി പാലിക്കണമെന്ന് എഡിഎം പറഞ്ഞു.മകരവിളക്ക് ദിവസം രാവിലെ 10 മുതല്‍ നിലയ്ക്കലില്‍ നിന്നും പമ്പയിലേക്കും 11 മുതല്‍ പമ്പയില്‍ നിന്നു സന്നിധാനത്തേക്കും ഭക്തരെ കടത്തിവിടില്ല. ഘോഷയാത്ര സമാപിച്ചതിനു ശേഷം മാത്രമേ ഭക്തരെ പ്രവേശിപ്പിക്കുകയുള്ളൂ.
ഹില്‍ടോപ്പില്‍ ഇന്നു മുതല്‍ വാഹനപാര്‍ക്കിംഗ് അനുവദിക്കില്ല
ഹില്‍ടോപ്പില്‍ ഇന്നു രാവിലെ എട്ടു മുതല്‍ 15 ന് ഉച്ചയ്ക്ക് 12 വരെ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് നിരോധിച്ചു. കെഎസ്ആര്‍ടിസി ബസുകള്‍ക്കും സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായുള്ള വാഹനങ്ങള്‍ക്കും മാത്രമേ പാര്‍ക്കിംഗിന് അനുമതിയുള്ളൂ. സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യണം. നാളെ വൈകുന്നേരം ആറിനുശേഷം കാനനപാതയില്‍ എരുമേലിയില്‍ നിന്നും ഭക്തരെ കടത്തിവിടില്ല.
അഴുതക്കടവ് വഴി 14ന് രാവിലെ എട്ടിനു ശേഷവും ഭക്തര്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. മുക്കുഴിയില്‍ നിന്ന് 14ന് രാവിലെ പത്തിനു ശേഷം ഭക്തരെ കടത്തിവിടില്ല. പുല്ലുമേട്ടിലും ഇതേ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 14ന് വൈകുന്നേരം നാലിനു ശേഷം പുല്ലുമേട് നിന്നും ഭക്തരെ കടത്തിവിടില്ല. അവര്‍ക്ക് പുല്ലുമേട്ടില്‍ നിന്ന് മകരവിളക്ക് ദര്‍ശിക്കാനുള്ള സൗകര്യമുണ്ട്. ജ്യോതി ദര്‍ശനത്തിന് ശേഷം കാനനപാത വഴി സന്നിധാനത്തേക്ക് വരാന്‍ അനുവദിക്കില്ല. അവിടെ നിന്ന് തിരിച്ച് സത്രം വഴിയോ വള്ളക്കടവ് വഴിയോ എത്തിയ ശേഷം സന്നിധാനത്തെത്താം.
തിരക്ക് നിയന്ത്രണത്തിനു പോലീസിനു മാസ്റ്റര്‍ പ്ലാന്‍
പോലീസ് തിരക്ക് നിയന്ത്രിക്കുന്നതിന് വിശദമായ ക്രൗഡ് മാനേജ്മെന്റ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ സ്പെഷല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഭക്തര്‍ക്ക് സുഗമമായ മകരവിളക്ക് ദര്‍ശനം നടത്തി സുരക്ഷിതമായി മടങ്ങാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കും. കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.
കൂടാതെ കേന്ദ്രസേന ആര്‍എഎഫ്, എന്‍ഡിആര്‍എഫ് സംഘവും സഹായത്തിനുണ്ടാകും. ഭക്തരെ വിവിധ സ്ഥലത്തേക്ക് തിരകെ എത്തിക്കുന്നതിന് പമ്പയില്‍ നിന്നും ചെയിന്‍ സര്‍വീസും ദീര്‍ഘദൂര സർവീസും ഉള്‍പ്പെടെ ആയിരത്തോളം കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും. മകരജ്യോതി ദര്‍ശനത്തിന് നിരവധി ഭക്തര്‍ തമ്പടിക്കാറുണ്ട്. വനപ്രദേശത്ത് കുടിലുകള്‍ കെട്ടുന്നതും അനധികൃതമായി പാചകം ചെയ്യുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ പോലീസ്, വനംവകുപ്പ്, ഫയര്‍ഫോഴ്സ് എന്നിവയുടെ സംഘങ്ങള്‍ സംയുക്തമായി പരിശോധന നടത്തും.
വ്യൂ പോയിന്റുകളിലും സുരക്ഷാ സംവിധാനം
മകരജ്യോതി ദര്‍ശനത്തിനുള്ള വ്യൂ പോയിന്റുകളില്‍ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയിരുന്നു. എല്ലാ കേന്ദ്രങ്ങളിലും വേണ്ട ക്രമീകരണങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്.ശബരിമലയ്ക്കും പമ്പയ്ക്കും പുറത്ത് ജ്യോതിദര്‍ശനം സാധ്യമായ ഇടങ്ങളില്‍ ഭക്തര്‍ തമ്പടിക്കാറുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായുള്ള ഇത്തരം കേന്ദ്രങ്ങളിലും വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി വരുന്നു. ഈ കേന്ദ്രങ്ങളിലെല്ലാം മെഡിക്കല്‍, ഫയര്‍ഫോഴ്സ്, ആംബുലന്‍സ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
പത്തനംതിട്ട ജനറല്‍ ആശുപത്രി, കോന്നി മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ അടിയന്തര സേവനങ്ങള്‍ക്കായി സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ സേവനവും അധികമായി സന്നിധാനത്തും പമ്പയിലും നിലയ്ക്കലും മറ്റ് വ്യൂ പോയിന്റുകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് സജ്ജീകരണങ്ങള്‍ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ പൂര്‍ത്തിയാക്കി വരുന്നു. എല്ലാ വകുപ്പുകളുടെയും ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും ഭക്തര്‍ വകുപ്പുകളുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും എഡിഎം പറഞ്ഞു.
Post a Comment