Join News @ Iritty Whats App Group

അതിവേഗ റെയില്‍ പദ്ധതിയില്‍ സംസ്ഥാനത്തിന്റെ മെല്ലെപ്പോക്ക് കാരണമാണ് കേന്ദ്ര റെയില്‍വേ മന്ത്രിയെ നേരിട്ട് കണ്ടതെന്ന് ഇ ശ്രീധരന്‍; കെ-റെയിലിനായി 100 കോടി ചെലവാക്കി, പുതിയ പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കാന്‍ 12 കോടി മതി

അതിവേഗ റെയില്‍ പദ്ധതിയില്‍ സംസ്ഥാനത്തിന്റെ മെല്ലെപ്പോക്ക് കാരണമാണ് കേന്ദ്ര റെയില്‍വേ മന്ത്രിയെ നേരിട്ട് കണ്ടതെന്ന് ഇ ശ്രീധരന്‍; കെ-റെയിലിനായി 100 കോടി ചെലവാക്കി, പുതിയ പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കാന്‍ 12 കോടി മതി


കേരളത്തിലെ അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന കാലതാമസത്തിലും നയപരമായ മാറ്റങ്ങളിലും അതൃപ്തി രേഖപ്പെടുത്തി മെട്രോമാന്‍ ഇ. ശ്രീധരന്‍. സംസ്ഥാനത്തിന്റെ മെല്ലെപ്പോക്ക് കാരണമാണ് താന്‍ നേരിട്ട് കേന്ദ്ര റെയില്‍വേ മന്ത്രിയെ കണ്ട് പദ്ധതിയുടെ അനിവാര്യത ബോധ്യപ്പെടുത്തിയതെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. കെ-റെയില്‍ പദ്ധതിയുടെ ഓരോ ഘട്ടത്തിലും അതിലെ സാങ്കേതികവും പ്രായോഗികവുമായ പിഴവുകള്‍ മുഖ്യമന്ത്രിക്ക് കത്തുകളിലൂടെ ചൂണ്ടിക്കാണിച്ചിരുന്നു. കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളും പോലീസ് ലാത്തിചാര്‍ജ് അടക്കമുള്ള പരാതികളും നിലനില്‍ക്കെ, കെ-റെയില്‍ മുന്നോട്ട് പോകില്ലെന്ന് ബോധ്യപ്പെട്ടിരുന്നു. അപ്പോഴാണ് മുഖ്യമന്ത്രിക്ക് വീണ്ടും കത്തയച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിക്കുകയും തന്റെ നിര്‍ദേശങ്ങളില്‍ അദ്ദേഹം പൂര്‍ണ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് ഇ ശ്രീധരന്‍ പറയുന്നു.

പദ്ധതി മാറ്റത്തെക്കുറിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് ഒരു കത്ത് അയക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറിയും ബിജു പ്രഭാകര്‍ ഐഎഎസും തന്റെ അടുത്തെത്തി ചര്‍ച്ചകള്‍ നടത്തി പദ്ധതി ബോധ്യപ്പെടുകയും ചെയ്തതാണ്. എന്നാല്‍ കത്ത് അയക്കാമെന്ന് ഏറ്റിട്ട് പത്ത് മാസം കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിച്ചില്ല. ഈ മെല്ലെപ്പോക്ക് കണ്ടാണ് താന്‍ നേരിട്ട് കേന്ദ്ര റെയില്‍വേ മന്ത്രിയെ കണ്ടു കാര്യങ്ങള്‍ വിശദീകരിച്ചതെന്നാണ് മെട്രോമാന്‍ പറയുന്നത്.

കെ-റെയിലിനായി 100 കോടി രൂപയോളം ചിലവാക്കി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടും ഫലമുണ്ടായില്ല, എന്നാല്‍ പുതിയ പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കാന്‍ ഏകദേശം 12 കോടി രൂപ മതിയാകുമെന്ന് ഇ. ശ്രീധരന്‍ പറഞ്ഞു. പദ്ധതിയുടെ ഡാറ്റ നേരത്തെ തന്നെ ലഭ്യമായതിനാല്‍ ഡിഎംആര്‍സി ഈ പഠനം നടത്തുന്നതാണ് ഉചിതമെന്നും എട്ട്-ഒമ്പത് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സാധിക്കുമെന്നും കേന്ദ്രത്തെ അറിയിച്ചിരുന്നു. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള അതിവേഗ റെയില്‍ പദ്ധതിയായിരുന്നു ഇ ശ്രീധരന്‍ മുന്നോട്ടുവച്ചിരുന്നത്. പദ്ധതി മുടക്കിയത് താനാണെന്നുള്ള പരാമര്‍ശം തെറ്റാണെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.

അതിവേഗ റെയില്‍ പദ്ധതി തുടക്കമിട്ടത് സിപിഎം ആയിരുന്നു. 2010-ല്‍ ജപ്പാന്‍ വിദഗ്ദ്ധര്‍ നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം അതിവേഗ റെയില്‍ കേരളത്തില്‍ പ്രായോഗികമാണെന്നും ജനങ്ങള്‍ ഇത് ആവേശത്തോടെ സ്വീകരിക്കുമെന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2016-ല്‍ താന്‍ പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് (ഡിപിആര്‍) സമര്‍പ്പിച്ചുവെങ്കിലും, വലിയ ചിലവ് വരുമെന്ന കാരണം പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതിയില്‍ നിന്നും പിന്മാറി കെ-റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോവുകയായിരുന്നുവെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന റാപ്പിഡ് റെയില്‍ പദ്ധതിയെക്കാള്‍ അതിവേഗ റെയില്‍വേയാണ് കേരളത്തിന് അനുയോജ്യമെന്നും, ഇവ തമ്മില്‍ വേഗതയില്‍ വലിയ വ്യത്യാസമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിവേഗ റെയില്‍വേയുടെ ശരാശരി വേഗത മണിക്കൂറില്‍ 200 കിലോമീറ്ററിന് മുകളിലായിരിക്കുമ്പോള്‍ റാപ്പിഡ് റെയിലിന്റേത് കേവലം 70-75 കിലോമീറ്റര്‍ മാത്രമായിരിക്കും. പദ്ധതി നടപ്പിലായാല്‍ റോഡിലെ തിരക്ക് കുറയ്ക്കാനും റോഡ് അപകടങ്ങളില്‍ പ്രതിദിനം മരിക്കുന്നവരുടെ എണ്ണം കുറയ്ക്കാന്‍ സാധിക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. കൂടാതെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും സമയം ലാഭിക്കാനും ഈ പദ്ധതി സഹായിക്കും. റെയില്‍വേ എന്നത് കേന്ദ്ര സര്‍ക്കാരിന്റെ വിഷയമാണെന്നും, സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചില്ലെങ്കിലും കേന്ദ്രത്തിന്റെ നിലപാടിനനുസരിച്ച് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ആകെ ചിലവില്‍ 30 ശതമാനം വീതം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ബാക്കി 40 ശതമാനം ബോണ്ടുകള്‍ വഴിയും സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

أحدث أقدم
Join Our Whats App Group