സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയെ പരോക്ഷമായി വിമർശിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. ബംഗാളി നോവലിസ്റ്റ് ബിമൽ മിത്ര എഴുതിയ ‘വിലയ്ക്കു വാങ്ങാം’ എന്ന പുസ്തകം മൂന്നാം തവണ വായിക്കുകയാണെന്ന് ഫേയ്സ്ബുക്കിൽ കുറിച്ച ശ്രീകുമാരൻ തമ്പി ഈ ഭൂമിയിൽ എന്തിനെയും വിലയ്ക്കു വാങ്ങാമെന്നും സത്യം, നീതി, നന്മ തുടങ്ങിയ മൂല്യങ്ങളെല്ലാം മഹദ്‌വചനങ്ങളിൽ ഉറങ്ങുകയാണെന്നും കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
‘വിലയ്ക്കു വാങ്ങാം’. ഞാൻ ഇന്ന് വായിക്കാൻ എടുത്ത പുസ്തകം പ്രശസ്ത ബംഗാളി നോവലിസ്റ്റ് ബിമൽ മിത്ര എഴുതിയ ‘কড়ি দিয়ে কিনলাম’ ന്റെ മലയാള പരിഭാഷ ‘വിലയ്ക്കു വാങ്ങാം’. മൂന്നാം തവണ വായിക്കുന്നു. ഈ ഭൂമിയിൽ എന്തും വിലയ്ക്കു വാങ്ങാം എന്നു വിശ്വസിക്കുന്ന അഘോരനപ്പൂപ്പൻ എന്ന കഥാപാത്രത്തെ മറക്കാനാവില്ല. സത്യമല്ലേ? ഇന്ന് ഈ ഭൂമിയിൽ എന്താണ് വിലയ്ക്കു വാങ്ങാനാവാത്തത്. സത്യം, നീതി, നന്മ - എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടര വര്‍ഷങ്ങള്‍ക്കിപ്പുറമാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി ദിലീപ് (എട്ടാം പ്രതി) അടക്കമുള്ള നാല് പ്രതികളെ വെറുതെവിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു.
അതേസമയം വിധിയില്‍ അപ്പീലുമായി പോകണമെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്ന് നിയമമന്ത്രി പി രാജീവ് കോടതിവിധിക്ക് പിന്നാലെ പ്രതികരിച്ചിരുന്നു. ദിലീപടക്കമുള്ള പ്രതികൾക്കെതിരെ ചുമത്തിയ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനെ തുടർന്നാണ് അവരെ കുറ്റവിമുക്തരാക്കിയത്. പ്രോസിക്യൂഷന്‍ അപ്പീലുമായി മേല്‍ക്കോടതിയെ സമീപിക്കുമ്പോള്‍ തുടരുന്ന നിയമ വ്യവഹാരങ്ങളില്‍ ഈ കേസ് മലയാളികളുടെ സജീവശ്രദ്ധയില്‍ത്തന്നെ നില്‍ക്കുമെന്ന് ഉറപ്പാണ്. അതേസമയം ദിലീപിനെ സംബന്ധിച്ച് വലിയ ആശ്വാസമാണ് കോടതിവിധി നല്‍കുക.
إرسال تعليق