കൊച്ചി: കൊച്ചി: സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ദൈനംദിന നടത്തിപ്പിനെ ബാധിക്കുന്ന വിധത്തില്‍ മിഡ് ഡേ മീല്‍ സ്കീം സോഫ്റ്റ് വെയര്‍ പണിമുടക്കില്‍. ഈ മാസം അഞ്ച് മുതല്‍ സൈറ്റില്‍ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്.സ്കൂള്‍ ഉച്ചഭക്ഷണത്തിന്റെ ഹാജര്‍ നിലയും, ചോറ്, കറികള്‍, മുട്ട, പാല്, മറ്റു ഭക്ഷ്യവിഭവങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിന്റെയും വിശദവിവരങ്ങള്‍ തുടങ്ങിയവ ദൈനംദിനം രേഖപ്പെടുത്തുന്നത് എംഡിഎംഎസ് സോഫ്റ്റ് വെയര്‍ മുഖേനയാണ്.
മാവേലി സ്റ്റോറില്‍ നിന്നും അരി ലഭിക്കുമ്പോള്‍ സ്റ്റോക്ക് എന്‍ട്രി നടത്തുന്നതും പാചകത്തൊഴിലാളികളുടെ ഓരോ മാസത്തെയും റിപ്പോര്‍ട്ടുകളായ എന്‍എംപി1, കെ2 തുടങ്ങിയവ ജനറേറ്റ് ചെയ്യുന്നതും ഈ സോഫ്റ്റ്വെയര് മുഖേനയുമാണ്. ഈ മാസത്തെ എന്‍എംപി1, കെ 2 തുടങ്ങിയയുടെ റിപ്പോര്‍ട്ടുകള്‍ അടുത്ത മാസം ഒന്നിന് മുമ്പായാണ് സമര്‍പ്പിക്കേണ്ടത്. അത് മുടങ്ങിയാല്‍ പാചകത്തൊഴിലാളികളുടെ വേതനം മുടങ്ങും.
അടുത്ത മാസം പത്തിനു മുമ്പായി ചെലവുകളുടെ കണക്കുകള്‍ പ്രധാന അധ്യാപകര്‍ നല്‍കുകയും വേണം. ഈ മാസത്തെ ചെലവ് കണക്ക് ഇതുവരെ തയാറാക്കാനും കഴിഞ്ഞിട്ടില്ല. ഇതു മൂലം ചെലവിനുള്ള തുക ലഭിക്കുന്നതു മുടങ്ങാനുള്ള സാധ്യതയുമുണ്ട്. ഇത് അധ്യാപകരുടെ ആശങ്ക ഇരട്ടിയാക്കുന്നു.
അരിയുടെ സ്റ്റോക്ക് എന്‍ട്രി നടത്താന്‍ സാധിക്കാത്തത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കിയതായി പ്രധാനാധ്യാപകരും ഭക്ഷണത്തിന്റെ ചുമതലയുള്ള അധ്യാപകരും പറയുന്നു. ഡിസംബര്‍ 31ന് മുമ്പ് പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ പ്രശ്നം അതീവ ഗുരുതരമാകും. പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചുവരുന്നതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഇപ്പോള്‍ വിവരങ്ങള്‍ രജിസ്റ്ററുകളില്‍ രേഖപ്പെടുത്തി വയ്ക്കാനാണ് നിര്‍ദേശം. ഗൗരവമേറിയ ഈ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര നടപടി ഉടന്‍ കൈക്കൊള്ളണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് (കെപിപിഎച്ച്എ) സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. സുനില്‍കുമാര്‍ പറഞ്ഞു.അതേസമയം, പ്രശ്നം പരിഹരിക്കാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് അറിയുന്നത്. വെബ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരിക്കാമെന്ന സംശയവുമുണ്ട്.
إرسال تعليق