ക്രൂര കൊലപാതകത്തിന് കാരണം ചിത്രപ്രിയയോടുള്ള സംശയം; കൃത്യം നടത്തിയത് മദ്യലഹരിയിൽ, ആണ്‍ സുഹൃത്ത് അലൻ അറസ്റ്റിൽ
എറണാകുളം: മലയാറ്റൂരിലെ 19കാരി ചിത്രപ്രിയയുടെ കൊലപാതകത്തില്‍ ആണ്‍ സുഹൃത്ത് അലൻ അറസ്റ്റിൽ. കസ്റ്റഡിയിലെടുത്ത അലന്‍റെ അറസ്റ്റ് ഇന്ന് വൈകിട്ടോടെയാണ് കാലടി പൊലീസ് രേഖപ്പെടുത്തിയത്. സംശയത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് ചിത്രപ്രിയയുടെ മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. ശനിയാഴ്ച മുതല്‍ കാണാതായ പെണ്‍കുട്ടിയെ ഇന്നലെ വൈകിട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്‍റെ മകളായ 19കാരിയായ ചിത്രപ്രിയ ബെംഗളൂരുവിൽ ഏവിയേഷൻ വിദ്യാര്‍ത്ഥിനിയാണ്. അമ്പലത്തിലെ ഉത്സവം കൂടാനാണ് ചിത്രപ്രിയ ബെംഗളൂരുവിൽ നിന്ന് മലയാറ്റൂലെത്തിയത്. എന്നാൽ, ശനിയാഴ്ച വൈകിട്ട് മുതൽ ചിത്രപ്രിയയെ കാണാതായി. കടയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ചിത്രപ്രിയ വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ, പിന്നീട് തിരിച്ചെത്തിയിൽ. അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
മകളെ കാണാതായതോടെ വീട്ടുകാര്‍ കാലടി പൊലീസിന് പരാതി നൽകി. കാണാതായ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെയാണ് ചിത്രപ്രിയയുടെ ആൺ സുഹൃത്ത് അലനെ വിളിപ്പിച്ചു മൊഴി എടുത്തത്. മൊഴിയെടുത്തശേഷം അലനെ വിട്ടയക്കുകയായിരുന്നു. അതിനിടെയാണ് ഇന്നലെ വൈകിട്ട് നാല് മണിയോടെ നാടിനെ നടുക്കി മലയാറ്റൂര്‍ നക്ഷത്ര തടാകത്തിനരികില്‍ ഒഴിഞ്ഞ പറമ്പില്‍ ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തുന്നത്.തലയ്ക്ക് ആഴത്തിൽ അടിയേറ്റതായി പൊലീസിന്‍റെ മൃതദേഹ പരിശോധനയിൽ തന്നെ വ്യക്തമായി. ശരീരത്തിൽ മുറിപാടുകളും കണ്ടെത്തിയത്തോടെതന്നെ കൊലപാതകമെന്ന് പൊലീസ് ഉറപ്പിച്ചു. ഇതോടെ കൊലപാതകമെന്ന നിലയിൽ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചിത്രപ്രിയയും ആണ്‍സുഹൃത്ത് അലനും ഒരുമിച്ച് മലയാറ്റൂർ ജംഗ്ഷൻ വഴി ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യവും ഇതിനിടെ പൊലീസിന് ലഭിച്ചു. ഇതോടെ നേരത്തെ മൊഴിയെടുത്ത് വിട്ടയച്ച ചിത്രപ്രിയയുടെ ആണ്‍ സുഹൃത്ത് അലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്നുള്ള വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചുവെന്നും പൊലീസ് അറിയിച്ചു.
പെൺകുട്ടിക്ക് മറ്റൊരു ആണ്‍ സുഹൃത്തുണ്ടെന്ന സംശയത്തിൽ അലൻ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു കൊല്ലുകയായിരുന്നു. മദ്യ ലഹരിയിലായിരുന്നു കൊലപാതകമെന്നും പൊലീസ് വ്യക്തമാക്കി.തലയില്‍ ഒന്നിലേറെ ഭാഗത്ത് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും ആന്തരിക രക്തശ്രാവവും മരണ കാരണത്തിന് ഇടയാക്കിയെന്നും പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി. വൈകിട്ടോടെ അലന്‍റെ അറസ്റ്റ് കാലടി പൊലീസ് രേഖപ്പെടുത്തി. കാലടി ടൗണില്‍ ചെറിയ ജോലികള്‍ ചെയ്യുന്ന വ്യക്തിയാണ് 21കാരനായ അലന്‍. സിസിടിവിയിൽ മറ്റ് രണ്ട് യുവാക്കളെകൂടി ദൃശ്യങ്ങൾ ലഭിച്ചില്ലെങ്കിലും അവർക്ക് കൊലപാതകവുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു.
إرسال تعليق