Join News @ Iritty Whats App Group

ബുൾഡോസർ വിവാദം; പ്രതിസന്ധിയിലായി കർണാടക കോണ്‍ഗ്രസ് സർക്കാർ, വില നൽകേണ്ടിവരുമെന്ന് വിമർശനം

ബുൾഡോസർ വിവാദം; പ്രതിസന്ധിയിലായി കർണാടക കോണ്‍ഗ്രസ് സർക്കാർ, വില നൽകേണ്ടിവരുമെന്ന് വിമർശനം


ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ പ്രതിസന്ധിയിലാക്കി ബുൾഡോസർ വിവാദം. സർക്കാർ ഭൂമി കയ്യേറി താമസിക്കുന്നവർ എന്നാരോപിച്ച് ബെംഗളൂരു യെലഹങ്കയിൽ മുസ്ലീം ഭൂരിപക്ഷ മേഖലയിൽ മുന്നൂറോളം വീടുകൾ തകർത്ത നടപടിയെ ചൊല്ലിയാണ് വിവാദം. മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്‍റെ വിമർശനത്തിന് പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയനും കർണാടക കോൺഗ്രസിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് എന്ന ബിഎസ്‌ഡബ്ലൂഎംഎൽ ഡിസംബർ 20 ന് പുലർച്ചെ യെലഹങ്കയിൽ നടത്തിയ ഈ പൊളിച്ചു മാറ്റലാണ് കോൺഗ്രസ് ഭരിക്കുന്ന കർണാടക സർക്കാരിനെ വിവാദത്തിലാക്കിയിരിക്കുന്നത്.

അനധികൃതമായി താമസിപ്പിക്കുന്നവരെ ഒഴിപ്പിക്കാൻ എന്ന പേരിൽ പുലർച്ചെ 4.15 നാണ് വസീം ലേ ഔട്ടിലും ഫക്കീർ കോളനിയിലും സർക്കാർ ബുൾഡോസറുകൾ വീടുകളുടെ അടിത്തറ പിഴുതുമാറ്റിയത്. യുപിയിലുൾപ്പെടെ ബിജെപിയുടെ ബുൾഡോസർ രാജിനെ വിമർശിക്കുന്ന കോൺഗ്രസ്, യെലഹങ്കയിൽ ബുൾഡോസർ രംഗത്തിറക്കിയതിന്‍റെ പേരിൽ രൂക്ഷമായ വിമർശനം നേരിടുകയാണ് ഇപ്പോൾ. സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായ ബിജെപി ഈ നടപടികളെ വിമർശിച്ചിട്ടെങ്കിലും പാർട്ടിക്കകത്ത് തന്നെ ബുൾഡോസർ നടപടി വിമർശനം നേരിട്ട് കഴിഞ്ഞു. ബിജെപിയുടെ വഴിയിലേക്കുള്ള പോക്കിന് വലിയ വില നൽകേണ്ടി വരും എന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം മുന്നറിയിപ്പ് നൽകിയത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ കേരള മുഖ്യമന്ത്രി പിണറായി വിജയനും കർണാടക സർക്കാരിന്റെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുന്നത്.

ഉത്തരേന്ത്യയിൽ സംഘപരിവാർ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കർണാടകയിൽ കണ്ടതെന്നാണ് പിണറായി വിജയന്റെ വിമർശനം. ഇതിനെ രാഷ്ട്രീയ വിമർശനം എന്ന് പറഞ്ഞ് തള്ളാൻ കോൺഗ്രസിനാകുമെങ്കിലും അടുത്ത വർഷം ആദ്യം ബെംഗളൂരുവിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന സർക്കാരിന് ഇതേൽപിക്കുന്ന ആഘാതം ചെറുതാകില്ല എന്ന തിരിച്ചറിവ് കോൺഗ്രസിലെ തന്നെ ഒരു വിഭാഗത്തിനുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group