Join News @ Iritty Whats App Group

‘നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു’; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന ‘അമ്മ’

‘നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു’; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന ‘അമ്മ’


നടിയെ ആക്രമിച്ച കേസിലെ വിധിക്ക് പിന്നാലെ പ്രതികരണവുമായി താരസംഘടനയായ ‘അമ്മ'(AMMA). നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നും അമ്മ കോടതിയെ ബഹുമാനിക്കുന്നുവെന്നുമാണ് ‘അമ്മ’യുടെ പ്രതികരണം. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരസംഘടന പ്രതികരിച്ചത്. കേസിൽ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്. എന്നാൽ ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല.

കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു. ഇവര്‍ക്കുള്ള ശിക്ഷ ഡിസംബര്‍ 12-ന് പ്രഖ്യാപിക്കും. പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ചാര്‍ലിയെയും പത്താം പ്രതിയായ ശരത്തിനെയും വെറുതെ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജ‍ഡ്ജി ഹണി എം വർഗീസാണ് ആറു വർഷം നീണ്ട വിചാരണ പൂർത്തിയാക്കി കേസിൽ വിധി പറഞ്ഞത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തുപേരാണ് വിചാരണ നേരിട്ടത്.

അതേസമയം നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ നടന്‍ ദിലീപിനെ അമ്മ സംഘടനയിൽ നിന്നും പുറത്താക്കിയിരുന്നു. മമ്മൂട്ടിയുടെ പനമ്പള്ളി നഗറിലെ വീട്ടില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് താരസംഘടന തീരുമാനമെടുത്തത്. പിന്നീട് ‘അമ്മ’യുടെ പ്രസിഡന്റായി മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെട്ടതാടെ ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇത് വിവാദമായതോടെ താരസംഘടനയിലേക്കില്ലെന്ന് ദിലീപ് പ്രഖ്യാപിക്കുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group