നാളെയാണ് നാളെ…തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ടിന്; ആദ്യം ഗ്രാമപഞ്ചായത്ത് സ്ഥാനാർഥികളുടെ വോട്ടുനില
തിരുവനന്തപുരം: ഗ്രാമ- ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകളുടെ വോട്ടെണ്ണുന്നതു ബ്ലോക്ക് തലത്തിലുള്ള കേന്ദ്രത്തിലായിരിക്കും. ഇവിടെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ തപാൽ ബാലറ്റുകൾ അതതു വരണാധികാരികളുടെ ടേബിളിൽ എണ്ണും.വോട്ടെണ്ണൽ ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. ആദ്യം വരണാധികാരിയുടെ ടേബിളിൽ തപാൽ ബാലറ്റ് എണ്ണിത്തുടങ്ങും.
തുടർന്ന് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണും. വോട്ടെണ്ണലിന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ കണ്ട്രോൾ യൂണിറ്റുകൾ മാത്രമാണ് സ്ട്രോംഗ് റൂമുകളിൽ നിന്ന് ടേബിളുകളിൽ എത്തിക്കുക. സ്ട്രോംഗ് റൂം തുറക്കുന്നത് വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകർ, സ്ഥാനാർഥികൾ, ഏജന്റുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും.
അവിടെനിന്ന് ഓരോ വാർഡിലെയും മെഷീനുകൾ കൗണ്ടിംഗ് ഹാളിലേക്ക് വോട്ടെണ്ണാനായി കൊണ്ടുപോകും. വാർഡുകളുടെ ക്രമനന്പർ പ്രകാരമായിരിക്കും വോട്ടിംഗ് മെഷീനുകൾ ഓരോ കൗണ്ടിംഗ് ടേബിളിലും വയ്ക്കുക. ഒരു വാർഡിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളുടെയും മെഷീനുകൾ ഒരു ടേബിളിൾതന്നെ ആയിരിക്കും എണ്ണുക. സ്ഥാനാർഥിയുടെയോ സ്ഥാനാർഥി നിയോഗിക്കുന്ന കൗണ്ടിംഗ് ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് ഓരോ ടേബളിലും വോട്ടെണ്ണുക.
ടേബിളിൾ വയ്ക്കുന്ന കണ്ട്രോൾ യൂണിറ്റിൽ സീലുകൾ, സ്പെഷൽ ടാഗ് എന്നിവ കൃത്യമായി ഉണ്ടെന്ന് സ്ഥാനാർഥികളുടെയോ കൗണ്ടിംഗ്, ഇലക്ഷൻ ഏജന്റുമാരുടെയോ സാന്നിധ്യത്തിൽ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമായിരിക്കും വോട്ടെണ്ണൽ തുടങ്ങുക.കണ്ട്രോൾ യൂണിറ്റിൽനിന്ന് ആദ്യം ഗ്രാമപഞ്ചായത്ത് സ്ഥാനാർഥികളുടെ വോട്ടുനില ലഭിക്കും. തുടർന്ന്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളുടെ വോട്ടുവിവരം കിട്ടും.
ഓരോ കണ്ട്രോൾ യൂണിറ്റിലെയും ഫലം അപ്പോൾതന്നെ കൗണ്ടിംഗ് സൂപ്പർവൈസർ രേഖപ്പെടുത്തി വരണാധികാരിക്കു നൽകും. ഒരു വാർഡിലെ തപാൽ ബാലറ്റുകളും എല്ലാ ബൂത്തുകളിലെ വോട്ടുകളും എണ്ണിത്തീരുന്ന മുറയ്ക്ക് അതത് തലത്തിലെ വരണാധികാരി ഫലപ്രഖ്യാപനം നടത്തും.
ഓരോ ബൂത്തും എണ്ണിത്തീരുന്ന മുറയ്ക്ക് വോട്ടുനില ട്രെൻഡിൽ അപ്ലോഡ് ചെയ്യും. ലീഡ് നിലയും ഫലവും തത്സമയം അറിയാനാകും.
കൗണ്ടിംഗ് ഉദ്യോഗസ്ഥർ, തെരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർ, സ്ഥാനാർഥികൾ, ഇലക്ഷൻ ഏജന്റുമാർ, കൗണ്ടിംഗ് ഏജന്റുമാർ എന്നിവർക്കാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശനം.
إرسال تعليق