അൽ ഖസാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ്; മരണം ആഗസ്റ്റിലെ ആക്രമണത്തിൽ
ഗാസ:അൽ ഖസാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ്. ആഗസ്റ്റിൽ നടന്ന ആക്രമണത്തിൽ ആണ് അബു ഉബൈദ കൊല്ലപ്പെട്ടത്. ഗാസ തലവൻ മുഹമ്മദ് സിൻവർ ഉൾപ്പെടെ ഉള്ളവരുടെ മരണവും ഹമാസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ നേരത്തേ ഇസ്രായേൽ സേന അവകാശപ്പെട്ടിരുന്നതാണ്. മുഖം മറച്ച് പ്രത്യക്ഷപ്പെട്ടുള്ള വാർത്താ സമ്മേളനങ്ങളിലൂടെ ശ്രദ്ധേയനാണ് അബൂ ഉബൈദ. ഹമാസിന്റെ പ്രതിരോധത്തിന്റെ മുഖമായി അബു ഉബൈദ മാറിയിരുന്നു.
ബെഞ്ചമിൻ നെതന്യാഹു ട്രംപുമായി കൂടിക്കാഴ്ച നടത്തി
ഗാസയിൽ നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾക്കിടയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. ഫ്ലോറിഡയിലെ ട്രംപിന്റെ മാർ-എ-ലാഗോ റിസോർട്ടിലായിരുന്നു കൂടിക്കാഴ്ച. ഗാസ സമാധാന പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ട്രംപ് സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് നിർണ്ണായക കൂടിക്കാഴ്ച നടന്നത്. നെതന്യാഹുവിനെ പ്രശംസകൊണ്ട് മൂടിയ ട്രംപ്, അദ്ദേഹത്തെ യുദ്ധകാല പ്രധാനമന്ത്രി എന്ന് വിശേഷിപ്പിച്ചു. നെതന്യാഹു പ്രധാനമന്ത്രിയായില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഇസ്രായേൽ ഇന്ന് നിലനിൽക്കുമായിരുന്നില്ലെന്നും ട്രംപ് പറഞ്ഞു.
നെതന്യാഹു അസാധാരണമായ ജോലിയാണ് നിർവഹിക്കുന്നതെന്നും ഇസ്രായേലിനെ അപകടകരമായ ഒരു ഘട്ടത്തിൽ നിന്ന് അദ്ദേഹം രക്ഷിച്ചുവെന്നും ട്രംപ് പറഞ്ഞു. "ശരിയായ പ്രധാനമന്ത്രിയല്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ ഇസ്രായേൽ ഇന്ന് നിലനിൽക്കുമായിരുന്നില്ലെന്നും നെതന്യാഹുവിനെ സാക്ഷിയാക്കി ട്രംപ് കൂട്ടിച്ചേർത്തു. ഗാസ വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഹമാസ് പൂർണ്ണമായും നിരായുധരാകണമെന്ന് ട്രംപ് കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.
അതേസമയം, ആയുധം താഴെവെക്കില്ലെന്ന് ഹമാസിന്റെ സായുധ വിഭാഗമായ ഇസ്സുദ്ദീൻ അൽ-ഖസ്സാം ബ്രിഗേഡ്സ് ആവർത്തിച്ചു. ഇസ്രായേൽ അധിനിവേശം തുടരുന്നിടത്തോളം കാലം പ്രതിരോധം തുടരുമെന്ന് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. തങ്ങളുടെ വക്താവായിരുന്ന അബു ഒബൈദ ആഗസ്റ്റ് 30-ന് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായും അവർ സ്ഥിരീകരിച്ചു. ഈ വർഷം അഞ്ചാം തവണയാണ് ട്രംപും നെതന്യാഹുവും അമേരിക്കയിൽ കൂടിക്കാഴ്ച നടത്തുന്നത്.
Post a Comment