ഒമാനിൽ നാളെ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രി, ഏറ്റവും കുറഞ്ഞ പകൽ
മസ്കറ്റ്: ഒമാൻ സുൽത്താനേറ്റിൽ നാളെ ശീതകാല സൂര്യഅയനം സംഭവിക്കും. ഇതോടെ വടക്കാർദ്ധഗോളത്തിൽ ജ്യോതിശാസ്ത്രപരമായി ശൈത്യകാലം ആരംഭിക്കും. ഒമാൻ പ്രാദേശിക സമയം വൈകുന്നേരം 7.03ന് ഈ പ്രതിഭാസം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ ദിവസമാണ് വർഷത്തിലെ ഏറ്റവും നീളം കൂടിയ രാത്രിയും ഏറ്റവും ചുരുങ്ങിയ പകൽയും അനുഭവപ്പെടുക.
നാളെയുടെ പകൽ ദൈർഘ്യം 10 മണിക്കൂർ 41 മിനിറ്റ് മാത്രമാണ്. മസ്കറ്റിൽ നാളെ സൂര്യോദയം രാവിലെ 6.44നും സൂര്യാസ്തമയം വൈകുന്നേരം 5.25 നുമാണ്. ഇതോടെ പകൽ ദൈർഘ്യം 10 മണിക്കൂർ 41 മിനിറ്റായി ചുരുങ്ങും. ശൈത്യകാലം ആകെ 88 ദിവസം, 23 മണിക്കൂർ, 42 മിനിറ്റ് നീണ്ടുനിൽക്കുമെന്ന് ഒമാൻ ആസ്ട്രോണമി ആൻഡ് സ്പേസ് സൊസൈറ്റിയുടെ കമ്മ്യൂണിറ്റി കമ്മ്യൂണിക്കേഷൻ കമ്മിറ്റി അധ്യക്ഷ മാഅഥിർ ബിൻത് ഖമീസ് അൽ വഹൈബിയഒമാൻ വാർത്താ ഏജൻസിയോട് പറയുകയുണ്ടായി.</p><p>ഭൂമിയുടെ അച്ചുതണ്ടിന് ഏകദേശം 23.5 ഡിഗ്രി ചരിവ് ഉള്ളതിനാലും സൂര്യനെ ചുറ്റിയുള്ള ഭൂമിയുടെ ഭ്രമണചലനവുമാണ് ഈ ജ്യോതിശാസ്ത്ര പ്രതിഭാസത്തിന് കാരണം.
ഭൂമി സൂര്യനോട് അടുത്തോ അകലെയോ ആകുന്നതല്ല ശീതകാലത്തിന്‍റെയും വേനലിന്‍റെയും കാരണം എന്ന പൊതുധാരണ തെറ്റാണെന്ന് മാഅഥിർ ബിൻത് ഖമീസ് വ്യക്തമാക്കി. വാസ്തവത്തിൽ വടക്കാർദ്ധഗോളത്തിൽ ശീതകാലം അനുഭവപ്പെടുമ്പോൾ ഭൂമി സൂര്യനോട് ഏറ്റവും അടുത്ത സ്ഥാനത്തായിരിക്കും. ചില പ്രദേശങ്ങളിൽ സൂര്യോദയവും അസ്തമയവും ഉണ്ടാകില്ല. ശീതകാല സൂര്യഅയന സമയത്ത് സൂര്യൻ ആകാശത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ സ്ഥാനത്ത് എത്തും.
ഈ ദിവസങ്ങളിൽ സൂര്യൻ തെക്കുകിഴക്കൻ ദിശയിൽ നിന്ന് ഉദിച്ച് താഴ്ന്ന പാതയിലൂടെ സഞ്ചരിക്കും. അതുകൊണ്ട് വർഷത്തിലെ ഏറ്റവും നീളം കൂടിയ നിഴലുകൾ ഈ കാലയളവിലാണ് കാണപ്പെടുക. ശരത് വിഷുവത്തിന് (സെപ്റ്റംബർ) ശേഷം സൂര്യന്റെ ദൃശ്യമാർഗം ക്രമാതീതമായി തെക്കോട്ട് മാറുകയായിരുന്നു. ഈ മാറ്റത്തിന്റെ പരമാവധി ഘട്ടമാണ് ശീതകാല സൂര്യഅയനം. ഇതിന് ശേഷം, ഭൂമിയുടെ ഭ്രമണചലനത്തെ തുടർന്ന് സൂര്യൻ വീണ്ടും വടക്കോട്ട് നീങ്ങുകയും പകൽ ദൈർഘ്യം ക്രമാതീതമായി വർധിക്കുകയും ചെയ്യും. അടുത്ത പ്രധാന പ്രതിഭാസം 2026 മാർച്ച് 20ന് നടക്കുന്ന വസന്തവിഷുവം ആയിരിക്കും.
Post a Comment