മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ അന്തരിച്ചു
ദില്ലി: മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീൽ അന്തരിച്ചു. 91 വയസ്സായിരുന്നു. മഹാരാഷ്ട്ര ലാത്തൂരിലെ വസതിയിൽ രാവിലെ 6:30 ഓടെയായിരുന്നു അന്ത്യം. രാജ്യത്തെ മുതിര്‍ന്ന കോൺഗ്രസ് നേതാക്കളിലൊരാളാണ്. ലോക്‌സഭാ സ്പീക്കർ, കേന്ദ്ര മന്ത്രിസഭയിലെ വിവിധ പ്രധാന വകുപ്പുകൾ എന്നിവയുൾപ്പെടെ നിരവധി പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ദേശീയ രാഷ്ട്രീയത്തിലും കോൺഗ്രസ് രാഷ്ട്രീയത്തിലും ഏറെ സംഭാവനകൾ ചെയ്ത നേതാവായിരുന്നു ശിവരാജ് പാട്ടീൽ. പാർലമെന്റിൽ നിരന്തരം പല വിഷയങ്ങൾ ഉന്നയിച്ചിരുന്ന ഇദ്ദേഹം നിരവധി തവണ പാർലമെന്റിലേക്ക് മത്സരിച്ച് എത്തുകയും ചെയ്തിരുന്നു. 1980ൽ പാർലമെന്റിൽ എത്തിയ ശേഷം ശിവരാജ് പാട്ടീൽ കേന്ദ്ര മന്ത്രിസഭയിലേക്ക് എത്തുകയും ചെയ്തു. ആദ്യം ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയിലും പിന്നീട് രാജീവ്ഗാന്ധിയുടെ മന്ത്രിസഭയിലും അംഗമായിരുന്നു. നെഹ്റു, ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. 1991ൽ സ്പീക്കറായിരിക്കുമ്പോഴാണ് ലാത്തൂരിൽ ഭൂകമ്പം ഉണ്ടാകുന്നത്. അപ്പോൾ ദുരന്തമുഖത്ത് നേരിട്ടെത്തുകയും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുകയും ചെയ്തിരുന്നു.
2004ൽ ശിവരാജ് പട്ടീൽ ആഭ്യന്തരമന്ത്രിയായി. എന്നാൽ, നാല് വർഷത്തിനുള്ളിൽ രാജിവെച്ചു. മുംബൈ ഭീകരാക്രമണത്തിന് ശേഷമുള്ള സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു രാജി വെച്ചത്. പിന്നീട് പഞ്ചാബ് ഗവർണർ, ഛണ്ഡിഗഡിൽ അഡ്മിനിസ്ട്രേറ്റർ തുടങ്ങിയ പദവികൾ വഹിക്കുകയും ചെയ്തു.
إرسال تعليق