Join News @ Iritty Whats App Group

കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു

കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു



കണ്ണൂര്‍: കണ്ണൂരിൽ ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ബിജെപി, സിപിഎം കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തില്ല. പയ്യന്നൂർ നഗരസഭയിലെ സിപിഎം കൗൺസിലർ വി കെ നിഷാദ് തലശ്ശേരി നഗരസഭയിലെ ബിജെപി കൗൺസിലർ യു പ്രശാന്ത് എന്നിവരാണ് സത്യപ്രതിജ്ഞയ്ക്ക് എത്താതിരുന്നത്. പയ്യന്നൂരിൽ പൊലീസിനെ ബോംബറിഞ്ഞു വധിക്കാൻ ശ്രമിച്ച കേസിലാണ് വി കെ നിഷാദ് ശിക്ഷിക്കപ്പെട്ടത്. തലശ്ശേരി കോടിയേരിയിൽ സിപിഎം പ്രവർത്തനായ പി രാജേഷിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് യു പ്രശാന്ത് ശിക്ഷിക്കപ്പെട്ടത്. കണ്ണൂർ കോർപ്പറേഷനിലെയും ജില്ലാ പഞ്ചായത്തിലെയും അടക്കം ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സത്യപ്രതിജ്ഞ ചടങ്ങ് നടന്നു.

എറണാകുളം കൂത്താട്ടുകുളം നഗരസഭയിൽ സത്യപ്രതിജ്ഞ നടക്കുന്നതിനിടെ കൗൺസിലറെ കയ്യേറ്റം ചെയ്തു. പരിക്കേറ്റ യുഡിഎഫ് 16-ാം വാർഡ് കൗൺസിലർ ജോമി മാത്യുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൂത്താട്ടുകുളം മംഗലത്തുതാഴം സ്വദേശി ജോസഫ് കുര്യനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഇന്നാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും രാവിലെ പത്തിനും കോർപ്പറേഷനുകളിൽ പതിനൊന്നരയ്ക്കുമാണ് സത്യപ്രതിജ്ഞ തുടങ്ങിയത്.

മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഈ മാസം 26നും പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് 27നും നടക്കും. തിരുവനന്തപുരത്തും കൊച്ചിയിലും മേയർ ആരെന്നതിൽ തീരുമാനമായിട്ടില്ല. തിരുവനന്തപുരത്ത് ചരിത്രത്തിലാദ്യമായി അധികാരത്തിലെത്തിയ ബിജെപി അംഗങ്ങൾ ശ്രീപത്മനാഭ സ്വാമി ക്ഷേത്രദർശനം നടത്തിയശേഷം പാളയത്ത് നിന്ന് ജാഥയായാണ് കോർപ്പറേഷനിലേക്കെത്തിയത്. കെഎസ് ശബരീനാഥൻ അടക്കമുള്ള കോൺഗ്രസ് അംഗങ്ങൾ ഭരണഘടനാ പതിപ്പ് കയ്യിൽ പിടിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്.

കൊല്ലത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. കോർപ്പറേഷനിൽ നിയുക്ത മേയർ എ.കെ ഹഫീസ് ഉൾപ്പടെ യുഡിഎഫിലെ 27 അംഗങ്ങളും എൽഡിഎഫിലെ 16 അംഗങ്ങളും എൻഡിഎയുടെ 12 പേരും ഒരു എസ്ഡിപിഐ അംഗവും ചുമതലയേറ്റു. കോർപ്പറേഷൻ രൂപീകരിച്ച് 25 വർഷത്തിന് ശേഷമാണ്എ ൽഡിഎഫ് അല്ലാതെ മറ്റൊരു മുന്നണി ഭരണത്തിലെത്തുന്നത്. ജില്ലാ പഞ്ചായത്തിൽ ചടയമംഗലം ഡിവിഷനിൽ നിന്ന് വിജയിച്ച മുൻ എംഎൽഎ ആർ. ലതാദേവി അടക്കം 27 അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു.എൽഡിഎഫിന് 17 യുഡിഎഫിന് 10 എന്നിങ്ങനെയാണ് കക്ഷിനില. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള ആദ്യ ടേം സിപിഐയ്ക്ക് ആയതിനാൽ ആർ. ലതാദേവി പ്രസിഡന്‍റ് ആയേക്കും

കോഴിക്കോട് ജില്ലയിൽ 70 ഗ്രാമപഞ്ചായത്തുകളിലെയും 12 ബ്ലോക്ക് പഞ്ചായത്തുകളിലെയും ഏഴ് നഗരസഭകളിലെയും കോഴിക്കോട് കോര്‍പ്പറേഷനിലെയും ജില്ലാ പഞ്ചായത്തിലെയും അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. കോഴിക്കോട് കോര്‍പ്പറേഷനിൽ ചക്കോരത്തുകുളത്ത് നിന്ന് ജയിച്ച ബിജെപി അംഗം അയ്യപ്പന്‍റെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. പത്തനംതിട്ട പ്രമാടം പഞ്ചായത്തിൽ ബിജെപി പ്രതിനിധികൾ ആയി വിജയിച്ച വി ശങ്കർ അയ്യപ്പനാമത്തിലും, ഭാര്യ അഞ്ജലി ശങ്കർ സംസ്കൃതത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്.

Post a Comment

Previous Post Next Post
Join Our Whats App Group