'എല്ലാവർക്കും ആഘോഷിക്കാൻ അവകാശം ഉണ്ട്, ആക്രമണം നടത്തിയവർക്ക് വട്ടാണ്'; ക്രിസ്മസ് ആഘോഷങ്ങൾക്കെതിരായ അതിക്രമങ്ങളില്‍ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ
ദില്ലി: ക്രിസ്മസ് ആഘോഷങ്ങൾക്കതിരെ നടന്ന അതിക്രമ സംഭവങ്ങൾ ബിജെപിയുടെ തലയിൽ വെയക്കാൻ കോൺഗ്രസും സിപിഎമ്മും നോക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ. എല്ലാവർക്കും ആഘോഷിക്കാൻ അവകാശം ഉണ്ടെന്നും അതിക്രമം നടത്തിയവർക്കെതിരെ നടപടി വേണം, 1.40 ബില്യൺ ജനങ്ങളിൽ വട്ടുള്ള ചിലർ ഉണ്ടാകും. അക്രമണം നടത്തിയവർക്ക് വട്ടാണ് എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. രാജ്യത്ത് പലയിടങ്ങളിലായി അതിക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. യുപിയിൽ ക്രിസ്മസ് ആഘോഷിക്കുന്ന ദേവാലയത്തിനു മുന്നില്‍ ഒരു വിഭാഗം എത്തി ഹനുമാൻ ചാലിസ ചൊല്ലിയിരുന്നു. ഛത്തീസ്ഗഡിലെ റായ്പൂരില്‍ ഷോപ്പിംഗ് മോളിലെ ക്രിസ്മസ് അലങ്കാരം ഒരു സംഘം അടിച്ചു തകർക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു. ഈ അതിക്രമ കാഴ്ചകൾ തിരിച്ചടിയാകുന്നതിനിടെയാണ് നരേന്ദ്ര മോദി ചർച്ച് ഓഫ് റിഡംപ്ഷനിലെ ശുശ്രൂഷയിൽ പങ്കെടുക്കാനെത്തിയത്. കൂടെ രാജീവ് ചന്ദ്രശേഖറും ഉണ്ടായിരുന്നു. അക്രമത്തെ പ്രധാനമന്ത്രി നേരിട്ട് അപലപിക്കുകയും തടയുകയും ചെയ്യണമെന്ന് കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
2023 ൽ ഈസ്റ്റർ തലേന്ന് കത്തോലിക്ക സഭയുടെ കീഴിലുള്ള ദില്ലിയിലെ സേക്രഡ് ഹാർട്ട് ദേവാലയത്തിൽ മോദി എത്തിയിരുന്നു. ക്രിസ്മസ് ദിനത്തിൽ തൻറെ വസതിയിലേക്ക് ക്രൈസ്തവ സഭ നേതാക്കളെ ക്ഷണിച്ച് വിരുന്ന് നല്കി. കഴിഞ്ഞ വർഷം സിബിസിഐ ആസ്ഥാനത്തും മന്ത്രി ജോർജ് കുര്യന്‍റെ വസതിയിലും നടന്ന ആഘോഷങ്ങളിൽ മോദി പങ്കെടുത്തു. ഇത്തവണ ശുശ്രൂഷയിൽ മോദി നേരിട്ട് പങ്കെടുക്കുന്നതും മോദിക്കായി പ്രത്യേക പ്രാർത്ഥന നടക്കുന്നതും അസാധാരണ കാഴ്ചയായി. തദ്ദേശഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കേരളത്തിൽ ക്രൈസ്തവരെ കൂടെ നിറുത്താനുള്ള നയം കൊണ്ട് ഗുണം ഉണ്ടായില്ലെന്ന് ബിജെപിയിലെയും ആർഎസ്എസിലും ഒരു വിഭാഗം ആരോപിച്ചിരുന്നു. എന്നാൽ ബിജെപിക്ക് ജയസാധ്യതയുള്ള സീറ്റുകളിൽ ക്രൈസ്തവർ വോട്ടു ചെയ്തെന്നാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേന്ദ്ര നേതാക്കളെ അറിയിച്ചിരിക്കുന്നത്. ക്രൈസ്തവ സഭയുമായി ചേർന്നു നില്ക്കുക എന്ന നിലവിലെ സംസ്ഥാന നേതൃത്വത്തിന്‍റെ നയത്തിനാണ് തന്‍റെ പിന്തുണയെന്ന സന്ദേശം കൂടിയാണ് ദില്ലിയിലെ പ്രധാന ദേവാലായത്തിലെത്തി നരേന്ദ്രമോദി നല്കുന്നത്.
إرسال تعليق