Join News @ Iritty Whats App Group

ഗോസ്റ്റ്‌പെയറിംഗ്! ഫോൺ സാധാരണപോലെ പ്രവർത്തിക്കും, പക്ഷേ വാട്‍സ്ആപ്പ് നിങ്ങളെ ചതിക്കും

ഗോസ്റ്റ്‌പെയറിംഗ്! ഫോൺ സാധാരണപോലെ പ്രവർത്തിക്കും, പക്ഷേ വാട്‍സ്ആപ്പ് നിങ്ങളെ ചതിക്കും


വാട്‍സ്ആപ്പ് ഉപയോക്താക്കൾക്ക് പുതിയതും ഗൗരവതരവുമായ ഒരു മുന്നറിയിപ്പ്. 'ഗോസ്റ്റ്‌പെയറിംഗ്' എന്ന പുതിയ തട്ടിപ്പാണ് പുറത്തുവന്നിരിക്കുന്നത്. ഈ തട്ടിപ്പ് മാര്‍ഗം ഉപയോഗിച്ച് വാട്‍സ്ആപ്പിന്‍റെ 'ഡിവൈസ്-ലിങ്കിംഗ്' സവിശേഷത ചൂഷണം ചെയ്‌തുകൊണ്ട് നിങ്ങളുടെ വാട്‍സ്ആപ്പ് അക്കൗണ്ട് ഹാക്കർമാർക്ക് നിയന്ത്രിക്കാൻ കഴിയുമെന്ന് സൈബർ സുരക്ഷാ വിദഗ്‌ർ മുന്നറിയിപ്പ് നല്‍കുന്നു. പാസ്‌വേഡ്, സിം സ്വാപ്പ് അല്ലെങ്കിൽ വെരിഫിക്കേഷൻ കോഡ് (ഒടിപി) ഇല്ലാതെ തന്നെ ഹാക്കർമാർക്ക് ഒരു ഉപയോക്താവിന്‍റെ വാട്‍സ്ആപ്പ് അക്കൗണ്ടിലേക്ക് പൂർണ്ണ ആക്‌സസ് നൽകുന്ന രീതിയാണിത്. സോഫ്റ്റ്‌വെയർ പിഴവുകൾ ഒന്നും തന്നെ ഉപയോഗിക്കാതെ ഉപയോക്താക്കളെ കബളിപ്പിച്ച് ആക്‌സസ് നേടുന്നതാണ് ഈ തട്ടിപ്പ്.

ഗോസ്റ്റ്‌പെയറിംഗ് ആക്രമണം എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

ഒരു സുഹൃത്തിൽ നിന്നോ പരിചയക്കാരനിൽ നിന്നോ ഉള്ള ഒരു സന്ദേശത്തോടെയാണ് തട്ടിപ്പ് തുടങ്ങുന്നതെന്ന് സൈബർ സുരക്ഷാ സ്ഥാപനമായ ജെൻ ഡിജിറ്റൽ റിപ്പോർട്ട് ചെയ്യുന്നു. "ഹായ് ഞാൻ നിങ്ങളുടെ ഫോട്ടോ കണ്ടെത്തി!" എന്നോ അല്ലെങ്കിൽ "ഈ ഫോട്ടോയിൽ ഇത് നിങ്ങളാണോ?" എന്നോ മറ്റോ നിരുപദ്രവകരമായ എന്തെങ്കിലും ഈ മെസേജിൽ പറഞ്ഞേക്കാം. ഒരു ലിങ്കും ഈ മെസേജിനൊപ്പം അടങ്ങിയിരിക്കും. പലപ്പോഴും ഒരു ഫേസ്ബുക്ക് ഫോട്ടോയോ പോസ്റ്റോ പോലെയാകും ഈ ലിങ്ക് കാണപ്പെടുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു വ്യാജ വെബ്‌പേജ് തുറക്കുന്നു. ഉള്ളടക്കം കാണുന്നതിന്, ഉപയോക്താവിനോട് "പരിശോധിച്ചുറപ്പിക്കാൻ" ആവശ്യപ്പെടും. തുടർന്ന് വാട്‍സ്ആപ്പ് ഒരു ഔദ്യോഗിക പെയറിംഗ് കോഡ് സൃഷ്‍ടിക്കും. ഉപയോക്താക്കളോട് അവരുടെ ഫോൺ നമ്പർ നൽകാൻ ആവശ്യപ്പെടും. അതിനുശേഷം വാട്‍സ്ആപ്പ് ഒരു കോഡ് സൃഷ്‍ടിക്കും.വ്യാജ പേജിൽ ഈ കോഡ് നൽകാൻ ഹാക്കർമാർ ഉപയോക്താവിനോട് നിർദ്ദേശിക്കും. ഇതൊരു പതിവ് സുരക്ഷാ പരിശോധനയായി കരുതി ഉപയോക്താവ് കോഡ് നൽകിക്കഴിഞ്ഞാൽ, അവർ അറിയാതെ തന്നെ ഹാക്കറുടെ ഡിവൈസ് അവരുടെ വാട്‍സ്ആപ്പുമായി ലിങ്ക് ചെയ്യപ്പെടും.

ഹാക്കർമാർക്ക് എന്തിലേക്കാണ് വാട്‌സ്ആപ്പിലേക്ക് പ്രവേശനം ലഭിക്കുന്നത്?

കോഡ് നൽകുന്നതോടെ ഹാക്കർക്ക് നിങ്ങളുടെ വാട്‍സ്ആപ്പ് വെബിലേക്ക് പൂർണ്ണ ആക്‌സസ് ലഭിക്കുന്നു. അവർക്ക് നിങ്ങളുടെ സന്ദേശങ്ങൾ വായിക്കാനും മീഡിയ ഡൗൺലോഡ് ചെയ്യാനും നിങ്ങളുടെ പേരിൽ സന്ദേശങ്ങൾ അയയ്ക്കാനും പുതിയ സന്ദേശങ്ങൾ കാണാനും കഴിയും. നിങ്ങളുടെ ഫോൺ സാധാരണഗതിയിൽ പ്രവർത്തിക്കുന്നത് തുടരുന്നു എന്നതാണ് ഇതിലെ ഏറ്റവും ഭയാനകമായ കാര്യം. അതിനാൽ നിങ്ങളുടെ ഡാറ്റ മോഷ്‍ടിക്കപ്പെടുന്നത് നിങ്ങൾക്ക് മനസിലാകില്ല. യൂറോപ്പിന്‍റെ ചില ഭാഗങ്ങളിലാണ് ഗോസ്റ്റ്‌പെയറിംഗ് തട്ടിപ്പ് രീതി ആദ്യം കണ്ടത്. ഇപ്പോൾ ഈ അപകടം ലോക വ്യാപകമായി അതിവേഗം പടരുകയാണ് എന്നാണ് റിപ്പോർട്ടുകൾ.

സ്വയം എങ്ങനെ സുരക്ഷിതമാകാം?

ഗോസ്റ്റ്‌പെയറിംഗ് തട്ടിപ്പില്‍ ഇരയാകാതിരിക്കാന്‍ ചില സുരക്ഷാ നടപടികൾ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ പാലിക്കേണ്ടതുണ്ട്. നിങ്ങളുടെ വാട്‌സ്ആപ്പിലെ സെറ്റിംഗ്‌സ്- ലിങ്ക്ഡ് ഡിവൈസസ് എന്നതിലേക്ക് പതിവായി പോകുക. അവിടെ ഏതെങ്കിലും അജ്ഞാത ഉപകരണമോ ബ്രൗസറോ കണ്ടാൽ, ഉടൻ അവ ലോഗ് ഔട്ട് ചെയ്യുക. ഏതെങ്കിലും വെബ്‌സൈറ്റിൽ വാട്‌സ്ആപ്പിന്‍റെ 'പെയറിംഗ് കോഡ്' അല്ലെങ്കിൽ ക്യുആർ കോഡ് സ്‌കാൻ ചെയ്യുന്നതിനുള്ള അഭ്യർഥനകൾ സ്വീകരിക്കരുത്. വാട്‌സ്ആപ്പില്‍ 'ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ' ഓണാക്കുക, ഇത് ഒരു അധിക സുരക്ഷാ പാളി ചേർക്കുന്നു. ഒരു സുഹൃത്തിൽ നിന്നാണെങ്കിൽ പോലും, നിങ്ങൾക്ക് ഒരു വിചിത്രമായ ലിങ്ക് ലഭിക്കുകയാണെങ്കിൽ, അതിൽ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് അത് സ്ഥിരീകരിക്കുക. ജാഗ്രതയാണ് ഏറ്റവും നല്ല പ്രതിരോധം, കാരണം ഗോസ്റ്റ്‌പെയറിംഗ് പോലുള്ള ആക്രമണങ്ങൾ സാങ്കേതികവിദ്യയെക്കാൾ മനുഷ്യന്‍റെ വിശ്വാസത്തെ ചൂഷണം ചെയ്യുന്നു.

Post a Comment

أحدث أقدم
Join Our Whats App Group