Join News @ Iritty Whats App Group

അതിജീവിതയെ അധിക്ഷേപിച്ച കേസ്: പൂജപ്പുര ജില്ലാ ജയിലിൽ നിരാഹാരമിരിക്കുമെന്ന് രാഹുൽ ഈശ്വർ

അതിജീവിതയെ അധിക്ഷേപിച്ച കേസ്: പൂജപ്പുര ജില്ലാ ജയിലിൽ നിരാഹാരമിരിക്കുമെന്ന് രാഹുൽ ഈശ്വർ


തിരുവനന്തപുരം: ജയിലിൽ നിരാഹാരമിരിക്കുമെന്ന് അതിജീവിതയെ അധിക്ഷേപിച്ച കേസിൽ റിമാൻ്റിലായ രാഹുൽ ഈശ്വർ. ഇത് ആണുങ്ങൾക്ക് വേണ്ടിയുള്ള സമരമാണ്. കോടതി പറയുന്നത് പച്ചക്കള്ളമാണ്. പൊലീസ് തെറ്റിദ്ധരിപ്പിച്ചുവെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ജാമ്യഹർജി തള്ളിയതിന് ശേഷം ജയിലിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് രാഹുൽ ഈശ്വർ മാധ്യമങ്ങളോട് പ്രതികരിച്ചത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്നും പൊലീസ് വിലക്കിയെങ്കിലും ജീപ്പിൽ കയറ്റുന്നതിനിടെയാണ് രാഹുൽ, ജയിലിൽ നിരാഹാരമിരിക്കുമെന്ന് പ്രതികരിച്ചത്. 14 ദിവസത്തേക്ക് റിമാന്റ് ചെയ്തതോടെ രാഹുൽ ഈശ്വറെ പൂജപ്പുര ജില്ലാജയിലിലേക്ക് കൊണ്ടുപോയി. ഇന്നലെയാണ് കേസിൽ രാഹുൽ ഈശ്വറെ അറസ്റ്റ് ചെയ്തത്. പിന്നീട് വീട്ടിൽ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ പിടിച്ചെടുത്തിരുന്നു.

അതേസമയം, അറസ്റ്റ് സുപ്രീംകോടതി വിധിയുടെ ലംഘനമെന്നാണ് രാഹുൽ ഈശ്വറിന്റെ വാദം. അറസ്റ്റ് നിയമപരമായി നടത്തിയിട്ടില്ല. നോട്ടീസ് നൽകിയത് പോലും പിടികൂടി കൊണ്ട് വന്ന ശേഷം 40 മിനിറ്റ് കഴിഞ്ഞാണെന്നും രാഹുൽ ഈശ്വർ കോടതിയിൽ പറഞ്ഞു. നോട്ടീസ് നൽകിയിരുന്നുവെന്നും എന്നാൽ അത് കൈപ്പറ്റിയില്ലെന്നുമാണ് പ്രോസിക്യൂഷൻ വാദം. രാഹുൽ ഈശ്വർ പരാതിക്കാരിയെ അപമാനിക്കുന്ന രീതിയിൽ പ്രവർത്തിച്ചുവെന്ന് വാദിച്ച പ്രോസിക്യൂഷൻ, ജാമ്യ ഹർജിയെ ശക്തമായി എതിർത്തു. അതേസമയം, രാഹുൽ ഈശ്വറിനെതിരെ ഗുരുതര ആരോപണങ്ങളാണ് റിമാൻ്റ് റിപ്പോർട്ടിലുള്ളത്. പരാതിക്കാരിയുടെ ചിത്രങ്ങൾ ഉൾപ്പെടെ ലാപ്ടോപ്പിൽ രാഹുൽ തയ്യാറാക്കിയ വീഡിയോകൾ പരാതിക്കാരിയെ അപമാനിക്കുന്ന തരത്തിലുള്ളതാണ്. പ്രതി സ്ഥിരമായി ഇത്തരം കാര്യം ചെയ്യുന്നയാളാണെന്നും മറ്റ് പ്രതിക്കെതിരെ സമാന കേസുകളുണ്ടെന്നും റിമാൻ്റ് റിപ്പോർട്ടിൽ പറയുന്നു.

അതിജീവിതയുടെ പരാതിയിൽ നാല് പേര്‍ പ്രതികൾ

രാഹുലിനൊപ്പം കേസിൽ പ്രതി ചേർക്കപ്പെട്ട കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ, മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രജിത പുളിക്കൻ, ദീപാ ജോസഫ് എന്നിവർക്കെതിരെയും നടപടിയുണ്ടാകും. ഇവർക്ക് ഹാജരാകാനായി സൈബർ പൊലീസ് നോട്ടീസ് നൽകും. പരാതിക്കാരിക്കെതിരെ മോശം കമന്‍റുകള്‍ ചെയ്തവർക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ജില്ലാ തലങ്ങളിൽ വരുന്ന പരാതികളിൽ കേസെടുത്ത് നടപടി സ്വീകരിക്കാനണ് എഡിജിപി നൽകിയിട്ടുള്ള നിർദ്ദേശം. പരാതിക്കാരിക്കെതിരായ മോശം പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാൻ ഫേസ്ബുക്കിനോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്

Post a Comment

أحدث أقدم
Join Our Whats App Group