Join News @ Iritty Whats App Group

യുപി സ്വദേശിയുടെ മരണം; കയ്യേറ്റം ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാതെ പൊലീസ്

യുപി സ്വദേശിയുടെ മരണം; കയ്യേറ്റം ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാതെ പൊലീസ്


കണ്ണൂര്‍: ചേപ്പറമ്ബില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുപി സ്വദേശി നയിം സല്‍മാനിയെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെ പൊലീസ് നടപടി വൈകുന്നു.

സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അക്രമിസംഘത്തിലുള്ളവരെ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ല. കടയുടമ ജോണി സെബാസ്റ്റ്യന്‍ നല്‍കിയ പരാതിയില്‍ ശ്രീകണ്ഠാപുരം പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മുടിമുറിപ്പിച്ചതിന്റെ കൂലിയുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച പയറ്റിയാല്‍ സ്വദേശി ജിസ് വര്‍ഗീസ് നയിമുമായി വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ക്രിസ്മസ് ദിവസം വൈകിട്ട് കടയിലെത്തിയ ജിസ് വര്‍ഗീസും കൂട്ടുകാരും ചേര്‍ന്ന് നയിമിനെയും മകനെയും ആക്രമിച്ചു. തടയാനെത്തിയ കടയുടമ ജോണിയെയും സംഘം മര്‍ദിച്ചു. അന്ന് രാത്രി നയിമിന്റെ കൊട്ടൂര്‍ വയലിലെ താമസ സ്ഥലത്തും സംഘമെത്തി നയിമിന്റെ ബൈക്ക് അടക്കം തകര്‍ത്തു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കാന്‍ ഇരിക്കെ വെള്ളിയാഴ്ച രാവിലെ ശ്രീകണ്ഠാപുരം മരമില്ലിന് സമീപം നയിം റോഡില്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് നയിമിന്റെ മൃതദ്ദേഹം നാട്ടിലേക്ക് കൊണ്ടുപോയതിന് ശേഷം കടയുടമ അക്രമം സംബന്ധിച്ച്‌ പൊലീസില്‍ പരാതി നല്‍കി. ജിസ് വര്‍ഗീസ്, ജിബിന്‍ ചാക്കോ, അജയ് ദേവ് കണ്ടാലറിയാവുന്ന നാലുപേരെയും ചേര്‍ത്താണ് പരാതി. ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന പേരില്‍ കേസെടുത്തെങ്കിലും പ്രതികളെ കസ്റ്റഡിയില്‍ എടുക്കാന്‍ പോലും പൊലീസിന്റെ ഭാഗത്തു നിന്നും നടപടി ഇതുവരെ ഉണ്ടായിട്ടില്ല.

Post a Comment

Previous Post Next Post
Join Our Whats App Group