Join News @ Iritty Whats App Group

ബംഗ്ലാദേശ് ഭരണകൂടത്തിന് ഇന്ത്യയുടെ കടുത്ത മുന്നറിയിപ്പ്, 'ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണത്തിൽ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം'

ബംഗ്ലാദേശ് ഭരണകൂടത്തിന് ഇന്ത്യയുടെ കടുത്ത മുന്നറിയിപ്പ്, 'ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണത്തിൽ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം'


ദില്ലി: ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണത്തിൽ കടുത്ത ആശങ്ക അറിയിച്ചും മുന്നറിയിപ്പ് നൽകിയും ഇന്ത്യ. ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ തുടരുന്ന അതിക്രമങ്ങൾ ആശങ്കാജനകമെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. അടുത്തിടെ നടന്ന ഹിന്ദു യുവാക്കളുടെ കൊലപാതകത്തെ അങ്ങേയറ്റം ഖേദകരമെന്ന് വിശേഷിപ്പിച്ച വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ, ഇന്ത്യക്കെതിരെ ബംഗ്ലാദേശിൽ തെറ്റായ പ്രചാരണം നടക്കുന്നു എന്നും കൂട്ടിച്ചേർത്തു. ഇത്തരം സംഭവങ്ങൾ ഒരു തരത്തിലും ഇന്ത്യക്ക് അവഗണിക്കാനാവില്ലെന്നും കർശന നടപടി വേണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയിൽ വലിയ ആശങ്കയുണ്ടെന്നും കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും രൺധീർ ജയ്‌സ്വാൾ കൂട്ടിച്ചേർത്തു.

ബംഗ്ലാദേശിലെ മെയ്മെന്‍സിംഗില്‍ ആള്‍ക്കൂട്ടം ഹിന്ദു യുവാവിനെ മര്‍ദ്ദിച്ച് കൊന്നതിലുള്ള കടുത്ത അതൃപ്തി വ്യക്തമാക്കുകയായിരുന്നു ഇന്ത്യ. ആള്‍ക്കൂട്ട കൊലയെ അപലപിക്കുന്നുവെന്നും നിയമ ലംഘകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും 27 കാരനായ ദിപു ചന്ദ്രദാസിന്‍റെ കൊലപാതകം ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്‍റെ കാലത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ മൂവായിരത്തോളം അക്രമസംഭവങ്ങളുണ്ടായെന്നാണ് കണക്ക്. സമാധാനവും, സ്ഥിരതയുള്ളതുമായ ബന്ധമാണ് ബംഗ്ലാദേശുമായി ഇന്ത്യ ആഗ്രഹിക്കുന്നത്. ഫെബ്രുവരിയില്‍ ബംഗ്ലാദേശില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് സുതാര്യമാകണം. എല്ലാ വിഭാഗങ്ങളയും ഉള്‍ക്കൊള്ളുന്ന തെരഞ്ഞെടുപ്പാണ് നടത്തേണ്ടത് എന്ന് വ്യക്തമാക്കുക വഴി ഷെയ്ക്ക് ഹസീനയെയും അവരുടെ പാര്‍ട്ടിയേയും പരിഗണിക്കണമെന്ന് കൂടിയാണ് ഇന്ത്യ പറഞ്ഞു വയ്ക്കുന്നത്.


ഇന്ത്യ അതീവ ഗൗരവത്തോടെ വീക്ഷിക്കുന്നു

ബംഗ്ലാദേശിൽ ഭരണമാറ്റത്തിന് പിന്നാലെ ന്യൂനപക്ഷങ്ങൾക്ക് നേരെ നിരന്തരമായി നടക്കുന്ന ആക്രമണങ്ങളെ ഇന്ത്യ അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ തന്നെ ഈ വിഷയം ചർച്ചയാക്കാൻ ഇന്ത്യ നീക്കം നടത്തുന്നുണ്ട്. ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ ബംഗ്ലാദേശ് ഇടക്കാല സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

രൂക്ഷ വിമർശനവുമായി ഹസീന

അതേസമയം മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ ബംഗ്ലാദേശിൽ തിരിച്ചെത്തിയതിലും രൺധീർ ജയ്സ്വാൾ നിലപാട് വ്യക്തമാക്കി. താരിഖ് റഹ്മാന്‍റെ തിരിച്ചു വരവ് ബംഗ്ലാദേശിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കാണുന്നതെന്നാണ് രൺധീർ ജയ്സ്വാൾ പറഞ്ഞത്. നീണ്ട 17 വർഷം ലണ്ടനിൽ അഭയാർത്ഥിയായി കഴിഞ്ഞ ശേഷമാണ് താരിഖ് റഹ്മാൻ ബംഗ്ലാദേശിൽ മടങ്ങിയെത്തിയത്. ബംഗ്ലാദേശുമായുള്ള ബന്ധം ശക്തമാക്കണം എന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗ്ലാദേശിൽ സ്വതന്ത്രവും നിഷ്പക്ഷവും എല്ലാവരെയും ഉൾക്കൊള്ളുന്നതായ തെരഞ്ഞെടുപ്പ് നടക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും വിദേശകാര്യ വക്താവ് കൂട്ടിച്ചേർത്തു.

ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെതിരെ മുന്‍ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന രൂക്ഷ വിമര്‍ശനം ആവര്‍ത്തിച്ചു. മുസ്ലീങ്ങളല്ലാത്തവര്‍ക്ക് രാജ്യത്ത് താമസിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഇതായിരുന്നില്ല ബംഗ്ലാദേശിന്‍റെ ഭൂതകാലമെന്നും,ഏറെ നാള്‍ ഇങ്ങനെ പോകാനാവില്ലെന്നും ഷെയ്ഖ് ഹസീന അപലപിച്ചു. അതേസമയം ഇന്നലെ കൊല്ലപ്പെട്ട യുവാവ് കൊലപാതക കേസിലടക്കം പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ട അമൃത് മണ്ഡലിനെതിരെ നിരവധി പരാതികള്‍ കിട്ടിയിട്ടുണ്ട്. അമൃത് മണ്ഡലിനൊപ്പം പിടികൂടിയ യുവാവില്‍ നിന്ന് തോക്കുകള്‍ പിടികൂടിയതായും പൊലീസ് അറിയിച്ചു

Post a Comment

أحدث أقدم
Join Our Whats App Group