Join News @ Iritty Whats App Group

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പുതിയ കുരുക്ക്, ഇഡിയുടെ അപ്പീലിൽ ദില്ലി ഹൈക്കോടതി നോട്ടീസയച്ചു

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പുതിയ കുരുക്ക്, ഇഡിയുടെ അപ്പീലിൽ ദില്ലി ഹൈക്കോടതി നോട്ടീസയച്ചു


ദില്ലി: നാഷണൽ ഹെറാൾഡ് കേസ് കേസിൽ സോണിയ ഗാന്ധിയും രാഹുൽഗാന്ധിയുമടക്കമുള്ള എതിർകക്ഷികൾക്ക് ദില്ലി ഹൈക്കോടതി നോട്ടീസയച്ചു. സ്റ്റേ ആവശ്യത്തിൽ ഉൾപ്പെടെ മറുപടി സമർപ്പിക്കാനാണ് ഹൈക്കോടതി നിർദ്ദേശം. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരായ കുറ്റപത്രം അംഗീകരിക്കാത്ത വിചാരണക്കോടതി നടപടിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച അപ്പീലിലാണ് ദില്ലി ഹൈക്കോടതിയുടെ നടപടി. വിചാരണക്കോടതി നടപടി തെറ്റെന്നാണ് ഇ ഡി വാദിച്ചത്. മറ്റ് കേസുകളെയും ഇത് ബാധിക്കുമെന്നും ഇ ഡി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വകാര്യ അന്യായത്തിൻ്റെ അടിസ്ഥാനത്തിൽ ഇ ഡി സമർപ്പിച്ച കുറ്റപത്രം നിലനിൽക്കില്ലെന്നായിരുന്നു ദില്ലി റൗസ് അവന്യു കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടത്. ഇതിന്മേലാണ് അപ്പിലൂമായി ഇ ഡി ഹൈക്കോടതിയെ സമീപിച്ചത്.

കേസിന്‍റെ വിശദാംശങ്ങൾ

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും ഉൾപ്പെടെ ആറു പേർക്കെതിരെയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചത്. 2000 കോടിയുടെ തട്ടിപ്പെന്നായിരുന്നു കുറ്റപത്രത്തിൽ ആരോപണം. പ്രത്യേക ഇ ഡി കോടതി ഈ കുറ്റപത്രമാണ് കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞത്. ഏതെങ്കിലും എഫ് ഐ ആറിൻ്റെ അടിസ്ഥാനത്തിൽ അല്ല നിലവിൽ ഇ ഡി കേസെടുത്ത് കുറ്റപ്പത്രം നൽകിയതെന്ന് കോടതി നിരീക്ഷിച്ചു. ബി ജെ പി നേതാവ് സുബ്രഹ്മണ്യം സ്വാമി നൽകിയ സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം. എഫ് ഐ ആറിൻ്റെ അടിസ്ഥാനത്തിൽ മാത്രമേ കള്ളപ്പണ നിരോധന നിയമപ്രകാരം കേസ് എടുക്കാനാകൂ. ഇത് ചൂണ്ടിക്കാട്ടിയാണ് കോടതി കുറ്റപ്പത്രം സ്വീകരിക്കാൻ വിസമ്മതിച്ചത്. നിലവിൽ നാഷണൽ ഹെറാൾഡ് കേസിലെ ഗൂഢാലോചനയിൽ ദില്ലി പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

കുറ്റപത്രം തള്ളിക്കളഞ്ഞ കോടതി നടപടി കേന്ദ്ര സർക്കാരിന് വലിയ ക്ഷീണമായതോടെയാണ് ഹൈക്കോടതിയിൽ അപ്പീലുമായി ഇ ഡ‍ി എത്തിയത്. കുറ്റപത്രം തള്ളിക്കളഞ്ഞ കോടതി നടപടി ചൂണ്ടിക്കാട്ടി ബി ജെ പിക്കെതിരെ കോൺഗ്രസ് രൂക്ഷ വിമർശനം ഉയർത്തിയിട്ടുണ്ട്. നിലവിലെ ഇ ഡി നടപടി നിയമവിരുദ്ധമാണെന്ന് തെളിഞ്ഞെന്നാണ് കോൺഗ്രസ് അഭിപ്രായപ്പെട്ടത്. ജനാധിപത്യം സംരക്ഷിക്കാനുള്ള രാഹുൽ ഗാന്ധിയുടെ ശ്രമത്തിനെതിരായ ഗൂഢാലോചന തകർന്നും കോൺഗ്രസ് നേതൃത്വം പ്രതികരിച്ചിട്ടുണ്ട്. അടിസ്ഥാനമില്ലാത്ത കേസാണ് ഇതെന്നും സത്യം പുറത്തുവരുമെന്നുമാണ് പ്രിയങ്കഗാന്ധി പറഞ്ഞത്. നേരത്തെ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇഡി കേസിൽ ജാമ്യം എടുത്തിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group