മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: സ്വകാര്യ ബസുകളില്‍ സീറ്റ് സംവരണം അട്ടിമറിക്കില്ല
കണ്ണൂർ: തലശേരി-അഞ്ചരക്കണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസുകളില്‍ മുതിർന്ന പൗരൻമാരുടെയും അംഗപരിമിതരുടെയും സീറ്റുകള്‍ കൈയേറാൻ അനുവദിക്കരുതെന്ന കർശന നിർദേശം ബസ് കണ്ടക്ടർമാർക്ക് നല്‍കിയിട്ടുണ്ടെന്ന് കണ്ണൂർ ആർടിഒ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
സീറ്റ് കൈയേറുകയാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയില്‍ കമ്മീഷൻ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നടപടി സ്വീകരിക്കാൻ കണ്ണൂർ ആർടിഒയ്ക്ക് നിർദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ബസുകളില്‍ പരിശോധന നടത്തിയതായി റിപ്പോർട്ടില്‍ പറഞ്ഞു. സീറ്റ് റിസർവ് ചെയ്തതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും സീറ്റ് ലഭിക്കാത്ത സംവരണ വിഭാഗത്തിലുള്ള യാത്രക്കാരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടില്‍ പറഞ്ഞു. എന്നാലും ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ കണ്ടക്ടർമാർക്ക് ബോധവത്കരണം നല്കിയിട്ടുണ്ട്.
സംവരണത്തിന് അർഹരായ യാത്രക്കാർക്ക് അതിനുള്ള സൗകര്യം ചെയ്യാൻ നിർദേശം നല്കിയിട്ടുണ്ടെന്ന് റിപ്പോർട്ടില്‍ പറഞ്ഞു. ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്താൻ നിരന്തര പരിശോധന നടത്തുമെന്നും റിപ്പോർട്ടിലുണ്ട്. ആർടിഒ യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ പരാതി തീർപ്പാക്കി. കണിയാങ്കണ്ടി ഉപശ്ലോകൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
Post a Comment