Join News @ Iritty Whats App Group

കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്

കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്


ദില്ലി: ഇൻഡിഗോ വിമാന യാത്രാ പ്രതിസന്ധിയിൽ സി ഇ ഒ പീറ്റർ എൽബേഴ്സ് കുറ്റസമ്മതം നടത്തി. കണക്കുകൂട്ടലുകൾ പിഴച്ചെന്നാണ് ഇൻഡിഗോ സി ഇ ഒയുടെ കുറ്റസമ്മതം. വ്യോമയാന മന്ത്രിയും ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിലാണ് ഇൻഡിഗോ സി ഇ ഒ കുറ്റ സമ്മതം നടത്തിയത്. പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻസ് (എഫ് ഡി ടിഎൽ) ചട്ടങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്ന് സി ഇ ഒ പീറ്റർ എൽബേഴ്സ് സമ്മതിച്ചതായാണ് റിപ്പോർട്ട്. പുതിയ സമയക്രമത്തിനനുസരിച്ച് ജീവനക്കാരെ നിയമിച്ചില്ലെന്നും സർവീസുകൾ കൂട്ടിയത് പ്രതിസന്ധിയുടെ ആക്കം കൂട്ടിയെന്നും അദ്ദേഹം വിശദീകരിച്ചതായാണ് വിവരം. കുറ്റസമ്മതത്തിന് പിന്നാലെയാണ് ഡി ജി സി എ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. സി ഇ ഒ പീറ്റർ എൽബേഴ്സിനെതിരെ കടുത്ത നടപടി ഉറപ്പാണെന്നാണ് വ്യോമയാന മന്ത്രാലയത്തിൽ നിന്നും പുറത്തുവരുന്ന വാർത്ത. ഡി ജി സി എ അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് കിട്ടിയാലുടൻ നടപടിയുണ്ടാകും. ഇൻഡിഗോക്ക് നൽകിയ ഇളവുകൾ ഫെബ്രുവരി 10 വരെ മാത്രമാണെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇന്ന് കൂടുതൽ സർവീസുകൾ നടത്തുമെന്ന് ഇൻഡിഗോ കമ്പനി അറിയിച്ചു.

കാരണംകാണിക്കൽ നോട്ടീസിന് ഇന്ന് മറുപടി

യാത്രാ പ്രതിസന്ധിയിൽ ഡി ജി സി എയുടെ കാരണം കാണിക്കൽ നോട്ടീസിന് ഇൻഡിഗോ സി ഇ ഒ പീറ്റർ എൽബേഴ്സ് ഇന്ന് മറുപടി നൽകും. വ്യോമയാന നിയമങ്ങൾ ലംഘിക്കപ്പെട്ടെന്നും ആസൂത്രണത്തിലും വിഭവ ഉപയോഗത്തിലും വീഴ്ചയുണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് ഇന്നലെ ഡി ജി സി എ നോട്ടീസ് നൽകിയത്. നോട്ടീസ് കൈപ്പറ്റി 24 മണിക്കൂറിനകം മറുപടി നൽകണമെന്നാണ് കമ്പനി സി ഇ ഒ പീറ്റർ എൽബേഴ്സിന് നൽകിയ നിർദ്ദേശം. കമ്പനി മേധാവി തന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റിയില്ലെന്നും യാത്രക്കാർക്ക് വലിയ ക്ലേശം കമ്പനി കാരണമുണ്ടായെന്നും നോട്ടീസിൽ പറയുന്നു. ഇൻഡിഗോ പ്രതിസന്ധിയിൽ കർശന നടപടിയെടുക്കാത്തതിൽ ഡി ജി സി എയെയും സിവിൽ വ്യോമയാന മന്ത്രാലയത്തെയും വിമർശനം നേരിടുന്നതിനിടെയാണ് ഇന്നലത്തെ നോട്ടീസ്.

അതേസമയം, രാജ്യത്തെ വിവിധ നഗരങ്ങളിലേക്കുള്ള വിമാനസർവീസുകൾ ഇന്നും റദ്ദാക്കിയേക്കും. റദ്ദാക്കപ്പെട്ട ടിക്കറ്റുകളുടെ തുക തിരികെ നൽകണമെന്ന് മന്ത്രാലയം നിർദ്ദേശം നൽകിയതിന് പിന്നാലെ ഇൻഡിഗോ റീഫണ്ട് നടപടികൾ വേഗത്തിലാക്കി. നാളെയോടെ കുടുങ്ങിക്കിടക്കുന്ന ബാഗേജുകളും എത്തിച്ചു നൽകണമെന്നാണ് മന്ത്രാലയ നിർദ്ദേശം. സർവീസുകൾ സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഇൻഡിഗോ അറിയിച്ചു. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഇന്നും റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തും.

Post a Comment

أحدث أقدم
Join Our Whats App Group