Join News @ Iritty Whats App Group

തിരുവനന്തപുരം കോ‍ർപ്പറേഷൻ 'സ്വതന്ത്ര രാജ്യം' അല്ല, ബസുകൾ എവിടെ ഓടണം എന്ന് മേർക്ക് ഒറ്റയ്ക്ക് തീരുമാനിക്കാനാവില്ല; വിമർശിച്ച് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം കോ‍ർപ്പറേഷൻ 'സ്വതന്ത്ര രാജ്യം' അല്ല, ബസുകൾ എവിടെ ഓടണം എന്ന് മേർക്ക് ഒറ്റയ്ക്ക് തീരുമാനിക്കാനാവില്ല; വിമർശിച്ച് മന്ത്രി ശിവൻകുട്ടി


തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത് സർവീസ് നടത്തുന്ന ഇലക്ട്രിക് ബസുകൾ കോർപ്പറേഷൻ അതിർത്തിക്കുള്ളിൽ മാത്രമേ ഓടാവൂ എന്ന തിരുവനന്തപുരം മേയർ വി.വി. രാജേഷിന്റെ പ്രസ്താവന അങ്ങേയറ്റം അപക്വമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വികസന പ്രവർത്തനങ്ങളെ സങ്കുചിതമായ രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രം കാണുന്ന ഒരു വ്യക്തിക്ക് മാത്രമേ ഇത്തരത്തിൽ സംസാരിക്കാൻ സാധിക്കുകയുള്ളൂ. ഈ പദ്ധതിയുടെ യാഥാർത്ഥ്യങ്ങൾ മേയർ മനസ്സിലാക്കാത്തതാണോ അതോ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവ്വം ശ്രമിക്കുകയാണോ എന്ന് വ്യക്തമാക്കേണ്ടതുണ്ടെന്ന് മന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു.

സ്മാർട്ട് സിറ്റി പദ്ധതിക്കായി കേന്ദ്രവും സംസ്ഥാനവും 500 കോടി രൂപ വീതമാണ് വകയിരുത്തിയിരിക്കുന്നത്. ഇതിൽ തിരുവനന്തപുരം കോർപ്പറേഷൻ മുടക്കുന്നത് 135.7 കോടി രൂപയാണ്. പദ്ധതിയുടെ 60 ശതമാനത്തിലധികം തുക സംസ്ഥാന ഖജനാവിൽ നിന്നാണ് ചിലവഴിക്കുന്നത് എന്നിരിക്കെ, മേയർ ഇപ്പോൾ നടത്തുന്ന പ്രസ്താവനകൾ പരിഹാസ്യമാണ്. ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ അനേകം വികസന പ്രവർത്തനങ്ങളിൽ ഒന്ന് മാത്രമാണ് ഈ 113 വാഹനങ്ങൾ. നിലവിൽ സർവീസ് നടത്തുന്നവയിൽ 50 വാഹനങ്ങൾ കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ളതാണ്. സ്മാർട്ട് സിറ്റി പദ്ധതിയിലെ ബസുകൾ ഓടിക്കുന്നതും നിയന്ത്രിക്കുന്നതും കെ.എസ്.ആർ.ടി.സിയാണ്.

സ്മാർട്ട് സിറ്റി, കോർപ്പറേഷൻ, കെ എസ് ആർ ടി സി എന്നിവ ചേർന്നുള്ള ത്രികക്ഷി കരാറാണ് ഇതിനുള്ളത്. ഈ ബസുകളുടെ മെയിന്റനൻസ്, ഡ്രൈവർ, കണ്ടക്ടർ, ടിക്കറ്റ് മെഷീൻ തുടങ്ങി സർവ സംവിധാനങ്ങളും ഒരുക്കുന്നത് കെ.എസ്.ആർ.ടി.സിയാണ്. അല്ലാതെ കോർപ്പറേഷൻ ജീവനക്കാരല്ല ഈ ബസുകൾ ഓടിക്കുന്നത്. സർവീസ് കാര്യങ്ങൾ പരിശോധിക്കാൻ ഒരു ഉപദേശക സമിതിയുണ്ട് എന്നതും, മേയർ ആ കമ്മിറ്റിയുടെ അധ്യക്ഷനാണ് എന്നതും മാത്രമാണ് ആകെയുള്ള കാര്യം. അതിനർത്ഥം ബസുകൾ എവിടെ ഓടണം എന്ന് ഒറ്റയ്ക്ക് തീരുമാനിക്കാനുള്ള അധികാരം മേയർക്കില്ല എന്നതാണ്. തിരുവനന്തപുരം കോർപ്പറേഷൻ എന്നത് ഇന്ത്യയിൽ നിന്ന് വേറിട്ടുനിൽക്കുന്ന ഒരു 'സ്വതന്ത്ര രാജ്യം' ഒന്നുമല്ലെന്നും മന്ത്രി പറഞ്ഞു.

ഇതൊരു സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്. ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും ഒക്കെ ദിനംപ്രതി ആയിരക്കണക്കിന് ആളുകൾ വന്നുപോകുന്ന ഇടമാണിത്. നഗരസഭാ അതിർത്തിയിൽ വരമ്പുവെച്ച് ഗതാഗത സൗകര്യം തടയാൻ നോക്കുന്നത് വികസന വിരുദ്ധമായ നിലപാടാണ്.മുൻ മേയർമാരായ വി.കെ. പ്രശാന്തും ആര്യാ രാജേന്ദ്രനും തിരുവനന്തപുരത്തിന്റെ വികസനത്തെ എത്രത്തോളം ക്രിയാത്മകമായി കണ്ടിരുന്നു എന്ന് ജനം ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. അവരുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ മേയറുടെ ഭരണവും കാഴ്ചപ്പാടും എത്രത്തോളം പുറകിലാണെന്ന് വരും ദിവസങ്ങളിൽ ജനങ്ങൾക്ക് കൂടുതൽ ബോധ്യപ്പെടും. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് മേൽ കുതിരകയറാതെ, പ്രായോഗിക ബുദ്ധിയോടെ കാര്യങ്ങളെ സമീപിക്കാൻ മേയർ തയ്യാറാകണമെന്നും മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group