പതിയ തൊഴിലുറപ്പ് നിയമം; 'മോദിയുടെ വണ്‍മാൻ ഷോ', രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്
ദില്ലി: പുതിയ തൊഴിലുറപ്പ് നിയമത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്. അടുത്ത മാസം അഞ്ച് മുതല്‍ തൊഴിലുറപ്പ് സംരക്ഷണ പോരാട്ടം തുടങ്ങുമെന്ന് ദില്ലിയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം ഹൈക്കമാന്‍ഡ് നേതൃത്വം വ്യക്തമാക്കി. പുതിയ നിയമം മോദിയുടെ മറ്റൊരു വണ്‍മാൻ ഷോയാണെന്നും, മന്ത്രിസഭയെ അറിയിക്കാതെ പ്രധാനമന്ത്രി ഒറ്റക്കെടുത്ത തീരുമാനമാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. വിബി ജി റാംജി എന്ന പുതിയ തൊഴിലുറപ്പ് നിയമത്തിനെതിരെ പാര്‍ലമെന്‍റിന് പുറത്തും പോരാടാനാണ് കോണ്‍ഗ്രസ് തീരുമാനം. അടുത്ത അഞ്ച് മുതല്‍ പ്രക്ഷോഭം തുടങ്ങും. പഴയ നിയമം പുനസ്ഥാപിക്കണം. മഹാത്മ ഗാന്ധിയുടെ പേരും നിലനിര്‍ത്തണം. പഴയ നിയമത്തിലൂടെ തൊഴിലാളികളുടെ പലായനം ഒരു പരിധി വരെ തടയാന്‍ കഴിഞ്ഞിരുന്നു. സ്ത്രീ ശാക്തീകരണം ഉറപ്പ് വരുത്തിയിരുന്നു. നൂറ് തൊഴില്‍ ദിനങ്ങളിലൂടെ സാമ്പത്തിക ഭദ്രതയും ഉറപ്പാക്കി. എന്നാല്‍ പുതിയ നിയമത്തിലൂടെഎല്ലാം അട്ടിമറിക്കപ്പെട്ടിരുക്കുന്നുവെന്ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പറഞ്ഞു.
സംസ്ഥാനങ്ങള്‍ക്ക് അധിക ബാധ്യത വരുത്തി പദ്ധതി ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ആ പണം വകമാറ്റി പല പദ്ധതികളിലൂടെ അദാനിക്കെത്തിച്ച് കൊടുക്കാനാണ് മോദിയുടെ ശ്രമം. കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാനോ, കേന്ദ്രമന്ത്രി സഭയോ അറിയാതെ മോദി ഒറ്റക്കെടുത്ത തീരുമാനമാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
തൊഴിലുറപ്പ് പ്രക്ഷോഭത്തില്‍ ഇന്ത്യ സഖ്യത്തിലെ കക്ഷികളുടെ പിന്തുണ കോണ്‍ഗ്രസ് തേടും. പ്രക്ഷോഭത്തിന്‍റെ വിശദാംശങ്ങള്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ സാധാരണക്കാരെ ബാധിക്കുന്ന ഈ വിഷയം ഉയര്‍ത്തി പ്രചാരണത്തിലേക്ക് കടക്കാനാണ് തീരുമാനം. ശശി തരൂരടക്കം 91 പേര‍്‍ പങ്കെടുത്ത പ്രവർത്തക സമിതി പ്രതിജ്ഞയെടുത്താണ് കേന്ദ്രസര്‍ക്കാരിനെതിരായ പ്രക്ഷോഭത്തിലേക്ക് കടക്കുന്നത്.
Post a Comment