Join News @ Iritty Whats App Group

പലസ്തീൻ പോപുലർ ഫോഴ്‌സസ് നേതാവ് യാസർ അബു ഷബാബ് കൊല്ലപ്പെട്ടു; ഗാസയിൽ ഇസ്രയേലിന് കനത്ത തിരിച്ചടി; മരിച്ചത് ഹമാസ് വിരുദ്ധ ചേരിയുടെ നേതാവ്

പലസ്തീൻ പോപുലർ ഫോഴ്‌സസ് നേതാവ് യാസർ അബു ഷബാബ് കൊല്ലപ്പെട്ടു; ഗാസയിൽ ഇസ്രയേലിന് കനത്ത തിരിച്ചടി; മരിച്ചത് ഹമാസ് വിരുദ്ധ ചേരിയുടെ നേതാവ്


ഗാസ: ഇസ്രായേലിന്റെ പിന്തുണയോടെ ഗാസയിൽ പ്രവർത്തിക്കുന്ന ഹമാസ് വിരുദ്ധ സായുധ വിഭാഗത്തിന്റെ നേതാവ് യാസർ അബു ഷബാബ് കൊല്ലപ്പെട്ടു. ഗാസ മുനമ്പിൽ വെച്ച് അജ്ഞാതരുടെ ആക്രമണത്തിൽ ഇദ്ദേഹം കൊല്ലപ്പെട്ടെന്നാണ് പുറത്തുവരുന്ന വിവരം. ഗാസയിൽ മാത്രമായി പ്രവർത്തിക്കുന്ന ഇസ്രയേലുമായി സഹകരിക്കുന്ന ഹമാസ് വിരുദ്ധ, പോപ്പുലർ ഫോഴ്‌സസ് നേതാവായിരുന്നു ഇദ്ദേഹം.

പലസ്‌തീൻകാരനായ യാസർ അബു ഷബാബിൻ്റെ കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. എന്നാൽ ഹമാസ് അനുഭാവികളോ അല്ലെങ്കിൽ, അബു സ്നൈമ കുടുംബം പോലെ ഗാസയിലെ സായുധ കുടുംബങ്ങളുമായുള്ള തർക്കമോ ആകാം കൊലപാതകത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു. ഗാസയിൽ ഹമാസിന്റെ സ്വാധീനം കുറയ്ക്കുന്നതിനും താത്‌കാലികമായി സമാധാനം സ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് ഇസ്രായേൽ പിന്തുണച്ചിരുന്ന നേതാവായിരുന്നു യാസർ അബു ഷബാബ്.

ഹമാസ് വിരുദ്ധ ചേരിയുടെ പ്രവർത്തനങ്ങൾ ഗാസയിൽ കൂടുതൽ ദുർബലമാക്കുന്നതാണ് ഇദ്ദേഹത്തിന്റെ കൊലപാതകം. ഈ കൊലപാതകം ഗാസയുടെ ആഭ്യന്തര സുരക്ഷാ സാഹചര്യത്തെ കൂടുതൽ സങ്കീർണമാക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. ഇസ്രായേൽ സൈന്യം ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഗാസയിലെ ഏറ്റവും ശക്തമായ ഗോത്രങ്ങളിൽ ഒന്നായ തറാബിൻ ഗോത്രത്തിലെ അംഗമായിരുന്നു യാസർ അബു ഷബാബ്. മയക്കുമരുന്ന് കടത്ത്, മോഷണം കുറ്റങ്ങൾ ആരോപിച്ച് 2015 ൽ ഹമാസ് ഇയാളെ പിടികൂടി 25 വർഷത്തേക്ക് ജയിലിൽ അടച്ചിരുന്നു. പിന്നീട് സമർത്ഥമായി ജയിൽ ചാടിയ ഇയാൾ, തൻ്റെ സായുധ സംഘടനയെ മുന്നോട്ട് കൊണ്ടുപോയി. ഹമാസിനെ പരസ്യമായി എതിർത്ത നിലപാടാണ് ഇയാൾ ശ്രദ്ധിക്കപ്പെടാനുള്ള കാരണം. ഇസ്രയേലിൻ്റെ ഏജൻ്റെന്നും രാജ്യദ്രോഹിയെന്നും ഇയാളെ പലരും കുറ്റപ്പെടുത്തി. ഹമാസ്, ഗാസയിൽ തങ്ങൾക്ക് വധിക്കാനുള്ളവരുടെ ടാർജറ്റ് പട്ടികയിൽ ഒന്നാമതായാണ് യാസർ അബു ഷബാബിനെ ഉൾപ്പെടുത്തിയിരുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു

Post a Comment

أحدث أقدم
Join Our Whats App Group