രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കുന്നതിൽ ഉടനടി തീരുമാനമില്ലെന്ന് സണ്ണി ജോസഫ്; ഇനി പാർട്ടിയിലേക്ക് തിരിച്ച് വരവില്ലെന്ന് കെ മുരളീധരൻ
തിരുവനന്തപുരം:രാഹുൽ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിൽ നിന്ന് പുറത്താക്കുന്നതിൽ ഉടനടി തീരുമാനമില്ലെന്ന് പരസ്യമായി പറഞ്ഞ് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. മുന്‍കൂര്‍ ജാമ്യാേപക്ഷയിലെ കോടതി വിധി കാക്കാനാണ് നേതൃത്വത്തിന്‍റെ തീരുമാനം. എന്നാൽ ഈ നിലപാടിൽ എഐസിസിക്കും സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കള്‍ക്കും കടുത്ത അമര്‍ഷമുണ്ട്. രാഹുലിന് ഇനി പാർട്ടിയിലേക്ക് തിരിച്ച് വരവില്ലെന്ന് കെ മുരളീധരൻ ആവര്‍ത്തിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെ എത്രയും വേഗം പുറത്താക്കി തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പാര്‍ട്ടിയെ പ്രതിരോധത്തിലും നാണക്കേടിലുമാക്കിയ വിഷയത്തിൽ നിന്ന് തലയൂരുക എന്നതാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. ചൊവ്വാഴ്ച വൈകീട്ട് കടുത്ത നടപടിയിലേയ്ക്ക് പോവുകയെന്ന സന്ദേശം മുതിര്‍ന്ന നേതാക്കളോട് കെ സി വേണുഗോപാലും ദീപ ദാസ്മുന്‍ഷിയും നൽകി. തീരുമാനം എല്ലാവരുമായി ആലോചിച്ച് കെപിസിസി എടുക്കണമെന്നായിരുന്നു നിര്‍ദ്ദേശം. പുറത്താക്കൽ നടപടി ഉടനെന്ന മട്ടിൽ കെ മുരളീധരന്‍റെ പ്രതികരണവും ഇന്നലെ രാവിലെ വന്നു. എന്നാൽ കോടതി വിധി നോക്കണമെന്ന നിലപാടിലേയ്ക്ക് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് നീങ്ങിയതോടെ നടപടിക്ക് സഡൻ ബ്രേക്കായി. എഐസിസിക്കും ഒരു വിഭാഗം നേതാക്കള്‍ക്കും കടുത്ത അമര്‍ഷം നിലനില്‍ക്കുമ്പോള്‍ നടപടിക്ക് സമയമായിട്ടില്ലെന്ന പരസ്യമായി പറയുകയാണ് സണ്ണി ജോസഫ്. രാഹുലിനെതിരെ നടപടി എടുക്കാൻ സമയം ആയിട്ടില്ലെന്ന് പറഞ്ഞ സണ്ണി ജോസഫ്, കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും ഗോവിന്ദൻ മാഷ് അല്ല എൻ്റെ മാതൃകയെന്നും വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.
രാഹുലിന് മുന്‍കൂര്‍ ജാമ്യം കിട്ടിയാൽ പുറത്താക്കൽ വേണ്ടെന്ന തീരുമാനത്തിലേക്ക് പോകുമോയെന്ന സംശയമാണ് ഉടനടി നടപടി വേണമെന്നാവശ്യപ്പെടുന്നവര്‍ക്കുള്ളത്. ജാമ്യാപേക്ഷ തള്ളിയാൽ അതിന് ശേഷം നടപടിയെടുക്കുന്നത് കൊണ്ട് പാര്‍ട്ടിക്ക് അതിന്‍റെ നേട്ടം കിട്ടില്ലെന്നാണ് ഈ വിഭാഗത്തിന്‍റെ പക്ഷം. അതേസമയം, രാഹുലിന് പാര്‍ട്ടിയിലേയ്ക്ക് ഇനി തിരിച്ചുവരവില്ലെന്നാണ് കടുത്ത നടപടി ആവശ്യപ്പെടുന്ന കെ മുരളീധരന്‍റെ പ്രതികരണം. ഇത്തരം പ്രവർത്തികൾ ചെയ്യുന്ന ആൾ കോൺഗ്രസിൽ വേണ്ടെന്നാണ് മുരളീധരന്‍റെ നിലപാട്. രാഹുലുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനും പാർട്ടിക്ക് ഉത്തരവാദിത്തമില്ലെന്നും രാഹുൽ വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുലിനെ പൊലീസ് പിടിക്കാത്തത് വിഷയം ലൈവായി നിര്‍ത്താനെന്നും മുരളി ആരോപിച്ചു. . രാഹുലിനെ പിടിക്കാൻ ആയില്ലെങ്കിൽ എന്തിനാണ് പൊലീസ് മീശ വച്ച് നടക്കുന്നതെന്നും മുരളീധരന്‍ ചോദിച്ചു.
വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടായ അപചയത്തില്‍ പാർട്ടിക്ക് എന്ത് ചെയ്യാൻ കഴിയുമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ചോദ്യം. ഇനിയും വേണ്ടിവന്നാൽ നടപടി എടുക്കും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയം ലൈവായതിനാൽ സ്വര്‍ണക്കൊള്ള അടക്കം ഉയര്‍ത്താനുള്ള ശ്രമം ഫലിക്കുന്നില്ലെന്ന പരിഭവം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ രാഹുലിനെതിരായ കേസ് ബാധിക്കുമെന്ന ആശങ്ക ചില യുഡിഎഫ് സ്ഥാനാര്‍ത്ഥികളും പങ്കുവയ്ക്കുന്നു.
Post a Comment