സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശവുമായി ക്രിസ്മസ്, ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ
അബുദാബി: ലോകമെമ്പാടും ക്രിസ്മസ് ആഘോഷിക്കുന്ന വേളയിൽ, യുഎഇയിലെ താമസക്കാർക്കും ലോകജനതയ്ക്കും ക്രിസ്മസ് ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ. സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും മാനുഷിക സഹവർത്തിത്വത്തിന്‍റെയും സന്ദേശമാണ് നേതാക്കൾ പങ്കുവെച്ചത്.
യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സോഷ്യൽ മീഡിയയിലൂടെയാണ് ആശംസകൾ അറിയിച്ചത്. യുഎഇയിലും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലും ക്രിസ്മസ് ആഘോഷിക്കുന്ന ഏവർക്കും സമാധാനവും സന്തോഷവും ഐക്യവും നിറഞ്ഞ ദിനം അദ്ദേഹം നേർന്നു. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ആശംസകൾ പങ്കുവെച്ചു. യുഎഇയിലെയും ലോകമെമ്പാടുമുള്ളതുമായ ക്രൈസ്തവ സഹോദരങ്ങൾക്ക് അദ്ദേഹം ക്രിസ്മസ് മംഗളങ്ങൾ നേർന്നു. ലോകജനതയ്ക്കിടയിൽ കരുണ, സ്നേഹം, സാഹോദര്യം എന്നിവ ശക്തിപ്പെടാൻ ഈ ശുഭദിനം കാരണമാകട്ടെ എന്ന് അദ്ദേഹം കുറിച്ചു. ബുധനാഴ്ച രാത്രി ദുബൈ സെന്‍റ് മേരീസ് പള്ളിയിൽ നടന്ന ക്രിസ്മസ് രാത്രി കുർബാനയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
إرسال تعليق