തണുത്തുവിറച്ച് കേരളം; കാരണം ആഗോള പ്രതിഭാസം
കണ്ണൂര്: ഒരു മാസത്തോളമായി കനത്ത ശൈത്യത്തില് തണുത്തുവിറയ്ക്കുകയാണ് കേരളം. വൃശ്ചികം പിറന്നതിനു പിന്നാലെയാണ് തണുപ്പും അരിച്ചെത്തിയത്.
കുറച്ചു വര്ഷങ്ങളായി ഡിസംബര് അവസാനം മാത്രമേ സംസ്ഥാനത്ത് തണുപ്പുകാലം തുടങ്ങാറുള്ളൂ. ഇത്തവണ നവംബര് മധ്യത്തോടെ മഞ്ഞും തണുപ്പും ഒരുമിച്ചെത്തി. ഫെബ്രുവരി വരെ ശൈത്യം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര് പറയുന്നത്. പ്രാദേശിക, ആഗോള കാലാവസ്ഥാ പ്രതിഭാസങ്ങളാണ് ദൈര്ഘ്യമേറിയ കടുത്തശൈത്യത്തിനു പിന്നില്. പതിവായി ഇടുക്കിയും വയനാടുമാണ് കൊടുംതണുപ്പില് വിറയ്ക്കാറ്.
ഇത്തവണ മറ്റു ജില്ലകളെയും ശൈത്യം ആഞ്ഞുപുല്കി. തിരുവനന്തപുരത്തും കൊല്ലത്തും കോഴിക്കോട്ടുമൊക്കെ മുമ്ബ് അനുഭവപ്പെടാത്തവിധം കുളിരായിരുന്നു കഴിഞ്ഞ ദിവസങ്ങളില്. എന്നാല് രണ്ടു ദിവസമായി കണ്ണൂര്, കാസര്കോട് ഒഴികെയുള്ള ജില്ലകളില് തണുപ്പിന് കാഠിന്യം കുറവായിരുന്നു. അന്തരീക്ഷം മേഘാവൃതമായതും തെക്കന് ജില്ലകളില് ചിലയിടങ്ങളില് മഴ പെയ്തതുമാണ് കുളിരുകുറയാന് കാരണം. ഇന്നുമുതല് പൂര്വാധികം കരുത്തോടെ ശൈത്യം തിരിച്ചുവരുമെന്നാണ് സ്വതന്ത്ര കാലാവസ്ഥാ നിരീക്ഷകന് കെ.ജംഷാദ് പറയുന്നത്.
തെളിഞ്ഞ അന്തരീക്ഷമാണ് കുളിരുകൂടാന് ഉത്തമം. മലയോര മേഖലകളിലാണ് ഇത്തവണ കൊടുംതണുപ്പ് അനുഭവപ്പെട്ടത്. മൂന്നാറില് അഞ്ച് ഡിഗ്രി സെല്ഷ്യസില് താഴെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ അന്തരീക്ഷ ഊഷ്മാവ്. വയനാട്ടിലാകട്ടെ 10 മുതല് ആറ് ഡിഗ്രി സെല്ഷ്യസ് വരെയും. മറ്റു ജില്ലകളില് രാത്രികാല ഊഷ്മാവ് 20-15 ഡിഗ്രി സെല്ഷ്യസ് വരെയും രേഖപ്പെടുത്തി. ഇത്തവണ തുലാവര്ഷം ദുര്ബലമായതും അതിശൈത്യത്തിന് അനുകൂലമായി.
സാധാരണ ഡിസംബര് അവസാനം വരെയായിരുന്നു തുലാമഴയുടെ ദൈര്ഘ്യം. വടക്കേ ഇന്ത്യയില്നിന്നുള്ള തണുത്ത വടക്കുകിഴക്കന് കാറ്റ്, പസഫിക് സമുദ്രത്തില് നിലനില്ക്കുന്ന ലാനിന പ്രതിഭാസം, പ്രാദേശിക അന്തരീക്ഷ സ്ഥിതി ഇവയൊക്കെയാണ് ഇത്തവണ തണുപ്പിന് അനുകൂലമായതെന്ന് കാലവസ്ഥാ നിരീക്ഷകന് രാജീവന് എരിക്കുളം പറയുന്നു.
إرسال تعليق