Join News @ Iritty Whats App Group

കടുപ്പിച്ച് മൊബൈല്‍ കമ്പനികള്‍; സഞ്ചാർ സാഥി ആപ്പ് സ്വകാര്യതയെ ബാധിക്കുമെന്ന് കൂട്ടായി കേന്ദ്രത്തെ അറിയിച്ചേക്കും

കടുപ്പിച്ച് മൊബൈല്‍ കമ്പനികള്‍; സഞ്ചാർ സാഥി ആപ്പ് സ്വകാര്യതയെ ബാധിക്കുമെന്ന് കൂട്ടായി കേന്ദ്രത്തെ അറിയിച്ചേക്കും


ദില്ലി:സഞ്ചാർ സാഥി ആപ്പ് സ്വകാര്യതയെ ബാധിക്കും എന്ന നിലപാടിൽ ഉറച്ച് മൊബൈല്‍ ഫോണ്‍ കമ്പനികൾ. സഞ്ചാർ സാഥി ആപ്പ് സംബന്ധിച്ചുള്ള വിവാദത്തിനിടെ കേന്ദ്ര സർക്കാരിനെ കൂട്ടായി കാണാനാണ് മൊബൈൽ ഫോൺ നിർമാണ കമ്പനികളുടെ ആലോചന. ആപ്പിൾ, ഗൂഗിൾ കമ്പനികൾ സഞ്ചാര്‍ സാഥി ആപ്ലിക്കേഷന്‍ പ്രീ-ഇൻസ്റ്റാൾ ചെയ്യില്ല എന്നാണ് വിവരം. മൊബൈല്‍ ഫോണ്‍ കമ്പനികൾ പാർലമെന്‍റ് സമ്മേളന സമയത്ത് അനാവശ്യ വിവാദം ഉണ്ടാക്കിയെന്നാണ് സർക്കാർ വിലയിരുത്തൽ. ഐഫോണുകളില്‍ സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമായും പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ സഹകരിക്കില്ല എന്ന കര്‍ശന നിലപാടിലാണ് ആപ്പിള്‍ കമ്പനി. ലോകത്ത് ഒരിടത്തുമില്ലാത്ത സര്‍ക്കാര്‍ നിര്‍ദേശമാണിതെന്നും ആപ്പിള്‍ ഇക്കോ സിസ്റ്റത്തെ തന്നെ നടപടി പ്രതികൂലമായി ബാധിക്കുമെന്നും ആപ്പിള്‍ വിലയിരുത്തുന്നു.

സഞ്ചാർ സാഥി ആപ്പ്: വിവാദമായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം

രാജ്യത്തെ എല്ലാ പുതിയ മൊബൈല്‍ ഫോണുകളിലും സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കിയ കേന്ദ്രസർക്കാർ ഉത്തരവ് വലിയ വിവാദമായിരുന്നു. സഞ്ചാർ സാഥി ആപ്പ് സ്വകാര്യതയിലേക്ക് കടന്നുകയറാനുള്ള അനാവശ്യ പെർമിഷനുകൾ ആവശ്യപ്പെടുന്നതായാണ് വിമര്‍ശനം. ഫോൺ മോഷണം തടയുക, സിം കാർഡ് വെരിഫിക്കേഷൻ ഉറപ്പാക്കുക എന്നീ പ്രഖ്യാപിത ലക്ഷ്യങ്ങളുമായി ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് അവതരിപ്പിച്ച സഞ്ചാർ സാഥി ആപ്പ് ഫോണുകളില്‍ പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യുന്നത് പൗരന്‍മാരുടെ സ്വകാര്യത കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കുന്നതിന് തുല്യമാണ് എന്ന വിമര്‍ശനം ശക്തമാണ്. സഞ്ചാർ സാഥി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ എസ്എംഎസ്, കോള്‍ ലോഗ്, സ്റ്റോറേജ്, ലൊക്കേഷന്‍ തുടങ്ങിയവയിലേക്കുള്ള പെര്‍മിഷന്‍ ഉപയോക്താക്കള്‍ നല്‍കേണ്ടിവരുന്നത് സ്വകാര്യതയെ ബാധിക്കുമെന്ന് സൈബര്‍ വിദഗ്‌ധര്‍ പറയുന്നു.

സഞ്ചാർ സാഥി ആപ്പ് വഴി പൗരന്മാരെ നിരീക്ഷണ വലയത്തിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം മൗലികാവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പുതുതായി നിർമ്മിക്കുന്ന ഫോണുകളിലും, നിലവില്‍ കടകളിൽ വില്‍പനയ്ക്കുള്ള ഫോണുകളിലും കേന്ദ്രസർക്കാറിന്‍റെ സഞ്ചാർ സാഥി ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യണമെന്ന നിർദേശം കഴിഞ്ഞ ദിവസമാണ് ടെലികോം മന്ത്രാലയം പുറപ്പെടുവിച്ചത്. 90 ദിവസത്തിനകം ഈ നടപടികൾ പൂർത്തിയാക്കി റിപ്പോ‍‍ർട്ട് സമർപ്പിക്കാനാണ് മൊബൈല്‍ നിർമ്മാണ കമ്പനികളോട് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.

വിശദീകരണവുമായി ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

രാജ്യത്തെ എല്ലാ മൊബൈല്‍ ഫോണുകളിലും സഞ്ചാര്‍ സാഥി ആപ്പ് പ്രീഇന്‍സ്റ്റാള്‍ ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം വിവാദമായതോടെ വിശദീകരണവുമായി കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തി. ‘സഞ്ചാർ സാഥി ആപ്പ് ഫോണില്‍ സൂക്ഷിക്കണമെന്ന് ഒരു നിബന്ധനയുമില്ല. സഞ്ചാര്‍ സാഥി ഉപയോഗിക്കാന്‍ താത്പര്യമില്ലാത്ത ഉപയോക്താക്കള്‍ക്ക് അത് ഫോണില്‍ നിന്ന് നീക്കം ചെയ്യാവുന്നതാണ്. സൈബർ സുരക്ഷ മുൻ നിർത്തിയാണ് സഞ്ചാര്‍ സാഥി ആപ്പ് പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്’- എന്നും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.

Post a Comment

أحدث أقدم
Join Our Whats App Group