ജീവിച്ചിരിക്കെ 'മരണം'; കൊല്ലത്ത് റിട്ട കോളേജ് അധ്യാപകൻ കടുത്ത പ്രതിസന്ധിയിൽ; വോട്ടർ പട്ടികയിൽ പേര് നീക്കി, എസ്ഐആറിലും പുറത്ത്
കൊല്ലം: ജീവിച്ചിരിക്കുന്ന താൻ, മരിച്ചെന്ന് ബിഎൽഒ റിപ്പോർട്ട് നൽകിയതിനെ തുടർന്ന് വോട്ടർ പട്ടികയ്ക്ക് പുറത്തായെന്ന പരാതിയുമായി റിട്ട. കോളജ് അധ്യാപകൻ രംഗത്ത്. തേവള്ളി പാലസ് നഗർ വൈദ്യ റിട്രീറ്റ് എ-3 യിൽ വിൽസൺ ഇ.വി.യാണ് പരാതിക്കാരൻ. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടർ സ്ലിപ്പ് ലഭിക്കാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് 'മരിച്ചു' പോയതിനാൽ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി വ്യക്തമായത്. ബിഎൽഒയുടെ റിപ്പോർട്ടിനെ തുടർനാണ് പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതെന്നും ഇദ്ദേഹം ആരോപിക്കുന്നു.
കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ പ്രൊഫസറായിരുന്നു വിൽസൺ. കുണ്ടറ നന്തിരിക്കലിൽ താമസിച്ചിരുന്ന ഇദ്ദേഹം 2009 മുതൽ തേവള്ളിയിലെ വീട്ടിലാണ് താമസിക്കുന്നത്. 2015 ൽ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ലഭിച്ചു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് വരെ കൊല്ലം ഗവൺമെന്റ് മോഡൽ ഹൈസ്കൂളിലെ 85-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയിരുന്നു. എന്നാൽ 2024 ൽ നടന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ വോട്ട് രേഖപ്പെടുത്താനായില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് വോട്ടർ പട്ടികയിൽ നിന്ന് മരിച്ചു എന്ന് രേഖപ്പെടുത്തി പേര് നീക്കം ചെയ്തതായി വ്യക്തമായത്. ഈ വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ ഈയിടെ എസ്ഐആർ നടപടികൾ ആരംഭിച്ചപ്പോൾ ഇദ്ദേഹത്തിന് എന്യുമറേഷൻ ഫോമും ലഭിച്ചില്ല. തന്നെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും എസ്ഐആർ പ്രക്രിയ പൂർത്തിയാക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി നൽകിയിരിക്കുകയാണ് ഇദ്ദേഹം. എന്നാൽ ഈ പരാതിയിലും നടപടി ഉണ്ടായില്ലെന്നും കളക്ടറേറ്റിൽ നിന്ന് പരാതിക്ക് യാതൊരു മറുപടിയും ലഭിച്ചില്ലെന്നും ഇദ്ദേഹം ആരോപിക്കുന്നു.
إرسال تعليق