Join News @ Iritty Whats App Group

വാളയാർ ആൾക്കൂട്ടക്കൊല: ദുർബല വകുപ്പുകൾ മാത്രം ചേർത്ത് പൊലീസ്, കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തതായി സൂചന

വാളയാർ ആൾക്കൂട്ടക്കൊല: ദുർബല വകുപ്പുകൾ മാത്രം ചേർത്ത് പൊലീസ്, കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തതായി സൂചന


പാലക്കാട്: വാളയാർ ആൾക്കൂട്ടക്കൊല കേസിൽ കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തതായി സൂചന. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. മർദനസമയത്ത് ഇവരും സ്ഥലത്ത് ഉണ്ടായിരുന്നതായി തിരിച്ചറിഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. ചിലർ തമിഴ്നാട്ടിലേക്ക് കടന്നതായും പൊലീസ് പറയുന്നു. നേരത്തെ കേസിൽ അഞ്ചുപേരാണ് അറസ്റ്റിലായിരുന്നത്. ഇതിന് പുറമെയാണ് കൂടുതൽ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, കേസിൽ അറസ്റ്റിലായവർക്കെതിരെ ശക്തമായ വകുപ്പുകൾ ചേർക്കാൻ പൊലീസ് തയ്യാറായില്ല. രാം നാരയണൻ ദലിത് വിഭാഗത്തിൽ ഉൾപ്പെട്ട ആളായിട്ടും എസ്‍സി-എസ്ടി വകുപ്പും ആൾക്കൂട്ട കൊലപാതകം എന്ന വകുപ്പും ചേർത്തിട്ടില്ലെന്നാണ് വിവരം.

അതിനിടെ, കൊല്ലപ്പെട്ട ഛത്തീസ്​ഗഡ് സ്വദേശി റാം നാരായണന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. പുലർച്ചെ 2.30 കഴിഞ്ഞാണ് മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടുപോയത്. മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചിരിക്കുകയാണ്. 11 മണിക്കുള്ള വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സർക്കാർ ചെലവിലാണ് മൃതദേഹം കൊണ്ടുപോകുന്നത്. റാം നാരായണന്റെ കുടുംബവും ഇതേ വിമാനത്തിൽ നാട്ടിലേക്ക് പോകും.

പ്രതികളിൽ 4 പേർ ബിജെപി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

വാളയാർ ആൾക്കൂട്ടക്കൊല കേസിൽ പിടിയിലായ പ്രതികളിൽ 4 പേർ ബിജെപി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. കേസിലെ 4-ാം പ്രതി സിഐടിയു പ്രവർത്തകനാണെന്നും റിപ്പോർട്ടിലുണ്ട്. അതിനിടെ, കൂട്ടക്കൊലയ്ക്ക് പിന്നിൽ ആർഎസ്എസ് ആണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തി. എന്നാൽ ആരോപണം ബിജെപി നിഷേധിച്ചു. അതേസമയം പ്രതികൾ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് രാം നാരായണനെ മർദ്ദിച്ചതെന്നാണ് റിമാൻഡ് റിപ്പോർട്ട്.

വാളയാർ ആൾക്കൂട്ട കൊലക്കേസിലെ ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് പ്രതികൾ ബിജെപി അനുഭാവികളെന്നാണ് സ്പെഷ്യൽ ബ്രാഞ്ചിൻ്റെ കണ്ടെത്തൽ. ഇതിൽ ഒന്നും രണ്ടും പ്രതികളായ അനു, പ്രസാദ് എന്നിവർ സിഐടിയു, ഡിവൈഎഫ്ഐ പ്രവർത്തകരെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഉൾപ്പെട്ടിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയപ്പോൾ സുബൈർ കേസിലെ പ്രതി ജിനീഷ് സ്ഥലത്തെത്തി. ഇതിൻ്റെ നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചു. 4-ാം പ്രതി ആനന്ദൻ സിഐടിയു പ്രവർത്തകനെന്നും റിപ്പോർട്ടിലുണ്ട്. പ്രതികളെല്ലാം ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. എന്നാൽ ആൾക്കൂട്ട കൊലപാതകം നടന്ന് 6 ദിവസമായിട്ടും പ്രതികളുടെ രാഷ്ട്രീയ ബന്ധം ചൂണ്ടിക്കാട്ടുന്ന ഒരു പത്രക്കുറിപ്പ് പോലും പാലക്കാട് സിപിഎം ജില്ലാനേതൃത്വം ഇറക്കിയിരുന്നില്ല. സംഭവത്തിന് പിന്നിൽ 14 പേർ ആർഎസ്എസ് പ്രവർത്തകരും ഒരാൾ സിപിഎം പ്രവർത്തകനുമെന്ന പാലക്കാട് ഡിസിസി നേതൃത്വത്തിൻ്റെ ആരോപണത്തിന് പിറകെയാണ് ആർഎസ്എസിനെ കടന്നാക്രമിച്ച് സിപിഎം രംഗത്ത് വരുന്നത്.

ആൾക്കൂട്ട കൊലയ്ക്ക് പിന്നിൽ സംഘപരിവാറിൻറെ വിദ്വേഷ രാഷ്ട്രീയമാണെന്നും ബംഗ്ലാദേശിയെന്ന് ആക്ഷേപിച്ചാണ് രാം നാരായണിനെ കൊലപ്പെടുത്തിയതെന്നുമാണ് മന്ത്രി എംബി രാജേഷിൻ്റെ ആരോപണം. പ്രതികളിൽ ചിലർ സിപിഎം പ്രവർത്തകരെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചവരാണെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. തൊട്ടു പിറകെ ആരോപണം ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെത്തി. എന്നാൽ ആരോപണം ബിജെപി നേതൃത്വം നിഷേധിച്ചു. മർദ്ദിച്ചവരുടെ കൂട്ടത്തിൽ എല്ലാ പാർട്ടിക്കാരും ഉണ്ടായിരുന്നുവെന്നാണ് ബിജെപിയുടെ വിശദീകരണം. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കുമെന്ന് ‌പാലക്കാട് എസ്പി അറിയിച്ചു.

അതേസമയം, ക്രൂര കൊലപാതകത്തിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത് വന്നു. വടി ഉപയോഗിച്ച് മുതുകിലും തലയ്ക്കും അടിച്ചുവെന്നും രാമനാരായണന്റെ മുഖത്തും വയറിലും മർദിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. അറസ്റ്റിലായ എല്ലാവരും മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഒന്നാം പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 15-ലധികം കേസുകൾ നിലവിലുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group