'പരാതിയിലും മൊഴിയിലും വൈരുദ്ധ്യം, ബലാത്സംഗത്തിന് പ്രഥമദൃഷ്ട്യ തെളിവില്ല'; രാഹുലിന് ജാമ്യം നൽകിയുള്ള കോടതി ഉത്തരവ് പുറത്ത്
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂര്‍ ജാമ്യം നൽകിയുള്ള തിരുവനന്തപുരം പ്രിന്‍സിപ്പൽ സെഷൻസ് കോടതി ഉത്തരവിന്‍റെ പകര്‍പ്പ് പുറത്ത്. പരാതിക്ക് പിന്നിൽ സമ്മര്‍ദമുണ്ടെന്ന വാദം തള്ളാനാകില്ലെന്നും പരാതി നൽകുന്നതിൽ വൈകയതിനെക്കുറിച്ചുള്ള വാദങ്ങള്‍ വ്യത്യസ്തമാണെന്നും കോടതി ഉത്തരവിൽ പറയുന്നു. പ്രഥമദൃഷ്ട്യ ബലാത്സംഹത്തിന് തെളിവില്ലെന്നും പരാതിയിലും പിന്നീട് യുവതി നൽകിയ മൊഴിയിലും വൈരുദ്ധ്യങ്ങളുണ്ടെന്നും കോടതി ഉത്തരവിലുണ്ട്. കോടതി ഉത്തരവ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. എഫ്ഐആറിൽ പറയുന്നതല്ല മൊഴിയിലുള്ളതെന്നും കെപിസിസി പ്രസിഡന്‍റിന് നൽകിയ പരാതിയിലെ ആവശ്യം ആരോപണ വിധേയനെ മാറ്റി നിര്‍ത്തണമെന്നാണെന്നും ഉത്തരവിലുണ്ട്. പരാതി അതീവ ഗുരുതര സ്വഭാവമുള്ളതാണെന്നാണ് കോടതി ഉത്തരവിലുളളത്.രാഹുലിനെ അറസ്റ്റ് ചെയ്താൽ 50000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിൽ വിട്ടയക്കണമെന്നും രണ്ടാഴ്ച കൂടുമ്പോഴുള്ള തിങ്കളാഴ്ചകളിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നും കോടതി ഉത്തരവിലുണ്ട്.
ബെംഗളൂരുവിൽ താമസിക്കുന്ന മലയാളി യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെയാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. മുൻകൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉപാധികളും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മുതൽ 11 വരെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നാണ് ഒരു ഉപാധി. അറസ്റ്റ് ചെയ്താൽ അന്ന് തന്നെ ജാമ്യം നൽകാനും നിർദ്ദേശമുണ്ട്. ആദ്യ കേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ ഒളിവിലുള്ള രാഹുലിന് രണ്ടാം കേസ് കുരുക്കായുണ്ടായി നിലനിന്നിരുന്നു. ബെംഗളൂരുവിൽ താമസിക്കുന്ന 23കാരിയായ മലയാളി യുവതിയെ പത്തനംതിട്ടയിലെ ഹോം സ്റ്റേയിൽ എത്തിച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു കേസ്. കാലുപിടിച്ച് കരഞ്ഞിട്ടും ക്രൂരമായി പീഡിപ്പിച്ചെന്ന യുവതിയുടെ മൊഴിയും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. പൊലീസിന് നൽകേണ്ട പരാതി കെപിസിസി പ്രസിഡന്‍റിന് ആദ്യം നൽകിയതിൽ തുടക്കത്തിൽ കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യമടക്കം മുൻകൂര്‍ ജാമ്യം നൽകിയുള്ള ഉത്തരവിൽ കോടതി പരാമര്‍ശിക്കുന്നുണ്ട്.
പരാതിക്ക് പിന്നിൽ രാഷ്ട്രീയകാരണമുണ്ടോയെന്ന് പ്രോസിക്യൂഷനോട് കോടതി തന്നെ ചോദിച്ചിരുന്നു. ഇൻസ്റ്റാ ചാറ്റുകളടക്കം പ്രോസിക്യൂഷൻ ഹാജരാക്കി. എന്നാൽ, ചാറ്റുകളിൽ നിന്ന് വ്യക്തമാകുന്നത് ഉഭയകക്ഷിബന്ധമാണെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. ഈ വാദങ്ങൾ കൂടി പരിഗണിച്ചാണ് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്. രണ്ട് കേസിലും അറസ്റ്റ് ഭീതി ഒഴിഞ്ഞതോടെ രണ്ടാഴ്ചത്തെ ഒളിവ് ജീവിതം രാഹുൽ അവസാനിപ്പിക്കുമെന്നാണ് സൂചന. നാളെ പാലക്കാട് എത്തി വോട്ട് ചെയ്യുമെന്നാണ് അഭ്യൂഹം. രാഹുൽ എത്തുന്നതിനോട് കോൺഗ്രസിന് താൽപര്യമില്ല. അടുത്ത തിങ്കളാഴ്ച രാഹുലിന് നിർണ്ണായകമാണ്. അന്നാണ് ആദ്യ കേസിൽ ഹൈക്കോടതി വിശദമായ വാദം കേൾക്കുന്നത്. അന്ന് വരെയാണ് ആദ്യ കേസിൽ അറസ്റ്റ് തടഞ്ഞത്. ഇതിനിടെ രണ്ടാം കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച തിരുവനന്തപുരം പ്രിന്‍സിപ്പൽ സെഷൻസ് കോടതി ഉത്തരവിനെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യാനാണ് പ്രോസിക്യൂഷൻ തീരുമാനം. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ നൽകും
Post a Comment