'പിണറായിസത്തിന്‍റെ തിക്താനുഭവങ്ങള്‍ക്കിടെ കിട്ടിയ സന്തോഷ വാര്‍ത്ത'; യുഡിഎഫ് പ്രവേശനത്തിൽ പ്രതികരിച്ച് പി വി അൻവർ
മലപ്പുറം:യുഡിഎഫ് പ്രവേശനത്തിൽ സന്തോഷമെന്ന് പി വി അൻവർ. പിണറായിസത്തിന്റെ തിക്താനുഭവങ്ങൾക്കിടെ കിട്ടിയ സന്തോഷ വാർത്തയാണിതെന്നും യുഡിഎഫ് നേതാക്കൾക്ക് അഭിവാദ്യങ്ങളെന്നും പി വി അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. നേരത്തെ ഉയര്‍ത്തിയ വിഷയങ്ങള്‍ ശരിയെന്ന് തെളിഞ്ഞതിലുള്ള അംഗീകാരമാണ് യുഡിഎഫ് അസോസിയേറ്റ് മെമ്പർഷിപ്പ്. പിണറായിസത്തിനെതിരെയുള്ള വോട്ട് വരാൻ കിടക്കുന്നേയുള്ളുവെന്നും യുഡിഎഫ് 100 സീറ്റ് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വി ഡി സതീശന്റെ പേര് ഉൾപ്പെടെ എടുത്ത് പറഞ്ഞാണ് പി വി അൻവർ വാർത്താസമ്മേളനത്തിൽ നന്ദി അറിയിച്ചത്. ഞാൻ മത്സരിക്കുക എന്നതിനേക്കാൾ യുഡിഎഫ് അധികാരത്തിൽ കയറുക എന്നത് പ്രധാനം. മുന്നണി പറഞ്ഞാൽ എവിടെയും മത്സരിക്കും. നിരുപാധിക പിന്തുണയാണ് യുഡിഎഫിന് നൽകുന്നത്. എൽഡിഎഫ് സർക്കാർ ഹാൻഡിക്യാപ്പ്ഡാണെന്നും അൻവർ വിമർശിച്ചു. ഇടത് പക്ഷക്കാർ തന്നെ യുഡിഎഫിന് വോട്ട് ചെയ്യും. മരുമോനിസത്തെയും പിണറായിസത്തെയും സഖാക്കൾ തന്നെ വോട്ട് ഇട്ട് തോൽപിക്കുമെന്നും പി വി അൻവർ കൂട്ടിച്ചേർത്തു.
പി വി അൻവറിനെയും സികെ ജാനുവിനെയും വിഷ്ണുപുരം ചന്ദ്രശേഖരനെയും യുഡിഎഫിലെ അസോസിയേറ്റ് അംഗങ്ങളാക്കാൻ തീരുമാനിച്ചെന്നാണ് വി ഡി സതീശൻ ഇന്ന് പ്രഖ്യാപിച്ചത്. എൻഡിഎയുടെ ഘടകക്ഷിയായ സി കെ ജാനുവും വിഷ്ണുപുരം ചന്ദ്രശേഖനും രേഖാമൂലം നൽകി. അപേക്ഷയിലാണ് തീരുമാനം. വിഷ്ണുപുരത്തിന് അതൃപ്തിയുണ്ടെന്ന ചോദ്യത്തിന് ഇതാണ് നടപടിക്രമമെന്നും ചർച്ച തുടരുമെന്നും വി ഡി സതീശൻ പറഞ്ഞു
Post a Comment