'കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി': മലയാറ്റൂരിലെ ചിത്രപ്രിയയുടെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് ആൺസുഹൃത്ത് അലൻ
എറണാകുളം: മലയാറ്റൂരിൽ 19 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 19കാരി ചിത്രപ്രിയയുടെ മരണം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആൺസുഹൃത്ത് അലൻ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സംശയത്തെ തുടർന്ന് കല്ലു കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബംഗളൂരുവിൽ പഠിക്കുന്ന പെൺകുട്ടിക്ക് അവിടെ ആൺസുഹൃത്ത് ഉള്ളതായി അലൻ സംശയിച്ചു.
പെൺകുട്ടിയുടെ ഫോണിൽ മറ്റൊരു ആൺസുഹൃത്തുമായുള്ള ചിത്രങ്ങളും അലൻ കണ്ടു. തുടർന്നാണ് കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് ചോദ്യം ചെയ്തു വിട്ടയച്ച അലനെ പോലീസ് വീണ്ടും വിളിപ്പിച്ചത്. കൊലപാതകം മദ്യ ലഹരിയിൽ ആയിരുന്നു എന്നും പോലീസ് വ്യക്തമാക്കി. കൊല്ലപ്പെടുന്നതിന് മുൻപ് ചിത്രപ്രിയയും അലനും തമ്മിൽ പിടിവലിയുണ്ടായി. മൃതദേഹത്തിൽ മുറിവേറ്റ പാടുകളുണ്ടെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ ഉടൻ അലന്റെ അറസ്റ്റ് രേഖപ്പെടുത്തും. 21 വയസ്സുകാരനായ അലൻ കാലടിയിലെ വെൽഡിങ് തൊഴിലാളിയാണ്.
إرسال تعليق