റഷ്യയിൽനിന്ന് അമേരിക്കയ്ക്ക് ഇന്ധനം വാങ്ങാമെങ്ങിൽ എന്തിന് ഇന്ത്യയെ വിലക്കണം; പുടിൻ
ന്യൂഡൽഹി: ഇന്ത്യമായുള്ള ഇന്ധന ഇടപാടിൽ അമേരിക്കയുടെ നിലപാടിനെ വിമർശിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഡൽഹിയിലെത്തിയതായിരുന്നു റഷ്യൻ പ്രസിഡന്റ്.
റഷ്യയിൽനിന്ന് അമേരിക്കയ്ക്ക് ഇന്ധനം വാങ്ങാമെങ്ങിൽ എന്തിന് ഇന്ത്യയെ വിലക്കണമെന്നാണ് പുടിൻ ചോദിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വർധിപ്പിക്കുന്ന ചർച്ചകൾ നടക്കുന്നതിനിടെ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പുടിൻ അമേരിക്കയുടെ നിലപാടിനെ വിമർശിച്ചത്.
“അമേരിക്ക ഇപ്പോഴും സ്വന്തം ആണവനിലയങ്ങൾക്കായി റഷ്യയിൽനിന്നാണ് ആണവഇന്ധനം വാങ്ങുന്നത്. അതും ഇന്ധനമാണ്. റഷ്യയുടെ ഇന്ധനം വാങ്ങാൻ അമേരിക്കയ്ക്ക് അവകാശമുണ്ടെങ്കിൽ, ഇന്ത്യയെ എന്തിനു വിലക്കുന്നു? ഈ ചോദ്യം പരിശോധിക്കേണ്ടതാണ്. ട്രംപുമായി ഇതേക്കുറിച്ച് ചർച്ച ചെയ്യാൻ റഷ്യ തയാറാണ്.’ പുടിൻ പറഞ്ഞു.
സോവിയറ്റ് യൂണിയന്റെ കാലം മുതൽ ന്യൂഡൽഹിയും മോസ്കോയും തമ്മിൽ ശക്തമായ ബന്ധമുണ്ട്. പതിറ്റാണ്ടുകളായി ഇന്ത്യയുടെ പ്രധാന ആയുധസ്രോതസ് റഷ്യയാണ്.
2022 ഫെബ്രുവരിയിൽ യുക്രെയ്ൻ അധിനിവേശം ആരംഭിച്ചതിനുശേഷം പാശ്ചാത്യ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടും കടൽമാർഗം റഷ്യയിൽനിന്ന് ഏറ്റവുംകൂടുതൽ എണ്ണ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ.
അതേസമയം, ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യുഎസ് ശിക്ഷാത്തീരുവ ഏർപ്പെടുത്തിയതും റഷ്യക്കെതിരായ ഉപരോധങ്ങൾ കടുപ്പിച്ചതും ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതി ഈ മാസം മൂന്നു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്താൻ സാധ്യതയുണ്ട്.
ഈ വർഷത്തെ ആദ്യ ഒമ്പത് മാസങ്ങളിൽ മൊത്തത്തിലുള്ള വ്യാപാര വിറ്റുവരവിൽ ഒരു നിശ്ചിത ഇടിവ് ഉണ്ടായിട്ടുണ്ടെന്നും പുടിൻ പറഞ്ഞു. പാശ്ചാത്യ ലോകത്തിന്റെ സമ്മർദ്ദം മൂലം ഇന്ത്യയുടെ എണ്ണ വാങ്ങൽ കുറഞ്ഞോ എന്ന് ചോദ്യത്തിനായിരുന്നു പുടിന്റെ മറുപടി.
2030 ആകുമ്പോഴേക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 100 ബില്യൺ ഡോളറായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. അസംസ്കൃത എണ്ണ ഇറക്കുമതിയിലെ ഇടിവിനെത്തുടർന്ന് 2025 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ ഉഭയകക്ഷി വ്യാപാരം 28.25 ബില്യൺ ഡോളറായി കുറഞ്ഞിരുന്നു.
إرسال تعليق