Join News @ Iritty Whats App Group

തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി എയർആംബുലൻസ് പറന്നുയർന്നു; കൊച്ചിയിൽ അതീവ സന്നാഹം, പ്രതീക്ഷയോടെ കേരളം

തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി എയർആംബുലൻസ് പറന്നുയർന്നു; കൊച്ചിയിൽ അതീവ സന്നാഹം, പ്രതീക്ഷയോടെ കേരളം


തിരുവനന്തപുരം: ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഹൃദയവുമായി എയർആംബുലൻസ് കൊച്ചിയിലേക്ക് തിരിച്ചു. അൽപ്പസമയം മുമ്പാണ് ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക് തിരിച്ചത്. 11.40ന് തന്നെ എയർആംബുലൻസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ​ഗ്രൗണ്ടിലെത്തിയിരുന്നു. പിന്നീട് ശസ്ത്രക്രിയക്ക് ശേഷം 'ഹൃദയം' കൊ സോട്ടയുടെ വാഹനത്തിൽ ഗ്രൗണ്ടിലെത്തിക്കുകയായിരുന്നു. ഡോക്ടർമാരുടെ സംഘവും എയർആംബുലൻസിലുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം ഇടവട്ടം ചിറക്കൽ സ്വദേശി ഷിബുവിന്റെ ഹൃദയമാണ് നേപ്പാൾ സ്വദേശി ദുർഗയ്ക്ക് മാറ്റിവയ്ക്കുന്നത്. എറണാകുളം ജനറൽ ആശുപത്രിയിലാണ് ശസ്ത്രകിയ നടക്കുന്നത്.

കൊച്ചി ന​ഗരം ഇത് ഒമ്പതാം തവണയാണ് ഹൃദയ ശസ്ത്രക്രിയക്കായി ഒരുങ്ങുന്നത്. പൊലീസും ട്രാഫികും ഉൾപ്പെടെ സർവ്വ സന്നാഹങ്ങളാണ് കൊച്ചിയിൽ തയ്യാറായിരിക്കുന്നത്. എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നുള്ള രണ്ടു ആംബുലൻസുകളും അകമ്പടി വാഹനങ്ങളും ഹയാത്ത് ഹെലിപാഡിൽ തയ്യാറായി നിൽക്കുകയാണ്. ജനപ്രതിനിധികളടക്കം എറണാകുളത്ത് കാത്തുനിൽക്കുകയാണ്. ആദ്യമായി ജനറൽ ആശുപത്രിയിൽ നടക്കുന്ന ഈ ശസ്ത്രക്രിയ വളരെ പ്രതീക്ഷയോടെയാണ് ആരോഗ്യകേരളം കാത്തിരിക്കുന്നത്. വളരെയധികം രോഗികൾ ജനറൽ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയക്കായി കാത്തുനിൽക്കുന്നുണ്ട്. അവർക്ക് ഈ തീരുമാനം ഗുണകരമായിരിക്കും.

നേപ്പാളിൽ നിന്ന് ചികിത്സയ്ക്കായി കേരളത്തിൽ എത്തി ഏറെക്കാലമായി കാത്തിരിക്കുന്ന ദുർഗയ്ക്കാണ് ഹൃദയം ലഭിക്കുന്നത്. അപൂർവ ജനിതക രോഗമായ ഡാനൺ ബാധിച്ച് ഹൃദയമാറ്റ ശസ്ത്രക്രിയക്കായി കാത്തിരിക്കുന്ന ദുർഗയുടെ ജീവിതം മൂന്നു മാസം മുൻപ് പുറത്തുവന്നിരുന്നു. പിന്നീട് നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഹൃദയം മാറ്റിവെക്കാനുള്ള തീരുമാനമായത്. എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയ​രോ​ഗ വിദ​ഗ്ധരായ ഡോ ജോർജ് വാളൂർ, ഡോ ജിയോ പോൾ, ഡോ രാഹുൽ സതീഷ് എന്നിവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകുന്നത്. അതേസമയം, എല്ലാ അവയവങ്ങളും ദാനം ചെയ്യാൻ ഷിബുവിൻ്റെ കുടുംബം സമ്മതിച്ചുവെന്ന് കെ സോട്ടോ പ്രതിനിധി നോബിൾ പറഞ്ഞു. ബന്ധുക്കൾ സമ്മതിച്ച ഉടൻ നേപ്പാൾ സ്വദേശിക്ക് നൽകി. ഇന്നലെയാണ് മസ്തിഷ്ക മരണം സംഭവിച്ചത്. എയർ ആംബുലൻസ് ആഭ്യന്തരവകുപ്പിൻ്റേതാണ്. സർക്കാർ സംവിധാനം കാര്യക്ഷമമായി പ്രവർത്തിച്ചുവെന്നും കുടുംബത്തോട് നന്ദി പറയുന്നുവെന്നും നോബിൾ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group