പാനൂരിലെ വടിവാള്‍ ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിൽ, യുഡിഎഫ് ഓഫീസ് ആക്രമിച്ചതിലും പൊലീസ് അന്വേഷണം
കണ്ണൂര്‍: കണ്ണൂർ പാനൂരിൽ വടിവാൾ സംഘം അക്രമം നടത്തിയ സംഭവത്തിൽ അഞ്ച് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. പാറാട് സ്വദേശികളായ അമൽ, ശ്രീജു, ജീവൻ, റെനീഷ്, സച്ചിൻ എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. രാമന്തളിയിൽ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിലും പയ്യന്നൂരിൽ യുഡിഎഫ് ഓഫീസിനുനേരെ അക്രമം നടത്തിയ സംഭവത്തിലും പ്രതികളെ പിടികൂടിയിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതായി പയ്യന്നൂർ പൊലീസ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ശനിയാഴ്ച വൈകിട്ട് കണ്ണൂര്‍ പാനൂരിൽ യുഡിഎഫിന്‍റെ ആഹ്ലാദപ്രകടനത്തിന് നേരെ വടിവാളുമായി സിപിഎം അക്രമം അഴിച്ചുവിട്ടത്. ലീഗ് പ്രവർത്തകരുടെ വീടുകളിൽ കയറിയ അക്രമികൾ ചിലർക്ക് നേരെ വാളുവീശി.
പാറാട് ടൗണിലുണ്ടായ കല്ലേറിൽ നിരവധി യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു. 25 വർഷങ്ങൾക്കുശേഷമാണ് കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ് പിടിച്ചത്. ഇതിന്‍റെ ഭാഗമായിട്ടാണ് പാറാട് ടൗണിൽ ആഹ്ലാദപ്രകടനം നടന്നത്. ഇതിനിടയിലേക്ക് വാഹനങ്ങളിൽ എത്തിയ സിപിഎം പ്രവർത്തകർ യുഡിഎഫുകാർക്ക് നേരെ പാഞ്ഞടക്കുകയായിരുന്നു. വ്യാപകമായ കല്ലേറുണ്ടായി. വടികൾ കൊണ്ട് ആളുകളെ ആക്രമിച്ചു. ഇതിനിടെ ലീഗ് ഓഫീസ് അടിച്ചു തകർത്തു. കല്ലേറിൽ പൊലീസ് ബസിന്‍റെ ചില്ലുകൾ തകർത്തു. ആൾക്കൂട്ടത്തിന് ഇടയിലേക്ക് സ്ഫോടക വസ്തുക്കളും എറിഞ്ഞു.
യുഡിഎഫ് പ്രവർത്തകരെ തെരഞ്ഞ് വടിവാളുമായി വീടുകളിലേക്ക് പാഞ്ഞു കയറി. ചിലർക്ക് നേരെ വാളോങ്ങുകയും ചെയ്തു. അരിശം തീരാഞ്ഞ് നിർത്തിയിട്ടിരുന്ന കാറും ബൈക്കും വെട്ടി പൊളിച്ചു. മണിക്കൂറുകളോളം പാറോടും പരിസരത്തും സിപിഎം അക്രമിസംഘം അഴിഞ്ഞാടുകയായിരുന്നു. വീടുകളിൽ എത്തുമ്പോൾ മുഖം മനസിലാവാതിരിക്കാൻ പാർട്ടികൊടി കൊണ്ട് മുഖം മറച്ചു. പൊലീസ് നോക്കി നിൽക്കെയായിരുന്നു കലാപസമാനമായ അക്രമങ്ങൾ. സംഭവത്തിൽ അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. കൊളവല്ലൂര്‍ പൊലീസാണ് കേസെടുത്തത്.
إرسال تعليق