'ഔദാര്യം വേണ്ട, ഞങ്ങൾ സ്വന്തം നിലയിൽ നടത്തും': തൊഴിലുറപ്പിലെ കേന്ദ്ര സർക്കുലർ കീറിയെറിഞ്ഞ് മമത ബാനർജി
കൊൽക്കത്ത: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച കേന്ദ്ര സർക്കാരിന്‍റെ പുതിയ മാർഗനിർദേശങ്ങൾ തള്ളി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പൊതുയോഗത്തിൽ കേന്ദ്ര സർക്കുലർ കീറിയെറിഞ്ഞാണ് മമത പ്രതിഷേധിച്ചത്. കൂച്ച് ബെഹാറിൽ നടന്ന തൃണമൂൽ കോൺഗ്രസിന്‍റെ റാലിയിലാണ് പുതിയ എംജിഎൻആർഇജിഎ മാനദണ്ഡങ്ങൾ വിവരിക്കുന്ന കേന്ദ്ര സർക്കുലർ മമത കീറിയെറിഞ്ഞത്.
പുതിയ മാനദണ്ഡങ്ങൾ അപമാനകരമാണെന്നാണ് മമത ബാനർജിയുടെ നിലപാട്. ദില്ലിയുടെ ഔദാര്യം തേടാതെ ബംഗാൾ സ്വന്തം നിലയിൽ തൊഴിലുറപ്പ് പദ്ധതി തുടരുമെന്ന് മമത പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തെ ദുർബലപ്പെടുത്താൻ ബി ജെ പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തൊഴിലുറപ്പ് ഫണ്ട് രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് മമത കുറ്റപ്പെടുത്തി. ത്രൈമാസ ലേബർ ബജറ്റ്, തൊഴിലാളികൾക്ക് നിർബന്ധിത പരിശീലനം തുടങ്ങിയ നിർദേശങ്ങൾ അസംബന്ധമാണെന്നാണ് മമത ബാനർജിയുടെ നിലപാട്.
എവിടെ സമയമെന്ന് മമത ബാനർജി
സമയ ക്രമത്തിന്‍റെ പ്രായോഗികതയാണ് മമത ബാനർജി ചോദ്യംചെയ്യുന്നത്. തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് കേന്ദ്രത്തിന്‍റെ പുതിയ നിർദേശങ്ങൾ എത്തിയതെന്ന് മമത ബാനർജി ചൂണ്ടിക്കാട്ടി- “എവിടെയാണ് സമയം? ഇത് ഡിസംബറാണ്. അടുത്ത വർഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. എന്നിട്ട് പരിശീലനം നൽകണമെന്ന് അവർ പറയുന്നു. എപ്പോൾ പരിശീലനം നൽകും? എപ്പോൾ ജോലി നൽകും? ഞങ്ങൾക്ക് നിങ്ങളുടെ ദയ വേണ്ട. ഇത് അവഹേളിക്കലാണ്. ബംഗാൾ ഒരിക്കലും തല കുനിച്ചിട്ടില്ല, ഇനി ഒരിക്കലും തല കുനിക്കുകയുമില്ല”. തൊഴിലുറപ്പ് ഫണ്ട് കേന്ദ്രം പുനരാരംഭിച്ചെങ്കിലും ബംഗാളിന് 51,627 കോടി രൂപ കുടിശ്ശികയുണ്ടെന്ന് മമത ബാനർജി പറഞ്ഞു. കേന്ദ്ര സർക്കാരുമായി മറ്റൊരു ഏറ്റുമുട്ടലിന് തയ്യാറെടുക്കുന്നു എന്ന സൂചനയാണ് മമത ബാനർജി പൊതുയോഗത്തിൽ നൽകിയത്.
Post a Comment