എല്ലാം സിസിടിവി കണ്ടു; കാസർകോട് പൊലീസിൻ്റെ വ്യാജ എഫ്ഐആറിനെതിരെ പരാതിയുമായി 19കാരി; എസ്ഐക്ക് കുരുക്ക്
കാസർകോട് :പ്രായപൂർത്തിയാകാത്ത സഹോദരൻ സ്കൂട്ടർ ഓടിച്ചെന്ന് ആരോപിച്ച് വാഹനത്തിൻ്റെ ഉടമയായ സഹോദരിക്കെതിരെ കേസെടുത്ത് പൊലീസ്. പൊലീസിൻ്റെ എഫ്ഐആർ തെറ്റെന്ന് കാസർകോട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി യുവതി. കാസർകോട് മേനങ്കോട് സ്വദേശിയായ 19കാരി മാജിദയാണ് തനിക്കെതിരെ വിദ്യാനഗർ പൊലീസെടുത്ത കേസിൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
കാസർകോട് ചെർക്കളയിൽ ഞായറാഴ്ച്ച വൈകിട്ടാണ് സംഭവം. പ്രായപൂർത്തിയാകാത്ത സഹോദരനെ പുറകിലിരുത്തി മാജിദയാണ് വാഹനം ഓടിച്ചത്. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങളിൽ ഇക്കാര്യം വ്യക്തമാണ്. ചെർക്കളയിൽ സ്കൂട്ടർ നിർത്തി മജിദയും സഹോദരനും സമീപത്തേക്ക് നടന്നു പോകുന്നതും ദൃശ്യത്തിലുണ്ട്. എന്നാൽ മാജിദയുടെ സഹോദരൻ ഒറ്റയ്ക്ക് തിരിച്ചുവന്ന് സ്കൂട്ടറിന് സമീപം നിന്ന സമയത്ത് ഇതുവഴി വന്ന പൊലീസ് വാഹനം ഇവിടെ നിർത്തി.
വാഹനം ഓടിച്ചത് ആരാണെന്ന് വ്യക്തത വരുത്തുന്നതിന് മുമ്പ് സ്കൂട്ടർ പിടിച്ചെടുത്ത് കേസ് രജിസ്റ്റർ ചെയ്തെന്നാണ് പരാതി. മാജിദയുടെ സഹോദരൻ സ്കൂട്ടർ ഓടിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യമാണ് പുറത്ത് വന്നത്. സംഭവത്തിൽ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി നിർദേശം നൽകി. കാസർകോട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി ഉണ്ടാകും. വിദ്യാനഗർ എസ്.ഐ അനൂപിന്റെ ഭാഗത്ത് വീഴ്‌ചയുണ്ടായെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഇത് വ്യക്തമായാൽ മാജിദക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കും
Post a Comment