Join News @ Iritty Whats App Group

75ന്റെ നിറവിൽ രജനികാന്ത്, വെള്ളിത്തിയിൽ സ്റ്റെല്‍ മന്നന്‍റെ 50 വർഷം

75ന്റെ നിറവിൽ രജനികാന്ത്, വെള്ളിത്തിയിൽ സ്റ്റെല്‍ മന്നന്‍റെ 50 വർഷം


തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ രജനികാന്തിന് ഇന്ന് എഴുപത്തി അഞ്ചാം പിറന്നാൾ. ബി​ഗ് സ്ക്രീനിൽ എത്തിയിട്ട് 50 വർഷം തികയുന്ന വേളയിലെത്തുന്ന പിറന്നാൾ ആയതുകൊണ്ടു തന്നെ പ്രിയ നടന്റെ ജന്മദിനം ആഘോഷമാക്കാന്‍ ആരാധകരും തയ്യാറെടുപ്പിലാണ്. സോഷ്യൽ മീഡിയയിൽ എല്ലാം #HBDSuperstarRajinikanth എന്ന ഹാഷ്ടാഗ് വൈറലായിട്ടുണ്ട്.

കര്‍ണ്ണാടക- തമിഴ്നാട് അതിര്‍ത്തിയിലുള്ള നാച്ചിക്കുപ്പം എന്ന ചെറുഗ്രാമത്തിലേക്ക് കുടിയേറിയ മാറാഠാ കുടുംബത്തിന്‍റെ പരമ്പരയിലാണ് രജനികാന്തിന്റെ ജനനം. പിന്നീട് തമിഴ്നാട്ടിലേക്ക് വന്നു. സിനിമയോടും അഭിനയത്തോടും ചെറുപ്പം മുതലുള്ള അടങ്ങാത്ത അഭിനിവേശമാണ് രജനിയിലെ നടന്‍ കൈമുതലാക്കിയത്. ബാംഗ്ലൂരിലെ ആചാര്യ പഠനശാലയിലും വിവേകാനന്ദ ബാലക് സംഘിലും ആയിരുന്നു രജനിയുടെ പഠനം. ശേഷം സിനിമയിൽ മുഖം കാണിക്കുകയെന്ന ആഗ്രഹവുമായാണ് ചെന്നൈയിലേക്ക് വണ്ടി കയറി. എന്നാൽ ഒരു ജോലി കണ്ടെത്താനാവാതിരുന്നതിനാല്‍ സിനിമ മോഹം ഉപേക്ഷിച്ച് തിരികെപ്പോകാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കി.

സിനിമാ മോഹവുമായി അലയുന്ന മകന് ഒരു ജോലി കിട്ടിയാൽ ജീവിതം മെച്ചപ്പെടുമെന്ന വീട്ടുകാരുടെ ധാരണ ബസ് കണ്ടക്ടർ ജോലിയിലേക്ക് രജനിയെ എത്തിച്ചു. കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലായിരുന്നു ജോലി. ഈ തിരക്കുകൾക്കിടയിലും നാടകങ്ങളിൽ അഭിനയിക്കാൻ രജനി സമയം കണ്ടെത്തി. പിന്നീട് മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ‍്യൂട്ടില്‍ അഭിനയം പഠിക്കാന്‍ രജനി ചേർന്നു. എന്നാൽ ആ വേളയിലും സിനിമയോടുള്ള രജനിയുടെ ആത്മാര്‍ഥത കുടുംബത്തിന് അംഗീകരിക്കാനായില്ല. പലരും നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചു. പക്ഷേ അയാൾ തോറ്റു പിന്മാറാന്‍ തയ്യാറായില്ല. കാരണം നടനാവുക എന്നത് രജനിയുടെ നിയോഗമായിരുന്നു.

കെ ബാലചന്ദറിന്‍റെ സംവിധാനത്തില്‍ 1975 ഓഗസ്റ്റ് 18ന് റിലീസായ അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് രജനികാന്ത് ബിഗ് സ്ക്രീന്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടക്കത്തില്‍ വില്ലന്‍ വേഷങ്ങളിലാണ് സിനിമാസ്വാദകര്‍ രജനിയെ കണ്ടത്. എന്നാൽ 1980കളില്‍ ഒരു അഭിനേതാവ് എന്ന നിലയിലുള്ള രജനിയുടെ വളര്‍ച്ചയ്ക്കും കോളിവുഡ് സാക്ഷ്യം വഹിച്ചു. നെട്രികണ്‍ എന്ന സിനിമയായിരുന്നു രജനിക്ക് ആദ്യ ബ്രേക്ക് നല്‍കിയത്. ശിവാജി റാവു ഗെയ്‍ക്വാഡ് എന്ന പേര് മാറ്റി രജനികാന്ത് എന്ന് വിളിച്ചതും ബാലചന്ദര്‍ ആയിരുന്നു.

എണ്‍പതുകള്‍ രജനിയിലെ താരത്തിന്‍റെ കുത്തനെയുള്ള വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചെങ്കില്‍ തൊണ്ണൂറുകളുടെ തമിഴ് തിരശ്ശീല ആ സൂപ്പര്‍സ്റ്റാറിന്‍റെ ആഘോഷമായിരുന്നു. രജനിയുടെ എക്കാലത്തെയും വലിയ ഹിറ്റുകളായ ദളപതി, മന്നന്‍, പാണ്ഡ്യന്‍, ബാഷ, മുത്തു, പടയപ്പ, അരുണാചലം എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങിയത് ഇക്കാലയളവിലാണ്. മന്നനും ബാഷയും പടയപ്പയുമെല്ലാം സിനിമാക്കൊട്ടകകളില്‍ ഉത്സവാന്തരീക്ഷം തന്നെ സൃഷ്‍ടിച്ചു. രജനി എന്ന പേരിന് എതിരില്ലാത്ത നിലയിലേക്ക് എത്തി ചലച്ചിത്ര വ്യവസായം.

തന്‍റെ അഭിനയ മികവ് തമിഴിൽ മാത്രം ഒതുക്കിയില്ല രജനി. തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ബംഗാളി ചിത്രങ്ങളിലും രജനി അഭിനയിച്ചു. 2002ല്‍ പുറത്തിറങ്ങിയ ബാബ ബോക്സോഫീസില്‍ തകര്‍ന്നുവീണതോടെ രജനിയുടെ കാലഘട്ടം അവസാനിച്ചുവെന്ന് എല്ലാവരും വിധിയെഴുതി. എന്നാല്‍ മൂന്നു വര്‍ഷത്തിന് ശേഷം പുറത്തിറങ്ങിയ ചന്ദ്രമുഖി എന്ന ചിത്രം ആ തീര്‍പ്പിനെ മാറ്റിയെഴുതി. മികച്ച വിജയം കരസ്ഥമാക്കിയാണ് ചന്ദ്രമുഖി തിയറ്റര്‍ വിട്ടത്. പിന്നീട് അങ്ങോട്ട് യന്തിരനും കബാലിയും കാലയും പേട്ടയും ദര്‍ബാറും അണ്ണാത്തെയുമെല്ലാം രജനി ആരാധകരെക്കൊണ്ട് തിയറ്ററുകൾ നിറച്ചു.

2000ത്തില്‍ പത്മഭൂഷണും, 2016ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം രജനിയെ ആദരിച്ചു. ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് ഇന്ത്യ മാസികയും രജനീകാന്തിനെ തെരഞ്ഞെടുത്തിട്ടുണ്ട്. 2021ല്‍ ദാദാസാഹേബ് ഫൽക്കെ പുരസ്കാരവും രജനിയെ തേടിയെത്തിയിരുന്നു. പിറന്നാളിനോട് അനുബന്ധിച്ച് 1999ല്‍ റിലീസ് ചെയ്ത് ബ്ലോക് ബസ്റ്ററായ പടയപ്പ ഇന്ന് വീണ്ടും തീയറ്ററുകളില്‍ എത്തും.

Post a Comment

أحدث أقدم
Join Our Whats App Group