ബംഗാളിൽ എസ്ഐആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; ഒഴിവാക്കിയത് 58 ലക്ഷം പേരെ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 58 ലക്ഷം പേരെ ഒഴിവാക്കി എസ്ഐആർ കരടു പട്ടിക.തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗാളിൽ വലിയ രാഷ്ട്രീയ കൊടുങ്കാറ്റായി മാറാനിടയുള്ള സംഭവമാണിത്. 24 ലക്ഷം പേർ 'മരിച്ചു' എന്നും 19 ലക്ഷം പേർ 'താമസം മാറി' എന്നും 12 ലക്ഷം പേർ 'കാണാനില്ല' എന്നും 1.3 ലക്ഷം പേർ 'ഇരട്ടവോട്ടുകൾ' എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കരട് പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ സ്പെഷ്യൽ ഇന്‍റൻസീവ് റിവിഷന്‍റെ ആദ്യ ഘട്ടം അവസാനിക്കുന്നു. കരട് പട്ടികയിൽ നിന്ന് അന്യായമായി പേരുകൾ ഒഴിവാക്കപ്പെട്ടവർക്ക് എതിർപ്പ് ഉന്നയിക്കാം. ഈ അപേക്ഷകളിൽ തീരുമാനമായ ശേഷം അടുത്ത വർഷം ഫെബ്രുവരിയിൽ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കും. 2002 ലാണ് ബംഗാളിൽ ഏറ്റവും ഒടുവിൽ എസ്‌ഐആർ നടത്തിയത്.
കരട് പട്ടിക പുറത്തുവന്നതോടെ ബംഗാളിൽ എസ്‌ഐആറിനെതിരെയുള്ള പ്രതിഷേധം രൂക്ഷമാക്കാൻ സാധ്യതയുണ്ട്. മുഖ്യമന്ത്രി മമത ബാനർജി തുടക്കം മുതൽ എസ്ഐആർ പ്രക്രിയയ്ക്ക് എതിരാണ്. തെരഞ്ഞെടുപ്പിന് മുമ്പ് ലക്ഷക്കണക്കിന് വോട്ടർമാരുടെ പേരുകൾ എസ്‌ഐആറിലൂടെ വെട്ടിമാറ്റാൻ കേന്ദ്രവും തെരഞ്ഞെടുപ്പ് കമ്മീഷനും ശ്രമിക്കുകയാണെന്ന് മമത ആരോപിക്കുന്നു.
എസ്ഐആറിനെതിരെ മമത
ബംഗാളിലെ കൃഷ്ണനഗറിൽ നടന്ന റാലിയിൽ, വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്താൽ തെരുവിലിറങ്ങാൻ മമത ബാനർജി ജനങ്ങളോട് ആഹ്വാനം ചെയ്തു. "എസ്‌ഐആറിന്റെ പേരിൽ നിങ്ങൾ അമ്മമാരുടെയും സഹോദരിമാരുടെയും അവകാശങ്ങൾ കവർന്നെടുക്കുമോ? തെരഞ്ഞെടുപ്പ് സമയത്ത് അവർ ദില്ലിയിൽ നിന്ന് പൊലീസിനെ കൊണ്ടുവന്ന് അമ്മമാരെയും സഹോദരിമാരെയും ഭീഷണിപ്പെടുത്തും. അമ്മമാരേ, സഹോദരിമാരേ, നിങ്ങളുടെ പേരുകൾ വെട്ടിക്കളഞ്ഞാൽ, നിങ്ങൾക്ക് ശക്തിയുണ്ട്, അല്ലേ? നിങ്ങളുടെ പേരുകൾ വെട്ടിക്കളഞ്ഞാൽ നിങ്ങൾ അത് പാസാക്കാൻ അനുവദിക്കില്ല, അല്ലേ? സ്ത്രീകൾ മുന്നിൽ പോരാടും. പുരുഷന്മാർ അവർക്കു പിന്നിൽ അണിനിരക്കും"- എന്നാണ് മമത ബാനർജി പറഞ്ഞത്
അതേസമയം അനധികൃത കുടിയേറ്റക്കാർ ഉൾപ്പെടെയുള്ള വോട്ട് ബാങ്ക് സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് മമത ബാനർജി എസ്ഐആറിനെ എതിർക്കുന്നതെന്ന് ബിജെപി ആരോപിച്ചു. മരിച്ചവരുടെയും വ്യാജ വോട്ടർമാരുടെയും നിയമവിരുദ്ധ വോട്ടർമാരുടെയും പേരുകൾ നീക്കം ചെയ്താൽ അധികാരം നഷ്ടപ്പെടുമെന്ന് ഭയന്ന് മമത ബാനർജി കോലാഹലം സൃഷ്ടിക്കുകയാണ്. ബിജെപിയുമായി തൃണമൂലിന് 22 ലക്ഷം വോട്ടുകളുടെ വ്യത്യാസമേയുള്ളൂവെന്ന് നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു. ജോലി സമ്മർദ്ദം മൂലം ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒമാർ) ജീവനൊടുക്കിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈകളിൽ രക്തം പുരണ്ടിട്ടുണ്ടെന്ന് മമത പറഞ്ഞു.
രാജസ്ഥാൻ, ഗോവ, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ കരട് വോട്ടർ പട്ടികയും ഇന്ന് പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന ലിസ്റ്റിൽ പേരുണ്ടോയെന്ന് വോട്ടർമാർക്ക് പരിശോധിക്കാം. രാഷ്ട്രീയ പാർട്ടികൾക്കും വോട്ടർ പട്ടിക കൈമാറും. ഒഴിവാക്കിയവരുടെ പട്ടികയും പ്രസിദ്ധീകരിക്കും.
إرسال تعليق