Join News @ Iritty Whats App Group

'ക്രിസ്ത്യാനി തന്ന 400 രൂപയും മുസ്ലീ തന്ന 2000 രൂപയും; ഹിന്ദു പെണ്ണിന്റെ കഴുത്തില്‍ ഞാൻ അന്ന് താലിചാര്‍ത്തി'

'ക്രിസ്ത്യാനി തന്ന 400 രൂപയും മുസ്ലീ തന്ന 2000 രൂപയും; ഹിന്ദു പെണ്ണിന്റെ കഴുത്തില്‍ ഞാൻ അന്ന് താലിചാര്‍ത്തി'


സിനിമയിലും ജീവിതത്തിലും ഭാര്യ വിമല നല്‍കുന്ന പിന്തുണയെയും സ്‌നേഹത്തെയുംകുറിച്ചും ശ്രീനിവാസൻ പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്.


രജിസ്റ്റർ ഓഫീസില്‍ വച്ച്‌ നടന്ന ലളിതമായ വിവാഹച്ചടങ്ങിലാണ് വിമല ശ്രീനിവാസന്റെ ജീവിതത്തിലേക്ക് കൈപിടിച്ചെത്തുന്നത്. അസുഖബാധിതനായി വിശ്രമ ജീവിതം നയിക്കുമ്ബോഴും ശ്രീനിവാസന് എല്ലാ പിന്തുണയും നല്‍കിയ ഭാര്യ വിമലയ്ക്ക് അപ്രതീക്ഷിതമായ ഭർത്താവിന്റെ വേർപാട് വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.

അദ്ധ്യാപകനായി ജോലി ചെയ്യുന്ന സമയത്താണ് ശ്രീനിവാസൻ വിമലയെ ആദ്യമായി പരിചയപ്പെടുന്നത്. ഡിഗ്രി പാസായ ശ്രീനിവാസൻ ആദ്യം വരുമാനത്തിനായി ആശ്രയിച്ചിരുന്നത് പാരലല്‍ കോളേജിലെ അദ്ധ്യാപക ജോലിയെയാണ്. കതിരൂരുള്ള ഓവർ കോളേജിലായിരുന്നു പഠിപ്പിച്ചിരുന്നത്. വീട്ടില്‍ നിന്ന് കോളേജിലേക്ക് നടന്ന് വേണം പോകാൻ. ആ യാത്രയില്‍ വച്ചാണ് ശ്രീനിവാസൻ ആദ്യമായി വിമലയെ കണ്ടുമുട്ടുന്നത്. നിർമലഗിരി കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുകയായിരുന്നു വിമല. ആ യാത്രയിലെ കണ്ടുമുട്ടലാണ് ഇരുവരെയും അടുപ്പിച്ചത്.

പരസ്പരം കണ്ട് സംസാരിച്ച്‌ പ്രണയത്തിലായെങ്കിലും, വീട്ടിലെ സാഹചര്യം ശ്രീനിവാസനെകൊണ്ട് വിവാഹം എന്ന ചിന്തയിലേക്ക് അടുപ്പിച്ചില്ല. അന്ന് മിക്ക ദിവസങ്ങളിലും വിമലയെ കണ്ട് സംസാരിക്കും. ആ സമയത്താണ് അഡയാർ ഫിലിം ഇൻസ്റ്റ്യൂട്ടില്‍ നിന്ന് ശ്രീനിവാസന് വിളി വരുന്നത്. ഈശ്വരവിശ്വാസം ഇല്ലെങ്കിലും ശ്രീനിവാസൻ അന്ന് വിമലയോട് പറഞ്ഞത്, ഇന്റർവ്യൂ പാസാകാൻ പ്രാർത്ഥിക്കണമെന്നാണ്. എന്നാല്‍ അന്ന് വിമല പറഞ്ഞത് നിങ്ങള്‍ക്ക് കിട്ടാതിരിക്കാൻ പ്രാർത്ഥിക്കുമെന്നും. പിന്നീട് ഒരു അഭിമുഖത്തില്‍ വിമല പ്രാർത്ഥിച്ചിട്ടുണ്ടാകണം, അതുകൊണ്ടാണ് തനിക്ക് അവിടെ പഠിക്കാൻ അവസരം കിട്ടിയതെന്ന് ശ്രീനിവാസൻ പറഞ്ഞിരുന്നു.

അഡയാറില്‍ സിനിമ പഠനം നടക്കുമ്ബോഴും, വിമല ഇങ്ങ് ദൂരെ ശ്രീനിവാസനായി കാത്തിരിക്കുന്നുണ്ടായിരുന്നു. അവരുടെ ആശയ വിനിമയം കത്തിലൂടെയായി. വലിയ സാമ്ബത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്ന ശ്രീനിവാസൻ, തന്റെ വീടും പറമ്ബുമൊക്കെ ജപ്തി ചെയ്തതിന് ശേഷമായിരുന്നു വിമലയെ വിവാഹം കഴിച്ചത്. 1983 ജനുവരി 13ന് വെള്ളിയാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് മൂന്ന് ദിവസം മുമ്ബായിരുന്നു ശ്രീനിവാസൻ നാട്ടിലെത്തുന്നത്. ഒരു സുഹൃത്തിനൊപ്പം വന്ന് വെള്ളിയാഴ്ചയാണ് വിവാഹമെന്ന് വിമലയെ അറിയിക്കുകയായിരുന്നു.

'ഒരു കഥ ഒരു നുണക്കഥ' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് വിവാഹത്തിനായുള്ള തയ്യാറെടുപ്പുകള്‍ നടന്നത്. ഈ ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ഇന്നസെന്റ് കയ്യില്‍ വച്ച്‌ തന്നെ 400 രൂപയായിരുന്നു ശ്രീനിവാസന്റെ കയ്യില്‍ ആകെയുണ്ടായിരുന്ന സമ്ബാദ്യം. ആ പണം കൊണ്ടാണ് കല്ല്യാണ പെണ്ണിനുവേണ്ട സാരിയും മറ്റും വാങ്ങിയത്. എന്നാല്‍ വിവാഹത്തിന് സ്വർണമാലയും താലിയും വേണമെന്ന് അമ്മ പറഞ്ഞതോടെ ശ്രീനിവാസൻ ശരിക്കും ബുദ്ധിമുട്ടി. അന്നത്തെ കാലത്ത് സ്വർണമാലയെ കുറിച്ച്‌ ശ്രീനിവാസന് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല.

അപ്പോഴാണ് കണ്ണൂരില്‍ വച്ച്‌ മമ്മൂട്ടി നായകനാകുന്ന 'അതിരാത്രം' എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നുണ്ടെന്ന് ഓർത്തത്. കുറച്ച്‌ പണം കൂടി സംഘടിപ്പിക്കാൻ മമ്മൂട്ടിയെ ഒന്ന് കാണാൻ ശ്രീനിവാസൻ തീരുമാനിച്ചു. മമ്മൂട്ടി താമസിച്ചിരുന്ന ഹോട്ടലിലെത്തി വാതില്‍ തുറന്നതും 'നാളെ എന്റെ കല്ല്യാണമാണ്'. 'നാളെയോ' എന്ന് മമ്മൂട്ടി ചോദിച്ചു. 'എനിക്കൊരു രണ്ടായിരം രൂപ വേണം, ആരെയും വിളിക്കുന്നില്ല, രജിസ്റ്റർ വിവാഹമാണെന്ന്' മമ്മൂട്ടിയോട് പറഞ്ഞു.

ഉടനെ രണ്ടായിരം രൂപയെടുത്തുതന്നിട്ട് മമ്മൂട്ടി പറഞ്ഞു കല്യാണത്തിന് ഞാനും വരുമെന്ന്. അതുകേട്ടതും 'കല്യാണത്തിന് വരരുത്, വന്നാല്‍ കല്യാണം മുടങ്ങും' എന്ന് ശ്രീനിവാസൻ പറഞ്ഞു. ഉറപ്പായും വരുമെന്ന് അദ്ദേഹവും പറഞ്ഞു. 'ആരെയും അറിയിക്കാതെ രജിസ്റ്റർ വിവാഹം നടത്താനാണ് തീരുമാനം, എന്നെ ഇവിടെ ആർക്കും അറിയില്ല. എന്നാല്‍ താങ്കള്‍ അതുപോലെയല്ല, വലിയൊരു താരമാണ്. വിവാഹത്തിന് താങ്കള്‍ വന്നാല്‍ വിവാഹം എല്ലാവരും അറിയും. അതുകൊണ്ട് താങ്കള്‍ വിവാഹത്തിന് വരരുത്' എന്ന് ശ്രീനിവാസൻ പറഞ്ഞു. ഒടുവില്‍ മമ്മൂട്ടി വരില്ലെന്ന് സമ്മതിച്ചു.

മമ്മൂട്ടി തന്ന പണം കൊണ്ടാണ് ശ്രീനിവാസൻ സ്വർണ താലി വാങ്ങിയത്. രജിസ്റ്റർ ഓഫീസിന്റെ വരാന്തയില്‍വച്ച്‌ താലികെട്ടും നടത്തി. ഒരു ക്രിസ്ത്യാനി തന്ന 400 രൂപയും മുസ്ലീമായ മമ്മൂട്ടി തന്ന 2000 രൂപയും കൊണ്ട് ഒരു ഹിന്ദു പെണ്ണിന്റെ കഴുത്തില്‍ താലിചാർത്തി, ഇങ്ങനെയായിരുന്നു തന്റെ വിവാഹം നടന്നതെന്ന് ശ്രീനിവാസൻ പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group