കർമഫലം..! കർമയോദ്ധയുടെ തിരക്കഥ മോഷ്ടിച്ചത്; മേജർ രവി 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; ലൊക്കേഷനിൽ കളഞ്ഞ സീനുകൾ പകർത്തിയെഴുതിയതെന്ന വാദം പൊളിഞ്ഞു
കോട്ടയം: മോഹന്‍ലാല്‍ നായകനായി മേജര്‍ രവി സംവിധാനം ചെയ്ത കര്‍മയോദ്ധ സിനിമയുടെ തിരക്കഥ അപഹരണമെന്ന് കോട്ടയം കൊമേഴ്സ്യല്‍ കോടതി വിധിച്ചു.
2012 ഡിസംബറില്‍ റിലീസ് ചെയ്ത കര്‍മയോദ്ധയുടെ കഥയും തിരക്കഥയും സംഭാഷണവും അനുമതിയില്ലാതെ ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന തിരക്കഥാകൃത്ത് റെജി മാത്യുവിന്റെ പരാതി പരിഗണിച്ചാണ് ജഡ്ജി ഡി.എ. മനീഷ് വിധി പ്രസ്താവിച്ചത്.
റിലീസ് ചെയ്യുന്നതിന് ഒരു മാസം മുമ്പ് റിലീസ് തടയണമെന്നാവശ്യപ്പെട്ട് റെജി മാത്യു കോടതിയെ സമീപിച്ചിരുന്നു.ആ സമയം അഞ്ചു ലക്ഷം രൂപ കോടതിയില്‍ കെട്ടിവച്ച് സിനിമ റിലീസ് ചെയ്യാന്‍ കോടതി അനുവദിച്ചിരുന്നു.
എന്നാല്‍ ഉത്തരവിനു വിരുദ്ധമായി തിരക്കഥാകൃത്തുക്കള്‍ എന്ന് അവകാശപ്പെട്ട എസ്.വി. ഷാജി, സുമേഷ് വി. റോബിന് എന്നിവരുടെ പേര് ചേര്‍ത്ത് റിലീസ് ചെയ്തു പ്രദര്‍ശിപ്പിച്ചെന്ന് വ്യക്തമാക്കി 40 ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ചും തിരക്കഥയും സംഭാഷണവും തന്റേതാണെന്നു പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് റെജി കോടതിയെ സമീപിച്ചത്.
ഒന്നാം പ്രതിയായി മേജര്‍ രവിയെയും രണ്ടാം പ്രതിയായി റെഡ് റോസ് കമ്പയിന്‍സ് പ്രൊഡക്ഷന്‍ സ്ഥാപനം ഉടമ ഹനീഫ് മുഹമ്മദിനെയും ചേര്‍ത്തിരുന്നു. തിരക്കഥാകൃത്തുക്കളെന്ന് അവകാശപ്പെട്ട ഷാജി, സുമേഷ് എന്നിവര്‍ യഥാക്രമം മൂന്നും നാലും പ്രതികളായിരുന്നു.
റെജി മാത്യു ഹര്‍ജിക്കൊപ്പം കഥാസംക്ഷിപ്തവും തിരക്കഥയുടെയും സംഭാഷണത്തിന്റെയും കൈയെഴുത്തു പ്രതികളും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സിനിമ ഷൂട്ട് ചെയ്ത വേളയില്‍ താന്‍ എറിഞ്ഞു കളഞ്ഞ സീനുകള്‍ ലൊക്കേഷനില്‍നിന്നും സംഘടിപ്പിച്ച് റെജി പകര്‍ത്തി എഴുതിയതാണെന്നായിരുന്നു മേജര്‍ രവിയുടെ വാദം.
കഥയും തിരക്കഥയും സംഭാഷണവും റെജി മാത്യുവിന്റേതാണെന്ന് കണ്ടെത്തിയ കോടതി മേജര്‍ രവി ഉള്‍പ്പെടെ പ്രതികളോട് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ വിധി പ്രസ്താവിക്കുകയും ചെയ്ത ു.
Post a Comment