സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്‌ട്ര മഹാ സമ്മേളനം : ജിഫ്‌രി തങ്ങള്‍ നയിക്കുന്ന ശതാബ്‌ദി യാത്ര 27 ന് കണ്ണൂര്‍ ജില്ലയില്‍
കണ്ണൂർ :ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ" എന്ന പ്രമേയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഐതിഹാസികമായ നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനം 2026 ഫെബ്രുവരി 4 മുതല്‍ 8 വരെ കാസർഗോഡ് കുണിയ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ വെച്ച് നടക്കുകയാണ്.സമ്മേളനത്തിന്റെ സന്ദേശ പ്രചരണാർത്ഥം ഡിസംബർ 19 ന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച് മൂന്ന് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് മംഗലാപുരത്ത് സമാപിക്കുന്ന സമസ്ത പ്രസിഡന്റ് സയ്യിദുല്‍ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന സമസ്ത ശതാബ്ദി യാത്ര ഡിസംബർ 27 ന് ശനിയാഴ്ച കണ്ണൂരില്‍ എത്തിച്ചേരും.
രാവിലെ 11:30 ന് പെരിങ്ങത്തൂർ അലിയ്യൂല്‍ കൂഫി (റ) മഖാം സിയാറത്തിന് ശേഷം സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ജില്ലാ നേതാക്കള്‍ പെരിങ്ങത്തൂർ പാലത്തിന് സമീപത്ത് വെച്ച് സ്വീകരിക്കും.വൈകുന്നേരം 4:00 മണിക്ക് വാരത്ത് വെച്ച് നിരവധി വാഹനങ്ങളുടെ അകമ്ബടിയോടുകൂടി കണ്ണൂർ ജവഹർ സ്റ്റേഡിയത്തിനടുത്ത് എത്തിച്ചേരും. അവിടെ നിന്ന് പതാകയേന്തിയ 100 എസ് കെ എസ് എസ് എഫ് പ്രവർത്തകർ 300 ഖിദ്മ പ്രവർത്തകർ 100 ആമില,വിഖായ പ്രവർത്തകർ ദഫ് മുട്ട് ,സ്കൗട്ട് ,ഫ്ലവർ ഷോ അകമ്ബടിയോടുകൂടി പൊതുസമ്മേളന നഗരിയായ കണ്ണൂർ ടൗണ്‍ സ്ക്വയറിന് മുൻവശം പ്രത്യേകം സജ്ജമാക്കിയ ശംസുല്‍ ഉലമ നഗരിയിലേക്ക് എത്തിച്ചേരും.
വൈകുന്നേരം 4 30ന് പൊതുസമ്മേളനം സ്വാഗതസംഘം ചെയർമാനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററുമായ പി പി ഉമർ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ കേരള തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡണ്ട് അഡ്വക്കറ്റ് സണ്ണി ജോസഫ് എം എല്‍ എ , മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വക്കറ്റ് അബ്ദുല്‍ കരീം ചേലേരി എന്നിവർ അതിഥികളാവും. സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് എ ഉമർ കോയ തങ്ങള്‍ പ്രാരംഭ പ്രാർത്ഥനക്ക് നേതൃത്വം നല്‍കും. സമസ്ത പ്രസിഡന്റ് സയ്യിദുല്‍ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ സമ്മേളന സന്ദേശം നല്‍കും. ജാഥ ഉപ നായകന്മാരായ എം.ടി അബ്ദുല്ല മുസ്‌ലിയാർ,പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ , സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ , കേന്ദ്ര മുശാവറ അംഗമായ ടി,എസ് ഇബ്രാഹിം മുസ്‌ലിയാർ തുടങ്ങിയവർ പ്രസംഗിക്കും.
സമസ്ത പോഷക ഘടകം നേതാക്കളായ, സയ്യിദ് മുഹമ്മദ് ഹുസൈൻ തങ്ങള്‍ കാങ്കോല്‍ , സയ്യിദ് മഹമൂദ് സഫ്‌വാൻ തങ്ങള്‍ , സയ്യിദ് കെ.പി.പി തങ്ങള്‍ , കെ.കെ മുഹമ്മദ് ദാരിമി അരിയില്‍, അബ്ദുറഹ്മാൻ കല്ലായി , സിറാജുദ്ദീൻ ദാരിമി കക്കാട്, അസ്‌ലംഅസ്ഹരി പൊയ്ത്തുംകടവ് തുടങ്ങിയവർ സംബന്ധിക്കും.വാർത്താ സമ്മേളനത്തില്‍ സ്വാഗതസംഘം ട്രഷറർ സയ്യിദ് അസ്‌ലം തങ്ങള്‍ അല്‍ മഷ്ഹൂർ, സമസ്ത കേന്ദ്ര മുശാവറ അംഗം കെ മുഹമ്മദ് ശരീഫ് ബാഖവി വേശാല, സ്വാഗതസംഘം വൈസ് ചെയർമാൻ മാണിയൂർ അബ്ദുറഹ്മാൻ ഫൈസി, വർക്കിംഗ് കണ്‍വീനർ എ.കെ അബ്ദുല്‍ ബാഖി പാപ്പിനിശ്ശേരി, പബ്ലിസിറ്റി ചെയർമാൻ സിദ്ദീഖ് ഫൈസി വെണ്‍മണല്‍ എന്നിവർ സംബന്ധിച്ചു
إرسال تعليق