Join News @ Iritty Whats App Group

വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് വിനേഷ് ഫോഗട്ട് വീണ്ടും ഗോദയിലേക്ക്, ലക്ഷ്യം 2028 ലോസാഞ്ചൽസ് ഒളിംപിക്സ്

വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് വിനേഷ് ഫോഗട്ട് വീണ്ടും ഗോദയിലേക്ക്, ലക്ഷ്യം 2028 ലോസാഞ്ചൽസ് ഒളിംപിക്സ്


ദില്ലി:വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് വീണ്ടും ഗോദയിലിറങ്ങാന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട്. 2028ലെ ലോസാൽസ് ഒളിംപിക്സ് ലക്ഷ്യമിട്ടാണ് 31കാരിയായ വിനേഷിന്‍റെ തിരിച്ചുവരവ്. നിർഭയമായ ഹൃദയവും കീഴടങ്ങാൻ കൂട്ടാക്കാത്ത ആത്മവീര്യവുമായി തിരിച്ചുവരുന്നു എന്ന് വിനേഷ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. പ്രോത്സാഹിപ്പിക്കാൻ ഇത്തവണ മകനും ഒപ്പമുണ്ടാകുമെന്നും വിനേഷ് പറഞ്ഞു.

പാരീസ് ഒളിംപിക്സിലൂടെ എല്ലാം അവസാനിച്ചോ എന്ന് പലരും ചോദിച്ചിരുന്നു. എന്നാല്‍ ഒരു തീരുമാനമെടുക്കാന്‍ എനിക്ക് സമയം വേണമായിരുന്നു. കാരണം, എന്നിലുള്ള അമിതപ്രതീക്ഷയും സമ്മര്‍ദ്ദവുമെല്ലാം എനിക്ക് മറികടക്കണമായിരുന്നു.അതുകൊണ്ട് തന്നെ ആദ്യ മാസങ്ങളില്‍ ശരിക്കൊന്നു ശ്വാസമെടുക്കാനും വിശ്രമിക്കാനുമാണ് ഞാനുപയോഗിച്ചത്.എന്നാല്‍ ഇത്രയും നാളത്തെ നിശബ്ദദതില്‍ ഈ കായികയിനത്തിനോടുള്ള എന്‍റെ സ്നേഹം ഞാന്‍ തിരിച്ചറിഞ്ഞുവെന്ന് വിനേഷ് പറഞ്ഞു. ഗുസ്തി താരം തന്നെയായ സോംവീര്‍ റാത്തിയെ വിവാഹം കഴിച്ച വിനേഷ് ഈ വര്‍ഷം ജൂലൈയിലാണ് ആണ്‍കുട്ടിയുടെ അമ്മയായത്.

പാരിസ് ഒളിമ്പിക്സ് മെഡൽ നഷ്ടത്തിന് പിന്നാലെയാണ് വിനേഷ് ഗുസ്തിയില്‍ നിന്ന് വിരമിച്ചിച്ചത്. പിന്നീട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ വിനേഷ് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുകയും എംഎൽഎ ആയി തെരഞ്ഞെടുക്കപ്പടുകയും ചെയ്തിരുന്നു. 6015 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു ജുലാനയിൽ നിന്ന് വിനേഷിന്‍റെ ജയം.

പാരീസ് ഒളിംപിക്സില്‍ ഗുസ്തിയില്‍ ഫൈനലിലെത്തിയ വിനേഷ് അമിത ഭാരത്തിന്‍റെ പേരില്‍ അയോഗ്യയാക്കപ്പെടുകയായിരുന്നു. സ്വര്‍ണ മെഡല്‍ പോരാട്ടത്തിന് തൊട്ടു മുമ്പ് ശരീര ഭാരം 100 ഗ്രാം കൂടുതലാണെന്ന കാരണത്താലാണ് വിനേഷിനെ അയോഗ്യയാക്കിയിയത്. അയോഗ്യതക്കെതിരെ വിനേഷ് നല്‍കിയ അപ്പീല്‍ കായിക തര്‍ക്കപരിഹാര കോടതിയും തള്ളിയിരുന്നു. പാരീസ് ഒളിംപിക്സില്‍ 50 കിലോ ഗ്രാം വിഭാഗത്തില്‍ മത്സരിച്ച വിനേഷ് ആദ്യ മത്സരത്തിൽ നിലവിലെ ഒളിംപിക് ചാമ്പ്യനായ എണ്‍പത്തിനാലു മത്സരങ്ങളിൽ തോൽവിയറിയാതെ വന്ന ജാപ്പനീസ് താരത്തെ വീഴ്ത്തി. ക്വാർട്ടറിൽ യൂറോപ്യൻ ചാമ്പ്യനെയും സെമിയിൽ പാൻ അമേരിക്കൻ ജേതാവിനെയും തോല്‍പിച്ചായിരുന്നു വിനേഷ് ഫൈനലിന് യോഗ്യത നേടിയത്. കയ്യെത്തും ദൂരത്തെത്തിയ ഒളിംപിക് മെഡൽ കൈവിട്ടു പോയതിന് പിന്നാലെയായിരുന്നു വിനേഷ് വിരമിക്കല്‍ പ്രഖ്യാപിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്.


ലൈംഗിക പീഡന പരാതി നേരിട്ട ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിനേഷിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ഗുസ്തി താരങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചതും ഒളിംപിക് മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ തുനിഞ്ഞതും ലോക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group