2020-ൽ സാമൂഹിക അകലവും മാസ്കും ധരിച്ചൊരു ഇലക്ഷൻ; വീണ്ടുമൊരു തദ്ദേശ തെരഞ്ഞെടുപ്പു വരുമ്പോൾ ആവേശത്തോടെ ജനങ്ങൾ
പത്തനംതിട്ട: 2020ലെ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് നടന്നത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ്. സാമൂഹിക അകലവും മാസ്കും നിർബന്ധമായിരുന്ന കാലഘട്ടത്തിൽ കോവിഡ് പോസിറ്റീവായവർ പിപിഇ കിറ്റ് ധരിച്ചാണ് പോളിംഗ് ബൂത്തുകളിലെത്തിയത്. കോവിഡ് ബാധിതരെ എത്തിച്ച് വോട്ട് ചെയ്യിപ്പിച്ചതും പ്രത്യേക സംവിധാനങ്ങളോടെയാണ്.
കോവിഡ് ബാധിതർ വോട്ട് ചെയ്യാനെത്തുന്പോൾ പോളിംഗ് ഉദ്യോഗസ്ഥരും പിപിഇ കിറ്റ് ധരിച്ച് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എല്ലാ വോട്ടർമാരും മാസ്ക് ധരിച്ചു വേണം പോളിംഗ് ബൂത്തിലെത്താനെന്നുള്ളത് നിർബന്ധമായിരുന്നു. സാമൂഹിക അകലവും നിർബന്ധമാക്കിയിരുന്നു. വോട്ടർമാർ കൂടുതലുള്ള സ്ഥലങ്ങളിൽ അധിക ബൂത്തുകളും ക്രമീകരിച്ചു നൽകി.
പോളിംഗ് ശതമാനത്തെയും കോവിഡ് ബാധിച്ചിരുന്നു. സംസ്ഥാനത്താകമാനം 75.99 ശതമാനം പോളിംഗാണ് 2020ലെ തദ്ദേശ സ്ഥാപന വോട്ടെടുപ്പിൽ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കുറവ് പോളിംഗ് നടന്നതാകട്ടെ പത്തനംതിട്ടയിലാണ്. 69.72 ശതമാനം. 10,78,647 വോട്ടർമാർ പട്ടികയിൽ ഉണ്ടായിരുന്നതിൽ 7,50,216 പേരാണ് പോളിംഗ് ബൂത്തിലെത്തിയത്.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 69.7 ശതമാനവും നഗരസഭകളിൽ 69.83 ശതമാനവും പോളിംഗ് നടന്നു. പുരുഷ വോട്ടർമാരിൽ 70.73 ശതമാനവും സ്ത്രീകളിൽ 68.85 ശതമാനവും പോളിംഗ് ബൂത്തുകളിലെത്തി.
2015ൽ 72.15 ശതമാനമായിരുന്നു ജില്ലയിൽ തദ്ദേശ സ്ഥാപന പോളിംഗ്. പഞ്ചായത്തുകളിൽ 72.89 ശതമാനവും നഗരസഭകളിൽ 72.14 ശതമാനവും വോട്ടർമാർ ബൂത്തുകളിലെത്തി.
إرسال تعليق